തന്റെ ചടുലമായ നൃത്തവും വേറിട്ട അഭിനയ ശൈലിയും കൊണ്ട് ഒരുകാലഘട്ടത്തെ കയ്യിലെടുത്ത നടനാണ് രവീന്ദ്രന്. തമിഴിലും സജീവമായിരുന്ന രവീന്ദ്രന് പിന്നീട് സിനിമയില്‍ നിന്നെല്ലാം വിട്ട് കോര്‍പ്പറേറ്റ് ബിസിനസ് രംഗത്തേക്ക് കടക്കുകയായിരുന്നു. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ രവീന്ദ്രന് തിരിച്ചുവരവില്‍ ഇടുക്കി ഗോള്‍ഡ് പോലുള്ള ചിത്രങ്ങളിലൂടെ സജീവ സാന്നിധ്യമായി മാറുകയായിരുന്നു. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും ഇടവേളയെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് രവീന്ദ്രന് ഗൃഹലക്ഷ്മിയ്ക്ക് നല്കിയ അഭിമുഖത്തി.
താരത്തിന്റെ വാക്കുകൾ :
ഞാന്‍ തമിഴ് സിനിമയിലൂടെയാണ് വന്നത്. അവിടെ വന്‍ വിജയങ്ങള്‍ നേടിയതിനാല്‍ എന്നെയൊരു തമിഴ് നടനായാണ് പിന്നീട് കണ്ടത്. അന്ന് ഇന്ത്യയിലെ തന്നെ വലിയ നിര്‍മ്മാണ കമ്പനികളായ എവിഎം, ദേവര്‍ ഫിലിംസ്, വിജയവാഹിനി തുടങ്ങിയവര്‍ക്കൊപ്പമാണ് ഞാന്‍ സിനിമകള്‍ ചെയ്തത്. ഐവി ശശി, ഹരിഹരന്, കെ ബാലചന്ദര്‍, എസ്പി മുത്തുരാമന് തുടങ്ങിയവര്‍ക്കൊപ്പം സിനിമ ചെയ്യാനായി. ഐവി ശശിയുടെ സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്.
പിന്നീട് മദ്രാസിലെ മോന് എന്ന പടം വലിയ ഹിറ്റായി മാറി. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമയായിരുന്നു അത്. മദ്രാസിലെ മോന് അറിയപ്പെട്ട റെനി എന്റെ അടുത്ത സുഹൃത്തായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം പിരിഞ്ഞ് മാസങ്ങള്‍ക്കകമാണ് കരിക്കിന് വില്ല കൊലപാതക കേസില്‍ അവനെ അറസ്റ്റ് ചെയ്ത വാര്‍ത്ത കേള്‍ക്കുന്നത്. പിന്നീട് സിനിമയില്‍ ആ കഥാപാത്രമായി എനിക്ക് തന്നെ സാധിച്ചുവെന്നത് യാദൃശ്ചികതയാവാം. ആ സിനിമ ഇറങ്ങി 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞങ്ങളുടെ സൗഹൃദത്തിന്റെ കഥ ജനം അറിഞ്ഞത്.
പപ്പയുടെ സ്വന്തം അപ്പൂസ് ഇറങ്ങി വലിയ ഹിറ്റായപ്പോള്‍ എന്റെ അമ്മയ്ക്ക് ഞാന്‍ അഭിനയം നിര്‍ത്തണമെന്നായിരുന്നു ആഗ്രഹം. കാരണം അമ്മയുടെ അടുത്ത് വരുന്ന രോഗികള്‍ പറഞ്ഞിരുന്നത്, ‘ഡോക്ടറെന്ത് പാവമാണ് എന്നാല്‍ മോന് എന്തൊരു ദുഷ്ടനാണെന്ന് അറിയാമോ. പപ്പയുടെ സ്വന്തം അപ്പൂസില് ആ പാവം കൊച്ചിനെ ചവിട്ടിയിട്ട് ഓ കണ്ണില്‍ച്ചോരയില്ല’. എല്ലാവരും ഇത് പറഞ്ഞപ്പോള്‍ അമ്മ എന്റെ അടുത്ത് വന്ന് കരഞ്ഞിട്ടുണ്ട്. നീ ഈ സിനിമാ അഭിനയം ഒന്ന് നിര്‍ത്തുമോ എന്ന് ചോദിച്ചു. ഇപ്പോഴും എന്നെ കാണുമ്പോൾ പല പഴയ കാല സ്ത്രീകളും ആ സിനിമയില്‍ കൊച്ചിനെ ചവിട്ടിയ കാര്യമാണ് പറയുന്നത്. നമ്മുടെ അഭിനയത്തിന്റേയും സിനിമയുടേയും വിജയമാണെങ്കിലും ആള്‍ക്കാരുടെ മനസില്‍ ഞാനൊരു ക്രൂരനായി മാറി.’
Post Your Comments