മോഹന്‍ലാല്‍, ജയറാം, ദിലീപ്, കാവ്യ മാധവന്‍ തുടങ്ങിയവര്‍ അഭിനയിച്ച ‘ചൈന ടൗണ്‍’ ചിത്രീകരണ സമയത്തുണ്ടായ രസകരമായ സംഭവം പങ്കുവച്ച് നടൻ ജയറാം. ഹിന്ദി നടന്‍ പ്രദീപ് റാവത്തായിരുന്നു ചിത്രത്തിലെ വില്ലന്‍ വേഷത്തിലെത്തിയത്. ഡയലോഗ് പറഞ്ഞപ്പോൾ അദ്ദേഹം വരുത്തിയ മിസ്റ്റേക്ക് എല്ലാവരെയും ചിരിപ്പിച്ചുവെന്നാണ് ജയറാം സിനിമാ ചിരിമയില്‍ അതിഥിയായി എത്തിയപ്പോള്‍ പറയുന്നത്.
താരത്തിന്റെ വാക്കുകൾ :
‘ഗജിനിയിലെ വില്ലനായ പ്രദീപ് റാവത്താണ് ചൈന ടൗണില്‍ വില്ലനായി എത്തിയത്. അദ്ദേഹം വരാന്‍ പോകുന്നതിന്റെ ഭയങ്കര ബില്‍ഡപ്പ് കിടക്കുകയാണ്. മോഹന്‍ലാല്‍ വന്നിട്ട്, ‘പ്രദീപ് റാവത്ത് വലിയ ആളാണ്, ഗജിനിയിലെ വില്ലനാണ്, മലയാളത്തില്‍ ആദ്യമായിട്ടാണ് പക്ഷെ അയാള്‍ എല്ലാ ഭാഷയും കൈകാര്യം ചെയ്യും, നമ്മളുടേതില്‍ കുറേ ഡയലോഗ് ഉണ്ടോ’ എന്നൊക്കെ ചോദിക്കുന്നുണ്ട്. അറിയില്ലെങ്കില്‍ കുഴപ്പമില്ല നമുക്ക് പഠിപ്പിക്കാമെന്നും പറഞ്ഞു. ഹിന്ദിയില്‍ എഴുതിയെടുത്തിട്ടാകും ചിലപ്പോള്‍ സംസാരിക്കുക എന്നും പറഞ്ഞു.
അങ്ങനെ അടുത്ത ദിവസം കാലത്ത് റാവത്ത് വന്നു. ജയിലിലെ രംഗമാണ്. ഒറ്റ ഷോട്ടിലാണ് എടുക്കുന്നത്. ഞാനും ലാലും ഒപ്പിടുന്നു, പിന്നാലെ ദിലീപ് ഒപ്പിടുന്നതിന് മുമ്പായി ഒന്ന് നോക്കും അപ്പോള്‍ ഒപ്പിടെടാ എന്ന് റാവത്ത് പറയുന്നു, ഇതാണ് രംഗം. അങ്ങനെ റാവത്ത് സെറ്റില്‍ വന്ന് എല്ലാവരോടും സംസാരിക്കുകയും പരിചയപ്പെടുകയും ചെയ്തു. മോഹന്‍ലാലിന്റെ സിനിമയെക്കുറിച്ചും എന്റെ സിനിമയെക്കുറിച്ചും ദിലീപിന്റെ സിനിമയെക്കുറിച്ചും മമ്മൂട്ടിയുടെ സിനിമയെക്കുറിച്ചുമൊക്കെ സംസാരിച്ചു. പിന്നീട് റാഫിയോടും മെക്കാര്‍ട്ടിനോടും സീനെന്താണെന്ന് ചോദിച്ചു. ഒപ്പിടു എന്നതാണ് ഡയലോഗ് എന്ന് അവര്‍ അറിയിച്ചു. എന്താണ് അര്‍ത്ഥം എന്ന് ചോദിച്ചപ്പോള്‍ സൈന്‍ കരോ എന്നാണെന്ന് അദ്ദേഹത്തിന് പറഞ്ഞു കൊടുത്തു. ഒരു വാക്ക് മാത്രമല്ലേയുള്ളൂവല്ലേ എന്ന് റാവത്ത് ചോദിച്ചു. അതിന്റെ അര്‍ത്ഥം പറഞ്ഞും വോയ്‌സ് മോഡുലേഷന്‍ മാറ്റി പറഞ്ഞുമൊക്കെ അങ്ങനെ അദ്ദേഹം റിഹേഴ്‌സല്‍ നോക്കുകയാണ്. കൂടെ ഒരു അസിസ്റ്റന്റുമുണ്ട്. രാവിലെ ഏഴ് മണിക്ക് തുടങ്ങിയതാണ് ഒരു ഡയലോഗിന്റെ പുറത്തുള്ള ബില്‍ഡപ്പ്. അപ്പോഴേ എനിക്ക് എന്തോ പന്തികേട് തോന്നി.
അങ്ങനെ കുറേനേരം കഴിഞ്ഞ് സീന്‍ എടുക്കാമെന്ന് തീരുമാനിച്ചു. ഒറ്റഷോട്ടാണ്. ലാല്‍ വന്ന് ഒപ്പിട്ടു, ഞാന്‍ വന്ന് ഒപ്പിട്ടു. പിന്നാലെ ദിലീപ് വന്ന് തലയുയര്‍ത്തി നോക്കിയതും റാവത്ത് ഒപ്പിടെടാ എന്നതിന് പകരം പറഞ്ഞത് തുപ്പിട്രാ എന്ന്. ദീലിപ് അങ്ങനെ തന്നെ നിലത്ത് വീണ് ചിരിയായി. ഞാന്‍ അവിടെ നിന്നും ഓടി. പാവം ലാല്‍ എങ്ങനെയോ അവിടെ പിടിച്ചു നിന്നു. എനിക്ക് ചിരിയടക്കാനായില്ല, ഞാന്‍ ദൂരേക്ക് പോയി ചിരിച്ചു. രണ്ട് മണിക്കൂര്‍ ബില്‍ഡപ്പ് കാണിച്ചിട്ട് പറഞ്ഞ ഡയലോഗാണത്. പിറ്റേദിവസം വീണ്ടും റാവത്തിന് സീനുണ്ട്. ഇത്തവണ ഒരു വാക്കല്ല നെടുനീളന്‍ ഡയലോഗാണ്. മോഹന്‍ലാലിന് അന്ന് പനിയായിരുന്നു. ഒരു വാക്ക് പറയാന്‍ തന്നെ അത്രയും കഷ്ടപ്പെട്ടതാണ് ഇതിപ്പോള്‍ എന്തായിരിക്കുമെന്നൊക്കെ ലാല്‍ വന്ന് ചോദിക്കുന്നുണ്ട്. അങ്ങനെ സീന്‍ എടുക്കാന്‍ തീരുമാനിച്ചു. ഡയലോഗ് മിസാകാതിരിക്കാന്‍ വലിയ ബോര്‍ഡില്‍ എഴുതി റാവത്ത് നടക്കുന്നതിന് അനുസരിച്ച് ചുറ്റിനും വച്ചു. താഴെ നിലത്ത് അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ഫ്രെയിമില്‍ വരാത്ത വിധം കിടന്നും ഡയലോഗ് പറഞ്ഞു കൊടുക്കുന്നുണ്ട്.
അവസാനത്തെ ഡയലോഗ് പറയേണ്ടത് ലാലിന്റെ മുഖത്ത് നോക്കിയാണ്. അവിടെ പക്ഷെ ബോര്‍ഡ് വെക്കാന്‍ പറ്റില്ല. ഒടുവില്‍ പനി പിടിച്ച് നില്‍ക്കുന്ന പാവം മോഹന്‍ലാലിന്റെ നെറ്റിയില്‍ ഡയലോഗ് എഴുതി ഒട്ടിച്ചു വച്ചു. രണ്ട് കവിളിലും നെഞ്ചിലുമെല്ലാം ഡയലോഗ് എഴുതി ഒട്ടിച്ചു. ആ പാവം അനങ്ങാതെ നിന്നു. സജഷന്‍ ഷോട്ടായത് കൊണ്ട് മുഖം കാണില്ല. പക്ഷെ അനങ്ങിയാല്‍ കവിള്‍ കാണുമെന്നതിനാല്‍ മോഹന്‍ലാലിന് അനങ്ങാന്‍ പറ്റില്ല. ഇപ്പോഴും ആ സീനില്‍ നോക്കിയാല്‍ എന്റേയും ദിലീപിന്റേയും ഷോള്‍ഡര്‍ കുലുങ്ങുന്നത് കാണാം. ഞങ്ങള്‍ ഒരേ ചിരിയായിരുന്നു.’
Post Your Comments