നടിയും നർത്തകിയുമായ രചന നാരായൺകുട്ടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നൃത്തം ചെയ്ത ശേഷമുള്ള ഒരു അനുഭവമാണ് താരം പങ്കുവച്ചിരിക്കുന്നത്.
കുറിപ്പ് പൂർണ്ണ രൂപം
മധുരം
‘ഗുരുവായൂരപ്പന്റെ സ്വന്തം ആളാ രചന നാരായണൻകുട്ടി !’
കേട്ടമാത്രയിൽ ഉള്ളുതുറന്ന് സന്തോഷിച്ചു ചിരിച്ചെങ്കിലും, ഈ വാചകം എന്നെ അത്ഭുതപ്പെടുത്തി…
കഴിഞ്ഞ ദിവസം അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ സൂര്യ കൃഷ്ണമൂർത്തി സാറിന്റെ അഗ്നി എന്ന പ്രൊഡക്ഷൻ അവതരിപ്പിച്ചതിന് ശേഷം വേദിയിൽ വച്ചു ആദരിക്കുമ്പോൾ അമ്പല കമ്മിറ്റി ഭാരവാഹികളിൽ എന്നെ പരിചയപെടുത്തിക്കൊണ്ട് സംസാരിച്ച വ്യക്തിയുടെ വാക്കുകൾ ആയിരുന്നു അത് . വളരെ അടുത്തറിയാവുന്നവർക്കു മാത്രം അറിയുന്ന ഈ കാര്യം എങ്ങനെ ഇദ്ദേഹം അറിഞ്ഞു എന്നു ഞാൻ ചിന്തിച്ചു . മറ്റു നൃത്തശൈലികൾ എല്ലാം അഭ്യസിച്ചിട്ടുണ്ടെങ്കിലും കൂച്ചിപ്പൂടി നർത്തകി മാത്രം ആയി നിലനിൽക്കാൻ(കൃഷ്ണകഥകളുടെ സത്ത പ്രചരിപ്പിക്കുന്നതിനായി ഉണ്ടായ കല ആണ് കൂച്ചിപ്പൂടി) എന്നെ പ്രേരിപ്പിച്ചതും പ്രാപ്തയാക്കിയതും ആയ പ്രധാന ഘടകങ്ങളിൽ ഒന്നു ഗുരുവായൂരപ്പനും കൃഷ്ണനോടുള്ള ആരാധനയും(അതിനുള്ള കാരണം അവസാനം പറയാം ) ആണ്.
ഗുരുവായൂരപ്പൻ എന്നും എനിയ്ക്കൊരു മാന്ത്രികൻ ആണ് … മാന്ത്രികനായ ഒരു ഗുരു . അതുകൊണ്ടു തന്നെ ദീക്ഷ ലഭിച്ച ഒരു സാധകൻ ഗുരുവിൽ നിന്നും നേരിടുന്നതു പോലെയുള്ള പരീക്ഷണങ്ങളും , സ്നേഹ വാത്സല്യവും, അനുഗ്രഹവും എല്ലാം ഞാൻ അവിടെ നിന്ന് അനുഭവിച്ചിട്ടിട്ടുണ്ട്. നല്ല അസ്സൽ പരീക്ഷണ പണികൾ തന്നിട്ടുണ്ട് … വേണ്ടത് പോലെ ഉയർത്തിപിടിച്ചിട്ടുമുണ്ട് … അവിടെ എത്തുമ്പോൾ ഉളള എന്റെ ഏറ്റവും ചെറിയ ആഗ്രഹങ്ങൾ എത്ര തവണ നടത്തി തന്നിരിക്കുന്നു ആശാൻ … എണ്ണിയാൽ ഒടുങ്ങാത്ത അത്ര അനുഭവങ്ങൾ …
അമ്പലപ്പുഴ കൃഷ്ണനും അങ്ങിനെ ഒരു അനുഭവം ഉണ്ടാക്കി തന്നു എനിക്ക് ! ഈ കഴിഞ്ഞ 26 ന് ആയിരുന്നു നൃത്ത പരിപാടി. കൃഷ്ണന്റെ അമ്പലം ആയതുകൊണ്ട് കൃഷ്ണനെ സ്തുതിച്ചുകൊണ്ടുള്ള ഒരു ഇനം അവതരിപ്പിക്കാൻ സൂര്യ കൃഷ്ണമൂർത്തി സർ തലേ ദിവസം പറയുകയും അങ്ങിനെ കാപ്പി രാഗത്തിലുള്ള വളരെ പ്രശസ്തമായ ‘എന്ന തവം സെയ്തനെ യശോദ’ എന്ന പാപനാശം ശിവൻ സാറിന്റെ കോംപോസിഷൻ ചെയ്യാനായി തീരുമാനിക്കുകയും ചെയ്തു .
കൃഷ്ണൻ ഓരോരുത്തരോടും സംവദിക്കുന്നത് പലരൂപത്തിൽ, പല ഭാവത്തിൽ ആണ് . ഭക്തർക്കും അങ്ങനെ തന്നെ ! എനിക്ക് അത് ഗുരുഭാവത്തിൽ ആണ് എങ്കിലും പലപ്പോഴും എന്റെ മുന്നിൽ കുട്ടികൃഷ്ണൻ ആയാണ് ആൾടെ വരവ് … ഗുരുവായൂർ എത്തിയാൽ ആണ് കൂടുതൽ… എനിക്ക് മേൽശാന്തിയിൽ നിന്നും കിട്ടുന്ന കദളിപ്പഴം എത്ര എണ്ണം അങ്ങിനെ ആശാൻ വാങ്ങികൊണ്ടുപോയിരിക്കുന്നു എന്നോ !!! അതുകൊണ്ടു തന്നെ ആ ഭാവത്തിൽ കണ്ണനെ സ്തുതിക്കാം എന്നു കരുതി . ഈരേഴു പതിനാലു ലോകത്തേയും പടുത്തുയർത്തിയ ആ പരമാത്മാവ് യശോദയെ “അമ്മേ” എന്നു വിളിക്കാനായി എന്തു തപസ്സായിരിക്കും യശോദ ചെയ്തിട്ടുണ്ടാവുക എന്ന ചിന്തയിലൂടെ പോകുന്ന ഒരു അമ്മയാണ് കഥാപാത്രം. തന്റെ കുട്ടിയിൽ കൃഷ്ണ ചൈതന്യം തെളിയുന്നത് കാണുന്ന അമ്മയുടെ സന്തോഷവും ആ ആനന്ദലഹരിയിൽ അവർ സ്വയം യശോദയായി മാറുന്നതും ആണ് ഇതിവൃത്തമായി ഞാൻ അവതരിപ്പിച്ചത്. പരിപാടി കഴിഞ്ഞു ഞാൻ താമസിക്കുന്ന ഹോട്ടലിൽ എത്തിയപ്പോൾ അതാ അവിടെ എന്നെയും കാത്തു ഒരു കുഞ്ഞു വാവ. എല്ലാ കുഞ്ഞുവാവകളും പ്രത്യേകത ഉള്ളവരാണെങ്കിലും ഈ കുഞ്ഞു വാവക്ക് എന്തോ ഒരു ആകർഷണശക്തി. ഒരു ചൈതന്യം! അമ്മയും അച്ഛനും ഉണ്ട് കൂടെ …അമ്പലപ്പുഴ കണ്ണന്റെ 12 ആം കളഭം തൊഴാൻ കൊണ്ടുവന്നതാണ് …നൃത്തം ഭംഗിയായി എന്നു പറയാൻ വന്ന അവരുടെ അടുത്ത് നിന്ന് ആ ചൈതന്യം തുളുമ്പുന്ന വാവ എന്റെ അടുത്തേക്ക് ചാടി … ആ പുഞ്ചിരി കണ്ടപ്പോൾ, തൊട്ടു തലോടിയുള്ള സ്നേഹം അനുഭവിച്ചറിയാൻ തുടങ്ങിയപ്പോൾ അവിടെ ഞാൻ ഉണ്ടായിരുന്നില്ല… യശോദ മാത്രം ! ആ ആനന്ദലഹരിയിൽ മുഴുകിയ അമ്മ മാത്രം !
NB : അവസാനം പറയാം എന്നു പറഞ്ഞത്…. കൃഷ്ണനോടുള്ള ആരാധനയുടെ കാരണങ്ങൾ ഇതൊക്കെയാണ് 1) കൃഷ്ണനെ എത്തിപ്പിടിക്കാൻ, കൃഷ്ണന് സമകാലീനനാകാൻ കഴിയുന്ന തരത്തിൽ ഞാൻ അടങ്ങുന്ന ഒരു മനുഷ്യനും വളരാൻ സാധിച്ചിട്ടില്ല 2) കൃഷ്ണൻ എനിക്കെന്നും ചിരിക്കുന്ന മതമാണ് 3) ജീവിതത്തിൽ നിന്നുള്ള മോചനത്തിന് പകരം ജീവിതത്തെ പൂർണ്ണമായും സ്വീകരിച്ചവനും സ്വീകരിക്കാൻ പഠിപ്പിച്ചവനുമാണ് കൃഷ്ണൻ 4) ഒട്ടും ഗൗരവക്കാരനും അല്ല തീരെ ദു:ഖിതനുമല്ല… സമൃദ്ധവും , ഉണർവ്വും, പ്രസരിപ്പും എപ്പോഴും ഉളള ആ ചൈതന്യത്തെ ആരാധിക്കതെങ്ങിനെ ! ആ മധുരം നുണയാതെങ്ങിനെ !
വിഡീയോ : അമ്പലപ്പുഴ ക്ഷേത്രത്തിൽ അവതരിപിച്ച ‘എന്ന തവം സെയ്തനെ’യിലെ ഒരു ഭാഗവും ശേഷം എന്നെ കാണാൻ എത്തിയ ആ കുഞ്ഞു ചൈതന്യവും ?
https://www.facebook.com/ActressRachana/videos/695050668781632/
Post Your Comments