GeneralLatest NewsNEWS

അക്കാദമി കരാര്‍ പുതുക്കി നൽകിയില്ല, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ദീപിക സുശീലന്‍ സ്ഥാനമൊഴിഞ്ഞു

അക്കാദമിയുടെ ഭരണ നേതൃത്വത്തിലെ ചിലരുടെ പ്രവര്‍ത്തനങ്ങളില്‍ ദീപിക അസംതൃപ്തി പ്രകടിപ്പിച്ചിരുന്നതായി അറിയുന്നു

ഡിസംബറില്‍ നടന്ന കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ (ഐ എഫ് എഫ് കെ) ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ദീപിക സുശീലന്‍ സ്ഥാനമൊഴിഞ്ഞു. കാലാവധി കഴിഞ്ഞതിനാലാണ് ദീപിക ഒഴിവായതെന്ന് അക്കാദമി വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കാലാവധി അവസാനിച്ച ദീപികയ്ക്ക് കരാര്‍ പുതുക്കി നല്‍കാന്‍ അക്കാദമി താത്പ്പര്യം കാട്ടിയിരുന്നില്ല. മാത്രമല്ല ചലച്ചിത്രോത്സവത്തിന് ശേഷം നടന്ന ടെലിവിഷന്‍ അവാര്‍ഡ് ദാനച്ചടങ്ങ് ഉള്‍പ്പെടെ അക്കാദമി നേതൃത്വം നല്‍കിയ ഒരു പരിപാടികളിലും ദീപികയെ പങ്കെടുപ്പിച്ചിരുന്നില്ല. ജനുവരി മാസത്തെ ശമ്പളവും നല്‍കിയിരുന്നില്ല. അക്കാദമിയുടെ ഭരണ നേതൃത്വത്തിലെ ചിലരുടെ പ്രവര്‍ത്തനങ്ങളില്‍ ദീപിക അസംതൃപ്തി പ്രകടിപ്പിച്ചിരുന്നതായി അറിയുന്നു. നിലവിലെ സാഹചര്യത്തില്‍ ഈ പദവിയില്‍ തുടരാനില്ലെന്ന് ദീപിക എഴുതി നല്‍കിയിട്ടുണ്ട്.

നാലുമാസത്തെ രാപകല്‍ അദ്ധ്വാനത്തിലൂടെ കഴിഞ്ഞ ചലച്ചിത്രോത്സവം മികവുറ്റതാക്കി തീർക്കാൻ ദീപികയ്ക്ക് കഴിഞ്ഞു. മികച്ച ഫിലിം പാക്കേജും വിഖ്യാത ചലച്ചിത്രകാരനായ ബേലാ താറടക്കമുള്ള അതിഥികളുടെ സാന്നിദ്ധ്യത്താലും മേള വന്‍വിജയമായി മാറിയതിനു പിന്നില്‍ ദീപികയുടെ പങ്ക് നിര്‍ണായകമായിരുന്നു. ഐ എഫ് എഫ് കെയുടെ സമാപന വേളയില്‍ അന്നത്തെ മന്ത്രി വി എന്‍ വാസവനും ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ ര‌ഞ്ജിത്തും പരസ്യമായി ഫെസ്റ്റിവല്‍ വിജയത്തിന്റെ ശില്‍പ്പിയായി ദീപികയെ പ്രശംസിച്ചിരുന്നു.

ബീനപോള്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ പദവി ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് മുമ്പ് ചലച്ചിത്ര അക്കാദമിയില്‍ പ്രവര്‍ത്തിച്ചിരുന്ന ദീപികാ സുശീലനെ സര്‍ക്കാര്‍ ക്ഷണിച്ചതും ആര്‍ട്ടിസ്റ്റിക് ഡയറക്ടറുടെ പദവിയില്‍ നിയമിക്കുകയും ചെയ്തത്. ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ അമ്പതാം പതിപ്പടക്കം ലോകത്തെ അന്തര്‍ദ്ദേശീയ ചലച്ചിത്രോത്സവങ്ങള്‍ ക്യൂറേറ്റ് ചെയ്ത പരിചയ സമ്പത്തുമായാണ് ദീപിക തിരുവനന്തപുരത്തെത്തിയത്. ദീപികയെ പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നാണ് ചലച്ചിത്രാസ്വാദകര്‍ പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button