ചേറപ്പായി കഥകൾ എന്ന സീരിയലിലൂടെ ചെറിയ പ്രായത്തിൽ തന്നെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന താരമാണ് സീമ. പാവം ക്രൂരൻ എന്ന സിനിമയിലൂടെ സിനിമാ രംഗത്തേക്കും വന്നു. ഇപ്പോഴിതാ നാടകത്തിലേക്കുള്ള തന്റെ കടന്ന് വരവിനെക്കുറിച്ച് അമൃത ടിവിയിൽ ആനീസ് കിച്ചൺ എന്ന പ്രോഗ്രാമിൽ സീമ ജി നായർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
താരത്തിന്റെ വാക്കുകൾ :
‘ഒമ്പത് വയസ്സിലാണ് അമ്മ നാടക രംഗത്തേക്ക് വരുന്നത്. അന്ന് നന്നായി പാടുന്ന ആൾക്കാർ വേണം. അമ്മ നന്നായി പാടുമായിരുന്നു. അങ്ങനെയാണ് അമ്മ അഭിനയ രംഗത്തേക്ക് വരുന്നത്. നടിയെന്ന് പറഞ്ഞാൽ സമൂഹം പുച്ഛത്തോടെ കണ്ടിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. പക്ഷെ അമ്മ പിടിച്ചു നിന്നു. അത് കഴിഞ്ഞ് വിവാഹം ശേഷം പ്രസവിച്ചിട്ട് രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം കുഞ്ഞിനെയും കൊണ്ട് നാടക സ്റ്റേജിലേക്കാണ് പോയത്. സ്റ്റേജിന്റെ അടിയിൽ തൊട്ടിൽ കെട്ടി കുഞ്ഞിനെ അതിലുറക്കും. സീനില്ലാത്തപ്പോൾ വന്ന് പാല് കൊടുക്കും. ഞങ്ങൾ മൂന്ന് മക്കളെയും അമ്മ അങ്ങനെ വളർത്തി.
അമ്മയക്ക് സമൂഹത്തിൽ നേരിടേണ്ടി വന്ന ഒരുപാട് അനുഭവങ്ങളുണ്ട്. ഒരു നികൃഷ്ട ജീവിയെ പോലെ നോക്കിക്കാണുന്ന സമൂഹമായിരുന്നു. ആ ഒരവസ്ഥയിൽ നിന്ന് അമ്മ പ്രതിഞ്ജയെടുത്തു. മക്കൾ കലാകാരൻമാരാവുന്നതിൽ കുഴപ്പമില്ല ഒരിക്കലും നടിയാവരുതെന്ന്. പക്ഷെ ഞാൻ നടിയായി. സ്കൂൾ വിദ്യാഭ്യസ സമയത്തൊന്നും ഞാൻ സ്റ്റേജ് നാടകങ്ങളിൽ പോലും കയറിയിട്ടില്ല. അഭിനയം എന്റെ സ്വപ്നത്തിൽ പോലുമില്ലായിരുന്നു. അന്ന് ഏറ്റവും വലിയ ആഗ്രഹം നഴ്സാണ്. പത്താം ക്ലാസ് കഴിഞ്ഞ് തൃപ്പൂണിത്തറ മ്യൂസിക് കോളേജിൽ പഠിക്കാൻ വരുന്ന സമയത്താണ് കൊച്ചിൻ സംഘമിത്രയുടെ കന്യാകുമാരിയിൽ ഒരു കടങ്കഥ എന്ന നാടകത്തിൽ ആർട്ടിസ്റ്റില്ലാതെ വരുന്നത്. എങ്ങനെയാണെന്നറിയില്ല, തിരക്കി ഞങ്ങളുടെ വീട്ടിലെത്തി.
പത്ത് ദിവസത്തേക്ക് മതി അത് കഴിഞ്ഞ് ഉത്സവ സീസൺ വരുമ്പോൾ വേറെ ആളെ എടുത്തോളാമെന്ന് പറഞ്ഞു. വീട്ടിൽ വരുമ്പോൾ അമ്മയില്ല. ചേച്ചിയും അച്ഛനുമുണ്ട്. അവർ ആദ്യം എതിർത്തു. നിർബന്ധിച്ചപ്പോൾ അച്ഛൻ സമ്മതിച്ചു. പത്ത് ദിവസമല്ലേ. എനിക്കഭിനയിക്കാനറിയില്ലെന്ന് പറഞ്ഞപ്പോൾ വീട്ടിലെങ്ങനെ പെരുമാറുന്നോ അത് പോലെ പെരുമാറിയാൽ മതിയെന്ന് പറഞ്ഞു. അതൊരു വലിയ വിപ്ലവമായി. അത് വരെ കണ്ടിട്ടില്ലാത്ത ശൈലി. പത്ത് ദിവസം കഴിഞ്ഞപ്പോൾ ആരാധകരായി. കത്തുകൾ വന്നു. സുശിമോൾ എന്ന കഥാപാത്രത്തെ കാണാൻ കിലോ മീറ്ററുകൾ ദൂരെ നിന്ന് ആളുകൾ വന്നു. പത്ത് ദിവസമെന്ന് പറഞ്ഞ് പോയ ഞാൻ 1365 വേദികളിൽ ആ നാടകം ചെയ്തു. ഇപ്പോഴും എവിടെ ചെന്നാലും ഈ നാടകത്തെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചുമാണ് ആളുകൾ പറയുന്നത്,’
Post Your Comments