GeneralLatest NewsNEWS

റെയ്ഡ് വരുന്ന ഉടനെ താരങ്ങളെയും നിർമ്മാതാക്കളെയും കൊള്ളക്കാരായി ചിത്രീകരിക്കുന്ന പ്രവണത നിർത്തണം: സാബു ചെറിയാൻ

ബ്ലാക്ക് മണി എന്നു പറയുന്നത് ഇപ്പോൾ മലയാള സിനിമയിലെന്നല്ല ഇന്ത്യൻ സിനിമയിൽ പോലും ഇല്ല, താരങ്ങൾക്കു ശമ്പളം കൊടുക്കുന്നതിന്റെ ജിഎസ്ടി പ്രൊഡ്യൂസർ ആണ് അടയ്ക്കുന്നത്

വളരെ സുതാര്യമായി പോകുന്ന ഇൻഡസ്ട്രിയാണ് മലയാള സിനിമയെന്നും ഇൻകം ടാക്സ് റെയ്ഡിന്റെ പേരിൽ സിനിമാക്കാരെ മുഴുവൻ കള്ളപ്പണക്കാരും കൊള്ളക്കാരുമായി ചിത്രീകരിക്കുന്നത് വൃത്തികെട്ട ചിന്താഗതിയാണെന്നും മുൻ കെഎസ്എഫ്ഡിസി ചെയർമാനും പ്രമുഖ നിർമ്മാതാവുമായ സാബു ചെറിയാൻ. മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിലാണ് ആദായനികുതി വകുപ്പിന്റെ തെളിവെടുപ്പുമായി ബന്ധപ്പെട്ട് മലയാള സിനിമാ പ്രവർത്തകരെ കൊള്ളക്കാരായി ചിത്രീകരിക്കുന്ന പ്രവണതയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചത്.

സാബു ചെറിയാന്റെ വാക്കുകൾ :

‘നാല്പത് വർഷത്തിനു മേലെയായി മലയാളം സിനിമാ മേഖലയിൽ നിൽക്കുന്ന താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. ഈ നാൽപത് വർഷത്തിനിടെ കോടികൾ കലക്ട് ചെയ്ത എത്രയോ ഹിറ്റ് ചിത്രങ്ങൾ അവർ ചെയ്തിട്ടുണ്ട്. അതിന്റെയെല്ലാം ലാഭത്തിന്റെ 30 ശതമാനവും ഇവരുടെയെല്ലാം ശമ്പളത്തിന്റെ ടാക്‌സും അടക്കം എത്രയോ കോടി രൂപ കേന്ദ്ര സർക്കാരിലേക്കു ചെന്നിട്ടുണ്ട്. നമുക്ക് കണക്കു കൂട്ടാൻ കഴിയാത്തത്ര പണം അവർ അടച്ചിട്ടുണ്ട്. അതെല്ലാം കഴിഞ്ഞ്, ഈ ഹിറ്റായ ചിത്രങ്ങളുടെയെല്ലാം ശരാശരി 25 ശതമാനം കോർപറേഷൻ അല്ലെങ്കിൽ മുനിസിപ്പൽ അല്ലെങ്കിൽ പഞ്ചായത്ത് ടാക്‌സായും ജിഎസ്ടി ആയിട്ടും കേരള സർക്കാരിനും ലഭിക്കുന്നുണ്ട്. അങ്ങനെയുള്ള രണ്ടു താരങ്ങളാണ് അവർ.

എത്രയോ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ചെയ്ത ആളാണ് പൃഥ്വിരാജ്. അദ്ദേഹം വാങ്ങുന്ന ശമ്പളത്തിന് ഇൻകം ടാക്സ് അടയ്ക്കുന്നു. ആ പടത്തിന്റെ ലാഭത്തിന്റെ ടാക്സ് സർക്കാരിലേക്ക് ചെന്നെത്തുന്നുണ്ട്. ലിസ്റ്റിൻ സ്റ്റീഫൻ, ആന്റോ ജോസഫ്, ആന്റണി പെരുമ്പാവൂർ തുടങ്ങിയ നിർമാതാക്കളുടെ ഹിറ്റ് ചിത്രങ്ങളുടെയെല്ലാം ടോട്ടൽ കലക്‌ഷന്റെ 25 ശതമാനം ടാക്സ് സർക്കാരിനല്ലേ പോകുന്നത്. ഇത്രയും ടാക്സ് വർഷങ്ങളായി അടയ്ക്കുന്നവരെ കള്ളന്മാരായി ചിത്രീകരിക്കുന്നതിൽ ഒരു നീതീകരണവും ഇല്ല. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ഫഹദ് പടങ്ങൾക്കെല്ലാം മിനിമം 150 ക്രൂ മെംബേർസ് ഉണ്ടാകും. അത്രയും തൊഴിലാളികളുടെ കുടുംബം ഇതുകൊണ്ടു ജീവിക്കുന്നുണ്ട്. അതിൽ ടാക്സ് കൊടുക്കേണ്ടുന്നവരുടെ ടാക്സ് പിടിച്ചിട്ടാണ് കൊടുക്കുന്നത്. പത്തുകോടിയുടെ പടം നടക്കുമ്പോൾ പടം ഓടിയില്ലെങ്കിലും എൺപത് ലക്ഷം രൂപയുടെയെങ്കിലും ടാക്സ് സർക്കാരിന് ചെന്നു ചേരുന്നുണ്ട്. തിയറ്ററിൽ ഓടിയാൽ 20-25% ടാക്സ് ആയിട്ട് കേരള സർക്കാരിനും കിട്ടുന്നുണ്ട്.

ആ പടത്തിൽത്തന്നെ 20 പേരോളം ടാക്സ് അടയ്ക്കേണ്ടവരാണെങ്കിൽ അങ്ങനെയും ടാക്സ് പിടിക്കുന്നുണ്ട്. അങ്ങനെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ടാക്സ് അടച്ച് ഒരുപാട് കുടുംബങ്ങളെ പോറ്റുന്ന ഒരു ഇൻഡസ്ട്രിയിൽ ഏറ്റവും ഒന്നാം സ്ഥാനത്ത് നിൽക്കുന്ന താരങ്ങളെയും നിർമ്മാതാക്കളെയും കള്ളത്തരം ചെയ്യുന്നവരെന്നു മുദ്രകുത്തുന്നത് ഒട്ടും ശരിയല്ല. അത്തരം വാർത്തകളാണ് അടുത്തിടെ മാധ്യമങ്ങളിൽ വരുന്നത്. മറ്റൊരു ആരോപണം താരങ്ങൾ വിദേശ രാജ്യങ്ങളിൽ പണം നിക്ഷേപിക്കുന്നു എന്നതാണ്. അങ്ങനെ പണം നിക്ഷേപിച്ചാൽ എന്താണു കുഴപ്പം? എത്രയോ ഇന്ത്യക്കാരാണ് പുറം രാജ്യങ്ങളിൽ ബിസിനസ് ചെയ്യുന്നത്. അവർക്കൊന്നും ഇല്ലാത്ത എന്തു പ്രത്യേകതയാണ് ആർടിസ്റ്റുകൾക്കുള്ളത്. അവർ പണിയെടുത്തുണ്ടാക്കുന്ന കാശ് ഇൻവെസ്റ്റ് ചെയ്യാൻ അവർക്ക് അവകാശമില്ലേ? ആർടിസ്റ്റായിപ്പോയി എന്നുള്ളതുകൊണ്ട് അവരെ കൊള്ളക്കാരായി ചിത്രീകരിക്കുന്നത് നീതികേടാണ്.

നിർമ്മാതാക്കൾ എടുക്കുന്ന റിസ്ക് ആരും കാണുന്നില്ല. പത്തു പതിനയ്യായിരം കുടുംബങ്ങൾ സിനിമ കൊണ്ടു ജീവിക്കുന്നുണ്ട്. അത്രയും പേരുടെ ഭക്ഷണം ഉണ്ടാക്കാനുള്ള സാധനങ്ങൾ വാങ്ങുന്നതിനും ജിഎസ്ടി കൊടുക്കുന്നുണ്ട്. ഒരാൾക്ക് പതിനായിരം രൂപ കൊടുത്താൽ അതിനും ടാക്സ് പിടിച്ചിട്ടാണ് കൊടുക്കുന്നത്. ഏറ്റവും കൂടുതൽ ആഡംബര വണ്ടി ഉപയോഗിക്കുന്നവരാണ് സിനിമാ താരങ്ങൾ. അതിന്റെ റജിസ്ട്രേഷൻ, ടാക്സ് വകയിലും സർക്കാരിനു കിട്ടുന്നത് വലിയ തുകയാണ്.

മറ്റൊരു കാര്യം പറയാനുള്ളത്, ബ്ലാക്ക് മണി എന്നു പറയുന്നത് ഇപ്പോൾ മലയാള സിനിമയിലെന്നല്ല ഇന്ത്യൻ സിനിമയിൽ പോലും ഇല്ല. കാരണം എല്ലാവർക്കും ശമ്പളം വൈറ്റ് ആയിട്ടാണ് കൊടുക്കുന്നത്. താരങ്ങൾക്കു ശമ്പളം കൊടുക്കുന്നതിന്റെ ജിഎസ്ടി പ്രൊഡ്യൂസർ ആണ് അടയ്ക്കുന്നത്. പത്തു വർഷം മുൻപു വരെ ഡബിൾ ഡിസിആർ എന്ന ഒരു പരിപാടി ഉണ്ടായിരുന്നു. എന്നുപറഞ്ഞാൽ മുനിസിപ്പാലിറ്റിക്ക് ടാക്സ് അടയ്ക്കാതെ ടിക്കറ്റ് കൊടുക്കുക. ഇപ്പോൾ അങ്ങനെ ഒരു പ്രശ്നമേ ഇല്ല. എല്ലാം എല്ലാം കംപ്യൂട്ടറൈസ്ഡ് ആണ്. ഞാൻ ഒരു പടം ചെയ്യുമ്പോൾ ഒരു കോടി രൂപ ബ്ലാക്ക് ആണ് കൊടുക്കുന്നതെങ്കിൽ ആ ഒരു കോടിയുടെ ലാഭം എനിക്ക് കിട്ടാൻ പോകുന്നില്ല. അതുകൊണ്ട ഇപ്പോൾ ആരും ബ്ലാക്ക് മണി ഉപയോഗിക്കുന്നേയില്ല. എല്ലാവരും വൈറ്റ് ആണ് ഉപയോഗിക്കുന്നത്. ഫൈനാൻസ് ചെയ്യുന്നവർ പോലും ബ്ലാക്ക് മണി കൊടുക്കാറില്ല. സാറ്റലൈറ്റ്, ഓവർസീസ് റൈറ്റ് കൊടുത്താലും അതിൽനിന്നു ജിഎസ്ടി പിടിച്ചിട്ടാണ് തരുന്നത്. ഒടിടിയിൽ വിറ്റാലും അങ്ങനെ തന്നെ. അതുകൊണ്ട് ഇപ്പോൾ സിനിമയിൽ ബ്ലാക്ക് മണിയുടെ കാര്യമേ ഉദിക്കുന്നില്ല. അതെനിക്ക് നൂറുശതമാനം ഉറപ്പിച്ചു പറയാൻ പറ്റും. ഇൻകം ടാക്സ് റെയ്ഡ് വരുന്ന ഉടനെ താരങ്ങളെയും നിർമാതാക്കളെയും കൊള്ളക്കാരായി ചിത്രീകരിക്കുന്ന പ്രവണത ദയവ് ചെയ്ത് നിർത്തണം.’

shortlink

Post Your Comments


Back to top button