കൊച്ചിയിലെ വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷങ്ങളിൽ വിശിഷ്ടാതിഥിയായി ചലച്ചിത്ര താരം ഷക്കീല. ഷക്കീലയെ കേരളത്തിലെ പ്രശസ്തമായ ഒരു മാൾ അധികൃതർ തഴഞ്ഞപ്പോൾ അതേ കേരളത്തിൽ വച്ച് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നീക്കത്തിലൂടെ ഒരു ക്ഷേത്രവും ഭാരവാഹികളും നല്ലവരായ ഭക്തജനങ്ങളും സ്വീകരിച്ച് ആദരിച്ചിരിക്കുന്നു. മുഖ്യധാരയും മറ്റു കപടസദാചാരവാദികളും അവജ്ഞയോടെ തഴഞ്ഞ, ഒരു കാലത്ത് മലയാള സിനിമാ ഇൻഡസ്ട്രിയേയും അനേകം ചെറുകിട തീയേറ്ററുകളേയും പിടിച്ചു നിർത്തിയ ബിഗ്രേഡ് സൂപ്പർ സ്റ്റാറിനെ വിശിഷ്ടാതിഥിയായി ക്ഷണിക്കുകയും സ്വീകരിക്കുകയും ചെയ്ത ഈ ക്ഷേത്രത്തിനും ക്ഷേത്രകമ്മറ്റിക്കും ഭാരവാഹികൾക്കും കൈയ്യടിക്കുകയാണ് ജനങ്ങൾ.
ഷക്കീല എത്തുന്നതറിഞ്ഞ് ആയിരങ്ങളാണ് സദസ്സില്‍ എത്തിയിരുന്നത്. കഴിഞ്ഞ തവണ കേരളത്തില്‍ എത്തിയപ്പോള്‍ പങ്കെടുക്കേണ്ടിയിരുന്ന ഒരു ഫിലിം പ്രൊമോഷന് പരിപാടി തടസ്സപ്പെട്ടതിനെക്കുറിച്ച് പറഞ്ഞു കൊണ്ടാണ് ഷക്കീല പ്രസംഗം ആരംഭിച്ചത്. അന്ന് താന്‍ തടയപ്പെട്ടത് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും അവിടെ 300 പേരാണ് തന്നെ കാണാന്‍ എത്തുമായിരുന്നതെങ്കില്‍ ഇവിടെ ആയിരങ്ങളാണ് വന്നിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
‘കഴിഞ്ഞ തവണ ഞാന്‍ കേരളത്തില്‍ എത്തിയപ്പോള്‍ എനിക്കൊരു പ്രശ്നം ഉണ്ടായിരുന്നു. ഒരു മാളിലേക്ക് ഞാന്‍ വരുന്നതിന് അവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ദൈവത്തിന് പല പദ്ധതികളാണ് ഉള്ളത്. അതെനിക്ക് ഇപ്പോള്‍ മനസിലായി. ആ മാളില്‍ 200, 300 ആളുകളായിരിക്കും എന്നെ കാണാന്‍ വരുന്നത്. പക്ഷേ ഇവിടെ ആയിരക്കണക്കിന് കണ്ണുകളാണ് എന്നെ കാണുന്നത്. ഇത് ശിവഭഗവാന് എനിക്ക് വേണ്ടി നിശ്ചയിച്ചിരിക്കുന്നതാണ്. എനിക്ക് വളരെ സന്തോഷം. അന്ന് എനിക്ക് അവസരം നിഷേധിക്കപ്പെട്ടത് നന്നായി. അതുകൊണ്ടാണ് നിങ്ങളെയെല്ലാം കാണാനായത്’- ഷക്കീല പറഞ്ഞു. തമിഴ്നാട്ടിലെ ഒരുപാട് ശിവക്ഷേത്രങ്ങളില്‍ താന്‍ പോയിട്ടുള്ള കാര്യവും ഷക്കീല അനുസ്മരിച്ചു. ഈ പ്രോഗ്രാമിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നുണ്ട്.
Post Your Comments