സിനിമാല എന്ന കോമഡി ഷോയിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടി നടിയായും അവതാരകയായും തിളങ്ങി നിന്ന താരമാണ് സുബി സുരേഷ്. എന്നും സ്വന്തം നിലപാടുകള്‍ തുറന്നു പറഞ്ഞിട്ടുള്ള പ്രിയ താരം അന്തരിച്ചുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് മലയാളികള്‍ ഇന്ന് അറിഞ്ഞത്. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുബി.
മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധ നേടിയ സുബി സുരേഷ്, കൊച്ചിന് കലാഭവനിലൂടെയാണ് മുഖ്യധാരയിലേക്ക് വരുന്നത്. സീരിയലുകളിലും ഇരുപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സ്റ്റേജ് ഹാസ്യ പരിപാടികളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്ന സുബിയെ ഒരുപാട് വിവാദങ്ങളും പിന്തുടര്ന്നിരുന്നു.
സുബിയെ കാണാനില്ലെന്നും ഒളിച്ചോടി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഒരു ചാനലിന്റെ ലോഗോ വച്ച പരസ്യം എത്തിയതോടെയാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ എത്തിയത്. സുബി സുരേഷിനെ കാണാനില്ല എന്നായിരുന്നു ഒരു ചാനലിന്റെ ലോഗോ കൂടി വച്ച പോസ്റ്ററില്‍ എത്തിയത്. ഇത് സംബന്ധിച്ച് മറ്റ് വിശദീകരണങ്ങള്‍ ഒന്നും നല്‍കിയിരുന്നില്ല. പിന്നാലെ സുബിയെ കണ്ടെത്തി എന്ന പോസ്റ്ററും എത്തി. ഇതിന് പിന്നാലെ സുബി ഒളിച്ചോടി എന്ന് പറഞ്ഞ് തന്റെ വീട്ടിലേക്ക് വന്ന ഫോണ്‍ വിളികള്‍ക്ക് കൈയ്യും കണക്കുമില്ല. വീട്ടില്‍ ഇരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു എന്ന് സുബി ഇതിനെ കുറിച്ച് പ്രതികരിച്ചത്. ‘ലോക്ഡൗണ്‍ ആയിട്ട് പോലും നമ്മള് പട്ടിണി കിടക്കുകയാണോ എന്നറിയാന്‍ ഒരു മനുഷ്യനും വിളിച്ചിട്ടില്ല. അമേരിക്കയില്‍ നിന്ന് വരെ തന്നെ വിളിച്ച് ഇതേ കുറിച്ച് ചോദിച്ചിട്ടുണ്ട്’ എന്നായിരുന്നു സുബി പ്രതികരിച്ചത്.
സുബിയുടെ വിവാഹത്തെ കുറിച്ച് നിരവധി തവണ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തന്റെ വിവാഹം എപ്പോഴാണെന്ന് നടക്കുന്നതെന്ന് തനിക്ക് അറിയില്ല എന്നായിരുന്നു സുബിയുടെ മറുപടി. ‘തനിക്ക് ഇതുവരെ അതിന് മൂഡ് വന്നിട്ടില്ല. രണ്ടു മൂന്ന് പ്രണയം ഒക്കെ ഉണ്ടായിരുന്നു. നല്ല രീതിയില്‍ മുന്നോട്ട് പോകില്ലെന്ന് തോന്നിയപ്പോള്‍ പരസ്പരം തീരുമാനിച്ച് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. എനിക്ക് എന്റെ ഫാമിലി ആണ് വലുത്. എന്റെ ജീവിതത്തിലേക്ക് വരുന്ന ആള് എന്നെക്കാള്‍ ഏറെ എന്റെ കുടുംബത്തെ സ്നേഹിക്കുന്നയാള് ആവണം എന്നാണ് എനിക്ക്. അതിനാണ് ഞാന്‍ ഏറ്റവും മുന്‍ഗണന കൊടുക്കുന്നത്’ എന്നായിരുന്നു സുബി പറഞ്ഞത്.
Post Your Comments