
ഒരുകാലത്ത് സ്ക്രീനിലെ ഗ്ലാമർ താരമായി ആരാധകരുടെ ഹൃദയമിടിപ്പ് വേഗത്തിലാക്കിയിരുന്ന താൻ ഇനി അത്തരം വേഷങ്ങളിൽ പ്രത്യക്ഷപ്പെടില്ലെന്ന് വ്യക്തമാക്കി പ്രശസ്ത പാകിസ്താൻ നടി അനം ഫയാസ്. ഗ്ലാമർ ലോകത്തോട് വിടപറഞ്ഞ് ഇസ്ലാമിന്റെ പാത തെരഞ്ഞെടുക്കുകയാണ് എന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം പങ്കുവെച്ചത്. ഇനി മുതൽ തന്നെ ഹിജാബിലും ബുർഖയിലും മാത്രമേ കാണാൻ സാധിക്കുകയുള്ളൂ എന്ന് വ്യക്തമാക്കിയ താരം ഇൻസ്റ്റാഗ്രാമിൽ ഹിജാബ് ധരിച്ച ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
‘ഈ സന്ദേശം എഴുതുന്നത് വളരെ ബുദ്ധിമുട്ടാണ്, കാരണം എന്റെ മീഡിയ ജീവിതത്തിൽ നിങ്ങളെല്ലാവരും എപ്പോഴും എന്നെ പിന്തുണച്ചിട്ടുണ്ട്. എന്നാൽ, ഞാൻ ഈ ഇൻഡസ്ട്രി വിടാൻ തീരുമാനിച്ചിരിക്കുകയാണ്. ഇസ്ലാമിക പാത പിന്തുടരാൻ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നു. ഇനി മുതൽ എന്റെ ഡിജിറ്റൽ സാന്നിധ്യം ഇസ്ലാമിക ജീവിത രീതിയെ പ്രതിഫലിപ്പിക്കും. നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെ ഓർക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ ഒരിക്കലും അവസാനിക്കാത്ത സ്നേഹത്തിനും പിന്തുണയ്ക്കും വളരെ നന്ദി’. അനം ഫയാസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
പാകിസ്താൻ ടെലിവിഷൻ നടിയും മോഡലുമായ അനം ഫയാസ് 11-12 വയസുള്ളപ്പോൾ മുതൽ എന്റർടെയ്ൻമെന്റ് ഇൻഡസ്ട്രിയുടെ ഭാഗമാണ്. നിരവധി നാടക / സീരിയലുകളിലെ തന്റെ ഉജ്ജ്വലമായ അഭിനയത്തിലൂടെ അനം ആരാധകരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്. അഹമ്മദ് ഹബീബ് കി ബെറ്റിയോൻ, മേരി മാ, ഇഷ്ക് ഇബാദത്ത്, പർവരീഷ് തുടങ്ങി നിരവധി ഷോകളിൽ അനം മികച്ച പ്രകടനം കാഴ്ചവച്ചു. 1991 ഡിസംബർ 25ന് കറാച്ചിയിലാണ് അനം ഫയാസിന്റെ ജനനം. 2016ലാണ് അനം അസദ് അൻവറിനെ വിവാഹം കഴിച്ചത്. നടിക്ക് ഒരു മകനുമുണ്ട്.
താരത്തിന്റെ തീരുമാനത്തിന് പാകിസ്താനി ആരാധകരിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. നിരവധിയാളുകളാണ് അനം ഫയാസിന്റെ തീരുമാനത്തെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments