സുബി പെട്ടെന്ന് തന്നെ അസുഖബാധിതയാവുകയും ആരോഗ്യാവസ്ഥ ഗുരുതരമാവുകയും ചെയ്യുകയായിരുന്നു എന്നും, ഒരാഴ്ച മുൻപ് ആശുപത്രിയിൽ വന്നു സുബി സുരേഷിനെ കണ്ടിരുന്നുവെന്നും നടൻ രമേശ് പിഷാരടി. ടിനി ടോം, സുരേഷ് ഗോപി അടക്കമുള്ളവർ സുബിയുടെ കരൾ മാറ്റിവയ്ക്കൽ വേഗത്തിലാക്കാൻ പരിശ്രമിച്ചിരുന്നുവെന്നും രോഗം ഗുരുതരമായതിനെത്തുടർന്ന് ഹൃദയം തകരാറിലാവുകയും അത് മരണത്തിലെത്തുകയുമായിരുന്നു എന്നാണ് രമേശ് പിഷാരടി മാധ്യമങ്ങളോട് പറഞ്ഞത്. സുബി സുരേഷിന്റെ മൃതദേഹം നാളെ എട്ടുമണിയോടെ വാരാപ്പുഴയിലുള്ള വീട്ടിലെത്തിക്കുകയും രണ്ടു മണിക്ക് വരാപ്പുഴ പള്ളിയിൽ പൊതുദർശനത്തിനു വച്ചതിനു ശേഷം ചേരാനല്ലൂർ പൊതുശ്‌മശാനത്തിൽ സംസ്കരിക്കാനുമാണ് ഇപ്പോഴുള്ള തീരുമാനമെന്നും രമേശ് പിഷാരടി പറയുന്നു.
താരത്തിന്റെ വാക്കുകൾ :
‘ഞാനുമായി ഇരുപതു വർഷത്തിൽ കൂടുതൽ സൗഹൃദബന്ധമുള്ള കലാകാരിയാണ് സുബി. സുബിക്ക് പെട്ടെന്ന് വയ്യായ്ക വരികയും കുറച്ചു ദിവസമായി ആരോഗ്യം വളരെ ഗുരുതരമാവുകയും ചെയ്‌തിരുന്നു. ടിനി ടോം ഇവിടെ ഉണ്ട്, ഞാൻ സുബിയെ കയറി കണ്ടു. ഞാനും ടിനിയും ഒരു സമദ് എന്ന സുഹൃത്തും ഒരാഴ്ച മുൻപ് വന്നു ഐസിയുവിൽ കയറി സുബിയെ കണ്ടിരുന്നു. ഇന്നലെയും കൂടി ആശുപത്രിയിലെ ചീഫിനോട് സംസാരിച്ചിരുന്നു. അപ്പോഴെക്കെ അറിഞ്ഞത് അങ്ങോട്ടും ഇങ്ങോട്ടുമില്ല എന്ന അവസ്‌ഥയിൽ ആണെന്നാണ്. നമ്മളെ കൊണ്ട് പറ്റുന്ന രീതിയിൽ നോക്കുന്നുണ്ട് എന്നാണു പറഞ്ഞത്. കരൾ സംബന്ധമായ അസുഖമായിരുന്നു സുബിക്ക്. കരൾ മാറ്റിവയ്ക്കാൻ ഒരുങ്ങുന്നതിനിടയിൽ ഹൃദയം തകരാറിലാവുകയും അതിന്റെ ചികിത്സയിലേക്ക് പോവുകയും ചെയ്തു.
കരളിലൊക്കെ അണുബാധ ഉണ്ടായിരുന്നു. ഇന്ന് രോഗം മൂർച്ഛിക്കുകയും പെട്ടെന്ന് മരണപ്പെടുകയുമാണ് ഉണ്ടായത്. സുബിയുടെ അമ്മയെയും വീട്ടുകാരെയും കണ്ടു. നാളത്തേക്കാണ് സംസ്കാര ചടങ്ങുകൾ തീരുമാനിച്ചിരിക്കുന്നത്. ഇവരെല്ലാം പതിനഞ്ചു ദിവസമായി ആശുപത്രിയിൽ ആണ്. നാളെ രാവിലെ എട്ടുമണിയോടെ വീട്ടിലെത്തിക്കുകയും അതിനു ശേഷം വരാപ്പുഴ പുത്തൻ പള്ളിയിൽ പൊതു ദർശനത്തിനു വച്ച് രണ്ടുമണിയോടെ ചേരാനല്ലൂർ പൊതുശ്‌മശാനത്തിൽ സംസ്കാരം നടത്താനുള്ള തയാറെടുപ്പിലാണ് വീട്ടുകാർ എന്നാണ് അറിയാൻ കഴിഞ്ഞത്. കരൾ മാറ്റിവയ്ക്കാൻ ഉള്ള നടപടികൾക്കായി ടിനി ടോം, സുരേഷ് ഗോപി ചേട്ടൻ തുടങ്ങിയവർ ശക്തമായി ഇടപെട്ടിരുന്നു. എല്ലാവരും ആത്മാർഥമായി പരിശ്രമിച്ചെങ്കിലും സുബി നമ്മെ വിട്ടു പോവുകയാണ് ഉണ്ടായത്’.
Leave a Comment