GeneralLatest NewsNEWS

ആ പ്രോ​ഗ്രാം കണ്ടപ്പോൾ വെറുപ്പും ദേഷ്യവുമായിരുന്നു എന്ന് ആരാധകൻ, ദൈവത്തിന് മാത്രമേ സത്യം എന്താണെന്ന് അറിയൂ എന്ന് രേഖ

സീരിയൽ നടിമാർക്കിടയിൽ വൻ ജനപ്രീതി നേടിയ നടിയാണ് രേഖ രതീഷ്. എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളെയും മികവുറ്റ രീതിയിൽ അവതരിപ്പിക്കുന്ന നടിയെന്ന പേര് രേഖയ്ക്ക് ടെലിവിഷൻ രം​ഗത്തുണ്ട്. പരസ്പരം ഉൾപ്പെടെയുള്ള സീരിയലുകളിൽ രേഖ ചെയ്ത വേഷം ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഏഷ്യാനെറ്റിന്റെ നിരവധി പുരസ്കാരങ്ങൾ ഇതിനകം രേഖയ്ക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ വ്യക്തി ജീവിതത്തിൽ പല വിവാദങ്ങളും നടിയോടൊപ്പം ഉണ്ടായിരുന്നു. നാല് തവണയാണ് രേഖ വിവാഹം കഴിച്ചത്. ഈ നാല് ബന്ധങ്ങളും നില നിന്നില്ല. മകനൊപ്പമാണ് രേഖ ഇന്ന് ജീവിക്കുന്നത്.

രേഖയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ചതെന്ന് പലരും അറിയുന്നത് വർഷങ്ങൾക്ക് മുമ്പ് പങ്കെടുത്ത ഒരു ചാനൽ പരിപാടിയിലൂടെയാണ്. കഥയല്ലിത് ജീവിതം എന്ന ഷോയിൽ രേഖ തന്റെ ഭർത്താവിനെ തന്നിൽ നിന്നകറ്റിയെന്ന് ഒരു യുവതി പരസ്യമായി ആരോപിച്ചു. ഈ യുവതി ഷോയിൽ വെച്ച് കരയുകയും ചെയ്തു. ഷോയിൽ രേഖയും പങ്കെടുത്തിരുന്നു. രണ്ട് പേരും തമ്മിൽ വാ​ഗ്വാദവും നടന്നു. ഈ സംഭവം ടെലികാസ്റ്റ് ചെയ്തതോടെ രേഖയ്ക്കെതിരെ വ്യാപക വിമർശനം വന്നു. രേഖ കുടുംബം തകർത്തവളാണെന്ന് കുറ്റപ്പെടുത്തലുകൾ വന്നു. അന്ന് ഈ വിമർശനങ്ങൾ രേഖയെ ഏറെ ബാധിച്ചിരുന്നു.

ആ സംഭവത്തിനു ശേഷം തനിക്ക് ഇൻസ്റ്റാഗ്രാമിൽ വന്ന ഒരു കമന്റിന് മറുപടി പറയുകയാണ് രേഖ ഇപ്പോൾ. ‘പണ്ടൊരിക്കൽ അമൃത ചാനലിലെ പ്രോ​ഗ്രാം കണ്ടപ്പോൾ ചേച്ചിയോട് വെറുപ്പും ദേഷ്യവുമായിരുന്നു. ഇനി കാലം ആ ദേഷ്യം ഇല്ലാതാക്കിയതാണോ തനിയെ ഇല്ലാതായതാണോ നിങ്ങളുടെ നിഷ്കളങ്കത കണ്ട് നിങ്ങളെ ഇഷ്ടപ്പെട്ടതാണോയെന്ന് അറിയില്ല, ഇപ്പോഴും എനിക്ക് നിങ്ങളുടെ ആറ്റിറ്റ്യൂഡും അഭിനയവും ഇഷ്ടമാണ്. മോൻ സുഖമായിരിക്കുന്നെന്ന് കരുതുന്നു,’ എന്നായിരുന്നു കമന്റ്.

‘ദൈവത്തിന് മാത്രമേ സത്യം എന്താണെന്ന് അറിയൂ. അതങ്ങനെ ഇരിക്കട്ടെ. ദൈവത്തെ മാത്രം എനിക്ക് ബോധിപ്പിച്ചാൽ മതി. പിന്നെ വെറുത്തതിനും ഇപ്പോൾ സ്നേഹിക്കുന്നതിനും നന്ദി. കാലം എല്ലാം ഒരു ദിവസം തെളിയിക്കും. അപ്പോൾ ചിലപ്പോൾ ഞാനുണ്ടാവണമെന്നില്ല. പക്ഷെ എന്റെ മോന് സത്യങ്ങൾ അറിയാം. അത് മതി’ – രേഖ മറുപടി നൽകി.

 

shortlink

Post Your Comments


Back to top button