മികവേറിയ കഥാപാത്രങ്ങളിലൂടെ ബോളിവുഡിൽ തിളങ്ങി നിന്നെങ്കിലും തന്റെ വസ്ത്രധാരണത്തിന്റെ പേരിലും നിരവധി ട്രോളുകളും അശ്ലീല പരാമർശങ്ങളും നേരിടേണ്ടി വന്ന താരറാണിയായിരുന്നു സീനത്ത് അമൻ. എന്നാൽ അത്തരം അശ്ലീല പരാമർശങ്ങൾ തന്നെ എപ്പോഴും രസിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത് എന്ന് പറയുകയാണ് നടി. സത്യം ശിവം സുന്ദരം സിനിമയ്ക്ക് വേണ്ടി ടെസ്റ്റ് ലുക്കിനായി എടുത്ത ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് വസ്ത്രധാരണത്തെ കുറിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സീനത്ത് അമൻ എന്ന നടിയുടെ നിർണായക ചിത്രമായിരുന്നു സത്യം ശിവം സുന്ദരം. സിനിമയിലെ താരത്തിന്റെ വസ്ത്രധാരണത്തെച്ചൊല്ലി വിവാദങ്ങളും ഉണ്ടായിരുന്നു. ഇതിനോടാണ് നടിയുടെ പ്രതികരണം.
താരത്തിന്റെ വാക്കുകൾ :
1977-ൽ സത്യം ശിവം സുന്ദരത്തിന്റെ ലുക്ക് ടെസ്റ്റിനിടെ ഫോട്ടോഗ്രാഫർ ജെ പി സിംഗാളെടുത്ത ചിത്രമാണ് ഇത്. ഷൂട്ട് ചെയ്തത് ആർ കെ സ്റ്റുഡിയോയിൽ വെച്ചാണ്. ഓസ്കർ ജേതാവ് ഭാനു അത്തയ്യയാണ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത്. ആ സിനിമയിലെ എന്റെ രൂപയെക്കുറിച്ച് നിരവധി വിവാദങ്ങൾ ഉണ്ടായിരുന്നു. ബോളിവുഡിന്റെ ചരിത്രം അറിയുന്നവരെല്ലാം ഇത് മറക്കാൻ സാധ്യതയില്ല. മനുഷ്യശരീരത്തിൽ അശ്ലീലമായി ഒന്നും കണ്ടെത്താത്തതു കൊണ്ട് തന്നെ അത്തരം ആരോപണങ്ങൾ എന്നെ എപ്പോഴും രസിപ്പിക്കുകയാണ് ചെയ്തത്.
ഞാൻ ഒരു സംവിധായകന്റെ അഭിനേത്രിയാണ്. ഈ രൂപം എന്റെ ജോലിയുടെ ഭാഗമാണ്. രൂപ എന്ന കഥാപാത്രത്തിന്റെ രൂപത്തിലെ ആകർഷണീയത ഇതിവൃത്തത്തിന്റെ പ്രധാന ഘടകം കൂടിയായിരുന്നു. സെറ്റിൽ നൂറ് കണക്കിന് ക്രൂ അംഗങ്ങൾക്ക് മുന്നിൽ ഓരോ നീക്കവും കൊറിയോഗ്രാഫ് ചെയ്യുകയും റിഹേഴ്സൽ ചെയ്യുകയും ചെയ്തിരുന്നു. സംവിധായകൻ രാജ് കപൂർ സിനിമയിലേക്ക് എന്നെ കൊണ്ടുവന്നെങ്കിലും എന്റെ പാശ്ചാത്യ ലുക്കിനെ കുറിച്ച് അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നു. ഈ രൂപത്തിൽ പ്രേക്ഷകർ തന്നെ സ്വീകരിക്കുമോ എന്ന് ഉറപ്പില്ലായിരുന്നു, അതുകൊണ്ടുതന്നെ ഒരു ലുക്ക് ടെസ്റ്റ് നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് 1956-ൽ പുറത്തിറങ്ങിയ ‘ജഗ്തേ രഹോ’ എന്ന ചിത്രത്തിലെ ലതാ ജിയുടെ പ്രശസ്തമായ ‘ജാഗോ മോഹൻ പ്യാരേ’ എന്ന ഗാനത്തിന്റെ ഒരു ചെറിയ റീൽ ഞങ്ങൾ വീണ്ടും ചിത്രീകരിച്ചത്. ഈ വേഷത്തിൽ ഞാൻ വന്നാൽ എങ്ങനെയായിരിക്കും പ്രതികരണം എന്നറിയാൻ രാജ് കപൂർ ആർ കെ സ്റ്റുഡിയോയിൽ ഈ റീലിന്റെ ഒരു പ്രദർശനം നടത്തിയിരുന്നു. ആ പ്രദർശനം വിജയമായിരുന്നു.’
Post Your Comments