സച്ചിയും സേതുവും ഒരുക്കിയ ‘ചോക്ലേറ്റ്’ എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരു സിനിമ ഒരുക്കാനായി ചര്‍ച്ച ചെയ്തിരുന്നതായി മണിയന്‍പിള്ള രാജു. ഇവരെ കൊണ്ട് ഒരു കഥ എഴുതിപ്പിച്ച് സിനിമയാകാനായിരുന്നു ഉദ്ദേശമെങ്കിലും ആ സിനിമ നടന്നില്ല എന്നാണ് മണിയന്‍പിള്ള രാജു ഒരു പ്രസ് മീറ്റില്‍ പറഞ്ഞത്.
താരത്തിന്റെ വാക്കുകൾ :
‘സച്ചി- സേതു എഴുതിയ ചോക്ലേറ്റ് എന്ന പടം നടക്കുമ്പോള്‍ അതിന്റെ കഥാതന്തു കേട്ടപ്പോള്‍ തന്നെ പുതുമ തോന്നിയിരുന്നു. അതുകൊണ്ട് സച്ചി-സേതുവിനെ കൊണ്ട് നമുക്ക് ഒരു കഥയെഴുതിക്കാമെന്ന് അന്‍വര്‍ റഷീദിനോട് താന്‍ പറഞ്ഞു. അങ്ങനെ ഫ്ളാറ്റ് എടുത്ത് ചര്‍ച്ച ചെയ്തു. മോഹന്‍ലാലിനെ വച്ച് ഇവര്‍ ഒരു കഥയുണ്ടാക്കി. എന്നാല്‍ നിര്‍മ്മാതാവ് എന്ന നിലയില്‍ തന്നെ കൊണ്ട് അത് ബാലന്‍സ് ചെയ്യാനാവില്ല.
മോഹന്‍ലാല്‍ വലിയ ഒരു ഗുസ്തിക്കാരനായിട്ടും അയാളുടെ അടുത്ത് പഠിക്കാന്‍ പോകുന്ന ആളായി പൃഥ്വിരാജും. നായകനായി ട്രൈ ചെയ്തിട്ട് പരാജയപ്പെട്ട ആളാണ് പൃഥ്വിയുടെ കഥാപാത്രം. ഹൈദരാബാദ് ആണ് കഥാപശ്ചാത്തലം. ഹെലികോപ്റ്റര്‍ സംഘട്ടനമൊക്കെയുണ്ടെന്ന് ഇവര്‍ പറഞ്ഞപ്പോഴേ താന്‍ ഞെട്ടി. മോഹന്‍ലാലിനെ നോക്കി കണ്ണ് കാണിച്ചു. തന്റെ മുഖത്തെ വിളര്‍ച്ച കണ്ട് മോഹന്‍ലാല്‍ ഇടപെട്ടു. ‘ഇത് ക്ലീഷേ പോലെയുണ്ടല്ലോ, നമുക്ക് വേറെ പിടിച്ചൂടേ’ എന്ന്. അപ്പോഴാണ് തനിക്ക് ശ്വാസം വീണത്. അപ്പോള്‍ അന്‍വര്‍ റഷീദും പറഞ്ഞു, നമുക്ക് ഒരു ഇടവേള എടുക്കാമെന്ന്. അങ്ങനെ ആ സിനിമ നടന്നില്ല.’
Post Your Comments