വൃക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കി നടൻ പൊന്നമ്പലം. ബന്ധുവും ഷോർട്ട്ഫിലിം സംവിധായകനുമായ ജഗന്നാഥനാണ് പൊന്നമ്പലത്തിന് വൃക്ക നൽകിയത്. കഴിഞ്ഞ ഒരുവർഷത്തിലേറെയായി വൃക്ക സംബന്ധിയായ അസുഖത്താൽ ബുദ്ധിമുട്ടിലായിരുന്നു അദ്ദേഹം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ നിരവധി വില്ലൻ വേഷങ്ങൾ അവതരിപ്പിച്ച് ശ്രദ്ധേയനായ പൊന്നമ്പലം രജനികാന്ത്, കമൽ ഹാസൻ, വിജയകാന്ത്, അർജുൻ, മോഹൻലാൽ തുടങ്ങി നിരവധി സൂപ്പർതാരങ്ങൾക്കൊപ്പം സ്ക്രീൻ പങ്കിട്ടിട്ടുണ്ട്.
ഫെബ്രുവരി ആറിന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഫെബ്രുവരി പത്തിനാണ് വിജയകരമായി ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചു വരികയാണ് അദ്ദേഹം. നേരത്തെ ശസ്ത്രക്രിയക്കുള്ള പണം സമാഹരിക്കുന്നതിനായി സഹപ്രവർത്തകരടക്കമുള്ളവരോട് പൊന്നമ്പലം അഭ്യർത്ഥിച്ചിരുന്നു. തുടർന്ന് സഹായവുമായി നടന്മാരായ കമൽഹാസൻ, ചിരഞ്ജീവി, ശരത്കുമാർ, ധനുഷ്, അർജുൻ, വിജയ് സേതുപതി, പ്രകാശ് രാജ്, പ്രഭുദേവ, സംവിധായകൻ കെ എസ് രവികുമാർ എന്നിവർ എത്തിയിരുന്നു. ശസ്ത്രക്രിയയ്ക്ക് സഹായിച്ചവർക്കും പിന്തുണച്ചവർക്കും പൊന്നമ്പലം നന്ദി അറിയിച്ചു.
അസുഖങ്ങളും സാമ്പത്തിക പ്രയാസങ്ങളും കാരണം 20-ലേറെ തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്ന് ഈയിടെ പൊന്നമ്പലം വെളിപ്പെടുത്തിയിരുന്നു. സ്റ്റണ്ട്മാനായാണ് സിനിമയിൽ പൊന്നമ്പലത്തിന്റെ അരങ്ങേറ്റം. 1988-ൽ കലിയുഗം എന്ന ചിത്രത്തിലൂടെ നടനായി തുടക്കംകുറിച്ചു. നിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും നാട്ടാമൈ എന്ന തമിഴ്ചിത്രത്തിലെ വില്ലൻ വേഷമാണ് കരിയറിലെ വഴിത്തിരിവ്. മലയാളത്തിൽ ആട് 2 എന്ന ചിത്രത്തിലെ ഹോട്ടലുടമയുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
Post Your Comments