ബോളിവുഡ് സിനിമ – നാടക നടന്‍ ജാവേദ് ഖാന്‍ അംരോഹി അന്തരിച്ചു

ബോളിവുഡ് സിനിമ – നാടക നടന്‍ ജാവേദ് ഖാന്‍ അംരോഹി (70) അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം.

150-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം പത്തിലധികം ടി വി ഷോകളിലും അഭിനയിച്ചു. ഏറെ പ്രേക്ഷകപ്രീതി നേടിയ ‘നുക്കഡ്’ എന്ന ടെലിവിഷൻ ഷോയിലെ ബാബർ കരീം എന്ന വേഷം ശ്രദ്ധേയമായിരുന്നു.

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബിരുദം നേടിയ വ്യക്തിയാണ് ജാവേദ് ഖാൻ. ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷന്റെ (ഇപ്റ്റ) ഒട്ടേറെ നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ള ഖാൻ 1970 മുതൽ നാടകത്തിൽ സജീവമായിരുന്നു.

ലഗാൻ, അന്ദാസ് അപ്ന അപ്നാ, ചക് ദേ ഇന്ത്യ, ഹം ഹേ രഹി പ്യാർ കേ, ലാഡ്‌ലാ, ഇഷ്ഖ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടു. മിർസ ഗാലിബ് എന്ന ടി വി ഷോയിലും അഭിനയിച്ചു. 2020-ൽ പുറത്തിറങ്ങിയ സഡക് 2 ആണ് അവസാന ചിത്രം. കബറടക്കം ഓഷിവാര കബറിസ്താനിൽ നടന്നു.

Share
Leave a Comment