Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsNEWS

ഹൃദയം തകരുക എന്നൊക്കെ പലരും പറയും പക്ഷേ ഞാനത് അനുഭവിച്ചവനാണ്: കണ്ണൻ സാഗർ

മിമിക്രി വേദികളിൽ നിന്ന് മിനി സ്‌ക്രീനിലേക്കും ബിഗ് സ്‌ക്രീനിലേക്കും എത്തിയ കലാകാരനാണ് കണ്ണൻ സാഗർ. കോമഡി വേഷങ്ങളിലാണ് താരം കൂടുതലും എത്തിയിട്ടുള്ളത്. മലയാളികൾക്ക് സുപരിചിതനായ മിമിക്രി താരങ്ങളിൽ ഒരാളായ കണ്ണൻ സാഗർ സോഷ്യൽ മീഡിയയിലും സജീവമാണ്. ഈ വാലന്റൈന്‍സ് ദിനത്തില്‍ നഷ്ടപ്രണയത്തിന്റെ കഥ ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കുകയാണ് താരം.

ഫെയ്‌സ്ബുക്ക് കുറിപ്പ്

ഞാന്‍ മനസുകൊണ്ട് ആദ്യമായി ഇഷ്ട്ടപെട്ട അവളെ കണ്ടാല്‍, അനുസരണയില്ലാത്ത വിടര്‍ന്നു പന്തലിച്ച ചുരുണ്ടമുടിക്കാരി പുറകോട്ടു കുത്തിയ ചന്ദനനിറമുള്ള അരക്കയ്യന്‍ ബ്ലൗസും , മുട്ടോളം ഇറക്കമുള്ള പൂക്കളുടെ പടം പ്രിന്റ്‌ചെയ്ത അല്‍പ്പം പഴകിയ പാവാടയും, ചെരുപ്പ് ഇടാത്ത കാലില്‍ അഴുക്കു പുരണ്ട വെള്ളി പാദസരം കുറേ പഴക്കം തോന്നും, ഉണ്ടകണ്ണും, നീണ്ടമൂക്കും വട്ടമുഖവും, ഭംഗിയുള്ള ചിരിയില്‍ കവിളത്തു ഞൊണ്ണകുഴിയും, അല്‍പ്പം തടിച്ച ചുണ്ടും, നെറ്റിയില്‍ ചന്ദനകുറിയും, മുല്ലമൊട്ടു പോലെ കാതില്‍ രണ്ട് മൊട്ടുകമ്മലുകളും, കഴുത്തില്‍ കറുത്ത ചെറിയ മുത്തുമാലയും ഇട്ടു കയ്യില്‍ ഒരു അരുവയും ഒരു ചാക്കുമായി വൈകും നേരങ്ങളില്‍ പുല്ലു ചെത്താന്‍ പോകുന്ന അവളെ കാണാന്‍ തന്നെ ഞാന്‍ മെനക്കെട്ടു കാത്തിരിക്കാറുണ്ടായിരുന്നു.

പ്രണയം എന്റെ തലയ്ക്കു പിടിച്ചത് അവള്‍ അറിഞ്ഞിരുന്നില്ല, ഞാന്‍ പലപ്പോഴും പറയാന്‍ ശ്രമിക്കുമ്പോഴും സാഹചര്യം വഴി മുടക്കിയിരുന്നു, നിവര്‍ത്തിയില്ലാതെ ആയപ്പോഴാണ് എന്താ പോംവഴിയെന്നു ആലോചിച്ചതും മറുപടി നല്‍കാനായി അടുത്തുള്ളൊരാളെ കൂട്ടുപിടിച്ചതും, ഒന്നിച്ച് നിന്നു സംസാരിക്കാന്‍ സാഹചര്യങ്ങള്‍ കൂടുതല്‍ വന്നില്ലെങ്കിലും പരിചയപ്പെട്ട ഹംസത്തെവെച്ച് ഭാവി കാര്യങ്ങളെ കുറിച്ച്, മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് ചര്‍ച്ചചെയ്യപ്പെട്ടു, അവള്‍ പറഞ്ഞതൊക്കെയും ലളിത ജീവിതം തന്നെ.

ഞരമ്പില്‍ പിടിച്ച പ്രണയം ഊണില്ല ഉറക്കമില്ല മനഃസമാധാനമില്ല. മുന്നോട്ടുള്ള ജീവിതത്തില്‍ ഒരു തൊഴില്‍ വശമാക്കി കുറേ പണം സംമ്പാധിച്ചു ആര്‍ഭാടമായി ജീവിക്കണം എന്നൊരു മോഹം ഞാനത് എന്റെ പ്രണയിനിയെ ഹംസംമുഖേന അറിയിച്ചു അവളും സമ്മതം മൂളി. ഞാന്‍ മലബാര്‍ പ്രദേശത്തേക്ക് യാത്രയായി. നേരില്‍ കത്തുകള്‍ ഇട്ടാല്‍ വീട്ടുകാര്‍ക്ക് ഒരു ചോദ്യത്തിനുള്ള കാരണമാകും എന്നു കണ്ടു ഹംസത്തിന്റെ പേരില്‍ കത്തുകള്‍ എഴുതി കൊണ്ടിരുന്നു, ആദ്യമൊക്കെ മറുപടി വന്നു കൊണ്ടിരുന്നു പിന്നീട് ഹംസവും എന്നെ തഴഞ്ഞതു പോലെ ഒരു തോന്നല്‍.

രണ്ടുമൂന്നു വര്‍ഷത്തിന് ശേഷം ഞാന്‍ തൊഴില്‍ സ്വായത്തമാക്കി അത്യാവശ്യം ജോലി ചെയ്യാവുന്ന ആളായിമാറി. പ്രണയം കൊണ്ടു മാത്രമാണ് വാശിക്ക് ഞാന്‍ തൊഴില്‍ പെട്ടന്ന് പഠിച്ചതും. ഇനി അവളെ സ്വന്തമാക്കണം വീട്ടുകാരുമായി ആലോചിക്കണം എന്ന ചിന്തയിലാണ് ഞാന്‍ നാട്ടിലേക്ക് വണ്ടി കയറിയതും. മനസ്സില്‍ ഒരുപാട് സങ്കല്‍പ്പങ്ങളും പറഞ്ഞു തീരാത്തത്ര പ്രണയവും, സ്വന്തമാക്കാനുള്ള ത്വരയും, ഒന്നിച്ച് ജീവിക്കാനുള്ള മോഹവും സ്വപ്നം കണ്ടു. അതിനു ശേഷം ഇന്നുവരെ അനുഭവിക്കാത്ത അനുഭൂതിയും നിറഞ്ഞ മനസ്സുമായി എന്റെ ജന്മനാട്ടില്‍ അര്‍ദ്ധരാത്രിക്ക് ശേഷം വണ്ടിയിറങ്ങി. മനസ്സില്‍ പ്രണയിനിയുടെ മുഖം മുന്നില്‍ തെളിഞ്ഞു തെളിഞ്ഞു വരുന്നു. പുലരുമ്പോള്‍ ഉടുത്തൊരുങ്ങി കയ്യില്‍ അല്‍പ്പം പണവും ഒക്കെ കരുതി ക്ഷേത്രദര്‍ശനവും ഒക്കെ കഴിഞ്ഞു അവളെ കാണുവാനുള്ള ആകാംഷയോടെ ആദ്യം തിരക്കിയത് എനിക്ക് ഇടനിലനിന്ന ഹംസത്തെയാണ്. അവന്റെ വിവാഹം കഴിഞ്ഞു രണ്ട് മാസമായി എന്നറിഞ്ഞു. ഞാന്‍ മനസ്സില്‍ കരുതി ഇവന്‍ എന്തൊരു മനുഷ്യനാ നിരന്തരം എഴുത്തിലൂടെ ബന്ധപ്പെട്ടു കൊണ്ടിരുന്ന (ലാൻഡ് ഫോണ്‍ മാത്രമേ അന്ന് കൂടുതലായി ഉള്ളൂ, അതില്‍ ബന്ധപ്പെടാന്‍ സമയവും കാലവും ഒക്കെ നോക്കുന്ന കാലം) എന്നെ ഇവന്‍ കല്യാണം വിളിച്ചില്ലല്ലോ എന്നു മനസുകൊണ്ട് ചിന്തിച്ചു. പോട്ടെ സാരമില്ല ഞാന്‍ കുറേ ദൂരെയായിരുന്നല്ലോ അതാവും വിളിക്കാഞ്ഞത്. പെണ്‍കുട്ടി എവിടുത്തുകാരിയാണ് എന്ന ചോദ്യത്തിന്റെ മറുപടി എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലായി ഇന്നും രേഖപ്പെടുത്തിയിരിക്കുന്നു. എനിക്ക് ഹംസമായി നിന്നവന്‍ എന്റേതെന്നു കരുതിയ പ്രണയിനിയെ സ്വന്തമാക്കി.

എന്നേ കുറിച്ച് കുറേ കള്ളങ്ങളോ കുറ്റങ്ങളോ, പ്രാപ്തിയില്ലാത്തവനെന്നോ ഉത്തരവാദിത്വം തീരെയില്ലാത്തവനെന്നോ, നിന്നോട് ഇഷ്ടമില്ലാത്തതിനാല്‍ മാറിപോയെന്നോ ഒക്കെ പറഞ്ഞു പടര്‍ത്തിയിരിക്കാം ഇവളോടും വീട്ടുകാരോടും. ഹൃദയം തകരുക എന്നൊക്കെ പലരും പറയും പക്ഷേ ഞാനത് അനുഭവിച്ചവനാണ്. കേട്ടപാടെ കണ്ണില്‍ ആദ്യം ഇരുട്ടു നിറഞ്ഞു, ഹൃദയം താഴേക്കു വീഴുമ്പോലെ ശരീരം തളരുന്നത് തൊട്ടറിഞ്ഞപോലെ ഒരു തോന്നല്‍.

പ്രണയത്തിന്റെ തീവ്രതയും, കാടിന്യവും, പരവേശവും, ആര്‍ത്തിയും, ജിജ്ഞാസയും, സ്‌നേഹവും, മാധുര്യവും, കരുതലും, ഒന്നിച്ചുള്ള ജീവിതലക്ഷ്യവും ദിവാസ്വപ്നം കണ്ടു നടന്ന ഞാന്‍ പെട്ടന്നാരോ കാരാഗൃഹത്തില്‍ ഇരുട്ടു നിറഞ്ഞ മുറിയില്‍ പുറംലോകം അറിയാതെ കൊണ്ടിട്ടു. അതില്‍ കിടന്നു പൊട്ടിക്കരഞ്ഞ വിങ്ങിയ മനസ്സ് ഇന്നേവരെ ഞാനാരേയും കാട്ടിയിട്ടില്ല. ഒട്ടു ആരോടും പറഞ്ഞിട്ടുമില്ല.

കുറേ നാളുകള്‍ക്കു ശേഷം ഇതിനെല്ലാം കാരണം ഞാന്‍ തന്നെയെന്ന ബോധം മദ്യം നല്‍കിയ ലഹരിയില്‍ എന്നിലേക്കുതന്നെ ആഴ്ന്നിറങ്ങി. ഞാന്‍ എന്നോടു തന്നെ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി. നീ അമിതമായി വിശ്വാസം അര്‍പ്പിച്ചവര്‍ തന്നെ നിന്റെ ബലഹീനതയ്ക്ക് വിലയിട്ട് അവര്‍ സ്വന്തമാക്കി ഇതിനെ ചതിയെന്നോ, വിശ്വാസവഞ്ചനയെന്നോ, കുതികാൽ വെട്ടന്നോ അങ്ങനെ എന്തു പേരിട്ടു വിളിച്ചാലും നിനക്കുള്ളതെന്നു കരുതിയതൊക്കെയും ഒരിക്കല്‍ നഷ്ടപ്പെടാം അതിനു നീ തന്നെ കാരണമെന്ന് സ്വയം ആശ്വസിച്ചു മുന്നോട്ടുപോയി. വര്‍ഷങ്ങളെടുത്തു ആ പ്രണയത്തില്‍ നിന്നും വഴിമാറി അവളുടെ മുഖം മറക്കാനും, ആ ജീവിതദുരന്തത്തില്‍ നിന്നും മുക്തിനേടാനും. പിന്നീട് പ്രണയം മുഴുവനും കലയോടായിരുന്നു കലാപരിപാടികളോടായിരുന്നു പത്തുപേരറിയുന്ന ഒരുവനാക്കുക എന്നതായിരുന്നു.

പ്രണയം കണ്ണില്ലാത്ത കാതില്ലാത്ത മൂക്കില്ലാത്ത കവിളിലാത്ത കയ്യില്ലാത്ത കാലില്ലാത്ത ഒരു വല്ലാത്ത പ്രാന്തന്‍ സ്വപാപമാണ്, അതില്‍ വശംവദരാകാത്തവർ ചുരുക്കം പ്രണയിച്ചു ഒന്നായി ജീവിക്കുക സ്വപ്നം കണ്ടിരിക്കുക അതൊരു മനഃസുഖമാണ്. പ്രണയിച്ചവർക്ക്, പ്രണയിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് ഇനി പ്രണയിക്കാനിരിക്കുന്നവര്‍ക്ക് ഹൃദയം തുറന്നു പറയുക നീയെന്നെയറിയണം ചതിക്കരുതേയെന്ന് …
ഒരു ഫ്രീക്കന്‍ പ്രണയദിനാശംസകള്‍… ?

shortlink

Related Articles

Post Your Comments


Back to top button