
തമിഴ്നാട്ടിലെ പ്രസിദ്ധമായ പഴനി ക്ഷേത്രം സന്ദർശിച്ച് നടി സാമന്ത. അടുത്തിടെയാണ് മയോസിറ്റിസ് എന്ന രോഗം ബാധിച്ചെന്നും അതിൽ നിന്ന് മുക്തയായി വരികയാണെന്നും നടി വെളിപ്പെടുത്തിയത്. പുതിയ ചിത്രങ്ങളും വെബ്സീരീസുകളുമൊക്കെയായി അഭിനയരംഗത്ത് വീണ്ടും സജീവമാകാനൊരുങ്ങവെയാണ് താരം ക്ഷേത്രം സന്ദർശിച്ചത്.
തിങ്കളാഴ്ചയാണ് സാമന്ത പഴനിയിലെത്തിയത്. 96, ജാനു എന്നീ ചിത്രങ്ങളുടെ സംവിധായകനായ പ്രേംകുമാറും സാമന്തയ്ക്കൊപ്പമുണ്ടായിരുന്നു. ക്ഷേത്രത്തിലേക്കുള്ള 600 പടികളും അവർ നടന്നുകയറി. കർപ്പൂരം കത്തിച്ച് പ്രാർത്ഥിക്കുകയും ചെയ്തു. ദർശനത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
ഗുണശേഖർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ശാകുന്തളമാണ് സാമന്തയുടേതായി പ്രദർശനത്തിന് തയ്യാറായിരിക്കുന്ന ചിത്രം. ദേവ് മോഹൻ ആണ് നായകൻ. കാളിദാസ ശാകുന്തളത്തെ അടിസ്ഥാനമാക്കിയൊരുക്കിയ ചിത്രം പാൻ ഇന്ത്യൻ റിലീസിന് തയ്യാറെടുക്കുന്നത്. ഏപ്രിൽ 14-നാണ് ചിത്രം തിയേറ്ററുകളിലെത്തുക. രാജ് – ഡി കെ ടീമിന്റെ സിറ്റാഡെൽ ഇന്ത്യൻ പതിപ്പിലും സാമന്തയാണ് നായിക. വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള കുഷിയും താരത്തിന്റേതായി അണിയറയിലൊരുങ്ങുന്നുണ്ട്.
Post Your Comments