ഹോളിവുഡ് സിനിമയില്‍ അഭിനയിച്ച ആദ്യ പാക് നടന് സിയ മൊഹിയുദ്ദീന്‍ (91 ) അന്തരിച്ചു. പനിയും വയറു വേദനയും തുടര്‍ന്ന് കഴിഞ്ഞ ദിവസം കറാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തെ നില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഇന്ന് പുലര്‍ച്ച് 6.30 ന് മരിക്കുകയായിരുന്നു. കുടുംബമാണ് മരണ വിവരം പുറത്തു വിട്ടത്.
1931 ല്‍ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ഫൈസലാബാദിലാണ് സിയ മൊഹിയുദ്ദീന്‍ ജനിച്ചത്. പാകിസ്ഥാനി സിനിമ- ടെലിവിഷന്‍ രംഗത്തിനൊപ്പം ഹോളിവുഡിലും ശ്രദ്ധേയനായ താരം നിരവധി ഹോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ടു. ഡേവിഡ് ലീന്‍ സംവിധാനം ചെയ്ത ലോറന്‍സ് ഓഫ് അറേബ്യ, ഫ്രെഡ് സിന്നെമന്റെ ബിഹോള്‍ഡ് ദി പെയില്‍ ഹോര്സെയ്ന്, ജാമില്‍ ഡെഹ്ലാവിയുടെ ഇമ്മാകുലേറ്റ് കോണ്സെപ്ഷന് എന്നിവയാണ് പ്രധാന സിനിമകള്‍.
അഭിനയത്തില്‍ മാത്രമല്ല ടെലിവിഷന്‍ രംഗത്തും കവിതയിലുമെല്ലാം തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള താരം പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. എ കാരറ്റ് ഇസ് എ കാരറ്റ്, തിയട്രിക്സ്, ദി ഗോഡ് ഓഫ് മൈ ഐഡോളട്രി മെമ്മറീസ് ആന്‍ഡ് റിഫ്ലക്ഷൻസ് എന്നിവയാണ് പുസ്തകങ്ങള്‍. കലാരംഗത്തെ സമഗ്രസംഭാവന കണക്കിലെടുത്ത് 2012ല്‍ പാകിസ്ഥാനിലെ രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ ഹിലാല്‍ ഇ ഇംതിയാസ് നല്കി ആദരിച്ചിരുന്നു. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഷ് മൊഹിയുദ്ദീനിന്റെ വിയോഗത്തില്‍ ആദരാജ്ഞലി അര്‍പ്പിച്ചു.
Post Your Comments