ഒരു പ്രണയ ദിനം കൂടി കടന്നു വരികയാണ്. പ്രണയിക്കുന്നവരും പ്രണയിക്കാൻ താത്പര്യമുള്ളവരുമെല്ലാം ആഘോഷിക്കുന്ന പ്രണയത്തെക്കുറിച്ച് നടി മഞ്ജു പിള്ള പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു. കെ.പി.എ.സി ലളിത തന്നോട് പറഞ്ഞ ഒരു പ്രണയകഥ പങ്കുവച്ചിരിക്കുകയാണ് താരമിപ്പോൾ.
മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ,
‘കഥകളുടെ കെട്ടഴിക്കാനുണ്ടാകും ഒരോ വാലന്റൈൻ ദിനത്തിനും. പ്രണയത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ എന്റെ മനസ്സിൽ ആദ്യം വരുക ലളിതാമ്മ (കെ.പി.എ.സി ലളിത) പറഞ്ഞ ഒരു കഥയാണ്. കഥയല്ല, യഥാർഥ സംഭവം. ഒരു സ്ത്രീയുടെ കാത്തിരിപ്പാണത്. അതായത്, വിവാഹം കഴിഞ്ഞ് മൂന്നാം മാസം അവരുടെ ഭർത്താവ് തന്റെ ജോലിയുടെ ഭാഗമായി കപ്പലിലേക്ക് പോയി. എന്നാൽ ആ യാത്രയില്‍ കപ്പൽ മുങ്ങി, അദ്ദേഹത്തെ കാണാതായി. മൃതശരീരം പോലും ലഭിച്ചില്ല. മരിച്ചു എന്നുറപ്പ്. എങ്കിലും ആ സ്ത്രീ മാത്രം അതു വിശ്വസിക്കുവാൻ തയാറായില്ല. മുപ്പതു വർഷത്തിലധികം കഴിഞ്ഞു. ഇപ്പോഴും താലിയഴിക്കാതെ, അവർ ഭർത്താവിനായി കാത്തിരിക്കുകയാണ്. മൃതദേഹം കാണാതെ താൻ ആ വിയോഗം വിശ്വസിക്കില്ലെന്നാണ് അവർ പറയുന്നത്. അദ്ദേഹം മരിച്ചിട്ടില്ല, തിരിച്ചു വരുമെന്നാണ് അവർ വിശ്വസിക്കുന്നത്. ഒന്നാലോചിച്ചു നോക്കൂ, ഇത്രയും പ്രതീക്ഷയോടെയും ആഗ്രഹത്തോടെയും ഒരു സ്ത്രീ ഒരു പുരുഷനു വേണ്ടി കാത്തിരിക്കുന്നുവെങ്കിൽ ആ ചുരുങ്ങിയ കാലത്തിനിടെ എത്രത്തോളം സ്നേഹം അയാളവർക്കു പകർന്നു കൊടുത്തിട്ടുണ്ടാകും…അതല്ലേ പ്രണയം…അതല്ലേ പ്രണയത്തിന്റെ സൗന്ദര്യം…’
പ്രണയത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ ‘വനിത ഓൺലൈനോട്’ പറഞ്ഞപ്പോഴാണ് മഞ്ജു പിള്ള ഈ കഥ പറഞ്ഞത്.
Post Your Comments