തന്റെ ശാരീരിക പരിമിതികളെയെല്ലാം തോൽപ്പിച്ച് നടനായും നിർമ്മാതാവായും സിനിമാലോകത്ത് തിളങ്ങിയ നടനാണ് ഗിന്നസ് പക്രു. തുടക്ക കാലത്ത് ഒരുപാട് അവഗണനകൾ സഹിക്കേണ്ടി വന്ന നടനാണ് പക്രു. ബുദ്ധിമുട്ടുകളും പ്രതിസന്ധികളും നിറഞ്ഞ കുട്ടിക്കാലമായിരുന്നു നടന്റെത്. ഇപ്പോഴിതാ തന്റെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് താരം മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ.
താരത്തിന്റെ വാക്കുകൾ :
‘ഞാൻ തിരുവനന്തപുരം മുതൽ ചങ്ങനാശ്ശേരി വരെ ബസിൽ നിന്ന് യാത്ര ചെയ്ത് വന്നിട്ടുണ്ട്. ഇരിക്കാൻ സീറ്റ് നൽകാത്തത് കൊണ്ട്. അതൊന്ന് ആലോചിച്ചു നോക്കിക്കേ. ഒരു ശകലം ഇടം തന്നാൽ എനിക്ക് ഇരിക്കാമായിരുന്നു. ആ സമയത്ത് കെഎസ്ആർടിസിയിൽ കൂപ്പണുമായാണ് ആളുകൾ കയറുന്നത്. കയറി കഴിഞ്ഞാൽ അപ്പോൾ തന്നെ ഉറങ്ങി കളയും, കണ്ണ് തുറന്നാൽ മറ്റൊരാൾക്ക് മാറി കൊടുക്കേണ്ടി വന്നാലോ എന്ന് കരുതിയിട്ട്. ചങ്ങനാശ്ശേരിയിൽ എത്തിയപ്പോൾ ഒരാൾ മാറി. അപ്പോഴാണ് എനിക്ക് ഇരിക്കാൻ പറ്റിയത്.
അന്ന് ഞാൻ ആ വണ്ടിയിൽ ഇരുന്ന് ആലോചിച്ചു എന്നെങ്കിലും ഒരു കാർ വാങ്ങണമെന്ന്. എന്നിട്ട് ഈ റൂട്ടിലൂടെ ഒന്ന് പോരണമെന്ന്. ആ സമയത്ത് അങ്ങനെ മാറ്റി നിർത്തലുകളും ബുദ്ധിമുട്ടുകളും അനുഭവിച്ചൊരാൾ അവിടെ നിന്ന് ഇവിടെ എത്തിയത് ചിന്തിക്കുമ്പോൾ സമൂഹം പോലും മാറിയിട്ടുണ്ട്.
ഇന്നിപ്പോൾ അങ്ങനെയൊരു അവസ്ഥയില്ല. എന്നെ പോലൊരാൾ നിൽക്കുകയാണെങ്കിൽ ഒരാൾ സീറ്റ് നൽകിയില്ലെങ്കിലും മറ്റൊരാളെങ്കിലും പറയും മാറി കൊടുക്കാൻ. ചിലപ്പോൾ ഒരു യുവാവ് ആയിരിക്കും അത് പറയുക. അങ്ങനെ ഒരാളാകും എഴുന്നേറ്റ് നൽകുന്നത്. അതൊക്കെ നമ്മുടെ സമൂഹത്തെ സംബന്ധിച്ച് നല്ല കാര്യമല്ലേ’.
Post Your Comments