ലോകത്തെ മികച്ച ചലച്ചിത്രാകാരനായ വിഖ്യാത സ്പാനിഷ് ചലച്ചിത്രകാരന് കാര്‍ലോസ് സൗറ അന്തരിച്ചു. 91 വയസ്സായിരുന്നു. 2013 ല്‍ കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്ന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നേടിയ വ്യക്തിയായിരുന്നു അദ്ദേഹം.
സ്പാനിഷ് ചലച്ചിത്രസംവിധായകനും ഫോട്ടോഗ്രഫറും എഴുത്തുകാരനുമായ സൗറ വിഖ്യാത സ്പാനിഷ് ചലച്ചിത്രകാരന്മാരായ ലൂയി ബുനുവലിന്റെയും പെഡ്രോ അല്മദോറിന്റെയും ഗണത്തില്‍പ്പെടുത്തേണ്ട സംവിധായകനായിരുന്നു. ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ അദ്ദേഹത്തിന് വലിയ ആരാധകവൃന്ദം ഉണ്ട്. സൗറയുടെ മിക്ക ചിത്രങ്ങളും കേരളത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 1957-58 കാലയളവവിലാണ് സൗറ ഷോര്‍ട്ട് ഫിലിം മേക്കിംഗില്‍ നിന്നും ഫീച്ചര്ഫിലിമിലേക്ക് തിരിയുന്നത്.
ആദ്യ ചിത്രമായ ക്യയെന്ക കാന്‍ ചലച്ചിത്രോത്സവത്തില്‍ ശ്രദ്ധ നേടി. അധികം വൈകാതെ 1966 ല്‍ തന്നെ ബെര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ മികച്ച സംവിധായകനുള്ള സില്‍വര്‍ ബെയര്‍ അവാര്‍ഡ് ലാ കാസ എന്നചിത്രത്തിലൂടെ കരസ്ഥമാക്കി. അടുത്തവര്‍ഷം പെപ്പര്‍മിന്റ് ഫ്റാപ്പെ എന്ന ചിത്രത്തിലൂടെ രണ്ടാം വട്ടവും മികച്ച സംവിധായകനുള്ള സില്‍വര്‍ബെയര്‍ നേടിയതോടെ സൗറ ലോകചലച്ചിത്രാസ്വദകര്ക്ക് പ്രിയങ്കരനായി. 1981 ൽ ഡെപ്രിസ ഡെപ്രിസ എന്ന ചിത്രത്തിലൂടെ ബെര്‍ലിനില്‍ മികച്ച സിനിമയ്ക്കുള്ള ഗോള്‍ഡന്‍ ബെയറും സൗറയെ തേടിയെത്തി. കഴിഞ്ഞ വര്‍ഷം ഐ.എഫ്.എഫ്.ഐയില്‍ സൗറയ്ക്കുവേണ്ടി മകളാണ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് സ്വീകരിച്ചത്.
Post Your Comments