മലയാളത്തിലെ പ്രോമിസിങ് നടിമാരിൽ ഒരാളാണ് രജിഷ വിജയൻ. തന്റെ ആദ്യ സിനിമയായ അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും സ്വന്തമാക്കിയ താരം പിന്നീടങ്ങോട്ട് ജൂൺ, ഫൈനൽസ്, കർണൻ, ഖോ ഖോ, ജയ് ഭീം എന്നിങ്ങനെ നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാഗമായി. ഇപ്പോഴിതാ, തന്റെ കൃത്യനിഷ്ഠയ്ക്ക് പിന്നിലെ കാരണത്തെ കുറിച്ചും തന്റെ വേഷങ്ങളെ കുറിച്ചും സിനിമ മേഖലയിലെ സമത്വത്തെ കുറിച്ചുമെല്ലാം തുറന്നു പറയുകയാണ് രജിഷ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ.
രജിഷയുടെ വാക്കുകൾ:
‘എന്നോട് അച്ഛൻ പറഞ്ഞ ഒരു കാര്യമുണ്ട്. ഒരിടത്ത് നമ്മൾ പോകുമ്പോൾ അവിടെയുള്ള എല്ലാവരുടെയും സമയത്തിന് ഒരേ വാല്യൂ ആണ് ഉള്ളതെന്ന്. അതായത് ഒരു സിനിമയിൽ വർക്ക് ചെയ്യുമ്പോൾ എന്റെയും സംവിധായകന്റെയും പ്രൊഡക്ഷൻ ബോയുടെ പോലും സമയത്തിന് ഒരേ മൂല്യമാണെന്ന്. അതുകൊണ്ട് ഞാൻ കാരണം ഒരിടത്തും ഒരു ഡിലെ വരരുതെന്ന് ആഗ്രഹിക്കാറുണ്ട്. അതുകൊണ്ട് കൃത്യനിഷ്ഠ വരുത്താൻ ശ്രദ്ധിക്കാറുണ്ട്. അച്ഛൻ ആർമിയിൽ ആയിരുന്നു. അങ്ങനെ കിട്ടിയ ബേസിക്ക് ഡിസിപ്ലിൻ ആണെന്ന് തോന്നുന്നു. വൈകുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമല്ല. നമ്മുടേതല്ലാത്ത കാരണങ്ങൾ കൊണ്ട് അങ്ങനെ വന്നേക്കാം അല്ലെങ്കിൽ കൃത്യനിഷ്ഠ പാലിക്കുന്ന ആളാണ് ഞാൻ. എന്നാൽ പൊതുവെ വലിയ മടിയുള്ള ആളുമാണ് ഞാൻ. ഷൂട്ടിലാത്തപ്പോൾ ഭയങ്കര മടിയാണ്.
ഞാൻ ഒരിക്കലും എന്നെ മാർക്കറ്റ് ചെയ്തിട്ടില്ല. സോഷ്യൽ മീഡിയിൽ പോലും ആക്റ്റീവ് അല്ല. അത് ഞാൻ എന്റെ പ്രൈവസിയെ ഇഷ്ടപ്പെടുന്ന ആളായത് കൊണ്ടാണ്. എന്റെ പേഴ്സണൽ ലൈഫ് എന്റേത് മാത്രം ആണ് എന്ന് കരുതുന്ന ആളാണ് ഞാൻ. പബ്ലിക്കിൽ നിൽക്കുന്ന ആളായത് കൊണ്ട് തന്നെ. ഒറ്റയ്ക്കുള്ള എന്റെ സമയങ്ങൾ എന്റേത് മാത്രമാകണം എന്ന് എനിക്ക് ആഗ്രഹുമുണ്ട്.
അതുപോലെ ചിലർക്ക് മാർക്കറ്റിങ് ഏജൻസിയും കാസ്റ്റിങ് ഏജൻസിയും ഒക്കെ ഉണ്ടാകും. എനിക്ക് അങ്ങനെയൊന്നും ഇല്ല. നിങ്ങൾ ചെയ്യുന്നത് നല്ലതാണെങ്കിൽ അത് മതിയെന്ന് ചിന്തിക്കുന്ന ആളാണ് ഞാൻ. എന്റെ സിനിമകളിലൂടെ എന്നെ പ്രേക്ഷകർ അറിഞ്ഞാൽ മതി. അതിലൂടെ എനിക്ക് അടുത്തത് വരുമെന്നാണ് ചിന്തിക്കുന്നത്. കൊമേർഷ്യൽ സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. ആളുകളെ ചിരിപ്പിക്കാൻ ഇഷ്ടമുള്ള ആളാണ്. പക്ഷെ അപ്പോഴും എനിക്ക് ചെയ്യാനുള്ള എന്തെങ്കിലും ഉണ്ടാവണം എന്ന് ആഗ്രഹമുണ്ട്. വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാൻ ശ്രമിക്കുന്നത് കൊണ്ട് തന്നെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടും എന്ന ചിന്ത എനിക്കില്ല’.
Post Your Comments