മലയാള സിനിമിയുടെ ആദ്യ നായിക പി കെ റോസിയുടെ 120-ാം ജന്മവാര്‍ഷിക ദിനത്തില്‍ പ്രത്യേക ഡൂഡില്‍ പുറത്തിറക്കി ഗൂഗിള്‍. സ്ത്രീകൾ പൊതുരംഗത്ത് കടന്നുവരാത്ത കാലത്ത്, അവര്‍ണരെന്ന് മുദ്രകുത്തി എല്ലായിടത്തു നിന്നും മാറ്റി നിര്‍ത്തിയിരുന്ന ഒരു ജനസമൂഹത്തില്‍ നിന്നും വഴിയിലൂടെ നടക്കാനോ, പൊതു ഇടങ്ങളിലേക്കു പ്രവേശിക്കാനോ പോലും സാധ്യമല്ലാതിരുന്ന ഒരു കാലത്ത് സധൈര്യം മലയാള സിനിമാ ലോകത്തേയ്ക്ക് വന്ന കലാകാരിയാണ് പി കെ റോസി.1903-ല്‍ ഇതേദിവസം തിരുവനന്തപുരത്തായിരുന്നു രാജമ്മ എന്ന പി.കെ റോസിയുടെ ജനനം.
1928 ൽ ചിത്രീകരണമാരംഭിച്ച ആദ്യമലയാള ചലച്ചിത്രമായ വിഗതകുമാരനിലൂടെയാണ് പി കെ റോസി ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. രചന, സംവിധാനം, നിർമ്മാണം എന്നിവ നിർവ്വഹിച്ചതും ചിത്രത്തിലെ നായകവേഷത്തിൽ അഭിനയിച്ചതും ജെ.സി. ദാനിയേൽ ആണ്. സരോജം എന്ന നായികാ കഥാപാത്രത്തെയാണ് പി കെ റോസി വിഗതകുമാരനിൽ അവതരിപ്പിച്ചിരിക്കുന്നത്. അങ്ങനെ മലയാള സിനിമാ ചരിത്രത്തിലെ ആദ്യ നായികയായ ദലിത് ക്രിസ്ത്യന്‍ വനിത കൂടിയായി അവര്‍ മാറി.
1930 നവംബർ ഏഴിന് തിരുവനന്തപുരം കാപ്പിറ്റോള്‍ തിയേറ്ററിലായിരുന്നു മലയാളത്തിലെ ആദ്യ നിശ്ശബ്ദ സിനിമയായ വിഗതകുമാരൻറെ ആദ്യ പ്രദർശനം. സിനിമയിലെ സവർണ്ണ കഥാപാത്രമായി കീഴ്ജാതിക്കാരി അഭിനയിച്ചു എന്ന കാരണത്താല്‍ തിയേറ്ററിൽ നായികയായ റോസിയുടെ ചിത്രം കടന്നു വന്നപ്പോഴൊക്കെ കാണികൾ കൂവിയും ചെരിപ്പ് വലിച്ചെറിഞ്ഞുമാണ് എതിരേറ്റത്. പി കെ റോസി അവതരിപ്പിച്ച സരോജിനി എന്ന നായികാ കഥപാത്രം തലയിലണിഞ്ഞ പൂവ്, നായകൻ ചന്ദ്രകുമാർ എടുക്കുന്ന രംഗം അന്നത്തെ കാണികളെ വല്ലാതെ പ്രകോപിപ്പിച്ചു. സിനിമ പ്രദര്‍ശിപ്പിച്ച സ്ക്രീന്‍ കുത്തിക്കീറുക വരെ ചെയ്ത കാണികള്‍ നായിക റോസിയെ പരസ്യമായി വസ്ത്രാക്ഷേപം ചെയ്യുക വരെയുണ്ടായി. നായിക സരോജിനിയുടെ സദാചാരമില്ലായ്മയോടുള്ള അരിശം നായികയെ അവതരിപ്പിച്ച നടിക്കു നേരേയും ഉണ്ടായി. റോസിയുടെ ജീവിതം ദുസ്സഹമായിത്തീർന്നു. റോസിയെ ആക്രമിക്കുകയും അവരുടെ വീടിനു നേർക്ക് കല്ലേറു നടത്തുകയും, ഒടുവിൽ അവരുടെ വീടിനു തീ വെയ്ക്കുകയും ചെയ്തു കൊണ്ടാണ് സദാചാരത്തിന്റെ കാവൽമാലാഖമാരായ മലയാളി കലാസ്വാദകർ അവരെ സ്വീകരിച്ചത്.
സിനിമയുടെ നിര്‍മാതാവായിരുന്ന ജെ സി ഡാനിയേല്‍ റോസിക്ക് രാജാവിന്റെ സംരക്ഷണം നേടിക്കൊടുക്കാൻ ശ്രമിച്ചു നോക്കിയെങ്കിലും, നായര്‍ ഭൂപ്രഭുക്കള്‍ സംഘടിച്ചെത്തുകയും റോസിയുടെ കുടില്‍ തീവെച്ച് നശിപ്പിക്കുകയും അവരെ ഗ്രാമത്തില്‍ നിന്ന് ആട്ടിയോടിക്കുകയും ചെയ്തു. പി കെ റോസി എന്ന ദലിത് സ്ത്രീയെ പിന്നീട് ഭ്രഷ്ട് കല്‍പ്പിച്ച് നാടുകടത്തുകയായിരുന്നു. വീട് വളഞ്ഞ് സ്വന്തം മാതാപിതാക്കളെയും , കൂടപ്പിറപ്പുകളെയും തല്ലിച്ചതക്കുകയും , വീടിനു തീയിടുകയും ചെയ്ത ശേഷം അതെ തീ സ്വന്തം ശരീരത്തില്‍ പകരാന്‍ ശ്രമിക്കുകയും ചെയ്ത അന്നത്തെ ജന്മികളില്‍ നിന്ന് ഓടി രക്ഷപ്പെട്ട റോസി തിരുവനന്തപുരം – നാഗര്‍കോവില്‍ റോഡില്‍ കരമനയാറിന് സമീപമെത്തിയപ്പോള്‍ അതുവഴി വന്ന തമിഴ്‌നാട്ടുകാരനായ ലോറിഡ്രൈവർ കേശവപിള്ള വണ്ടി നിർത്തി റോസിയെ വണ്ടിയിൽ കയറ്റി തമിഴ്‌നാട്ടിലേക്കു കൊണ്ടു പോയി. റോസിയിൽ നിന്നും വിവരം മനസ്സിലാക്കിയ കേശവപിള്ള റോസിയെ പിന്നീട് വിവാഹം കഴിച്ചു, രാജമ്മാൾ എന്ന തമിഴ് പേർ സ്വീകരിച്ചു എന്നും, നാഗർകോവിലിലെ ഓട്ടുപുരത്തെരുവിൽ അവർ ഭർത്താവുമൊന്നിച്ച് കുറേക്കാലം കഴിഞ്ഞിരുന്നു എന്നും പറയപ്പെടുന്നു.
പില്‍ക്കാലത്ത് മലയാള സിനിമയുടെ പിറവിയ്ക്ക് കാരണഭൂതനായ ജെ.സി ഡാനിയേലിന്‍റെ പേരിനൊപ്പം മലയാളത്തിലെ ആദ്യ നായികയായ പി.കെ റോസിയുടെ പേരും കേരളീയ പൊതുസമൂഹം അംഗീകരിക്കാന്‍ തുടങ്ങി.
Post Your Comments