മലയാളികളൊന്നടങ്കം പറയാറുള്ള കാര്യമാണ് മലയാള സിനിമയിൽ ജഗതി ശ്രീകുമാർ വരുത്തിയ വിടവിനെ കുറിച്ച്. ഇന്നും അദ്ദേഹത്തിന്റെ സ്ഥാനത്ത് ഇരിക്കാൻ ഒരു കലാകാരനും കഴിഞ്ഞിട്ടില്ല. 2012 മാർച്ച് മാസത്തിൽ വാഹനാപകടത്തിന്റെ രൂപത്തിൽ എത്തിയ ദുരന്തം കഴിഞ്ഞ എട്ട് വർഷമായി ഈ അതുല്യ പ്രതിഭയെ ബിഗ് സ്ക്രീനിൽ നിന്ന് അകറ്റി നിർത്തിയിരിക്കുകയാണ്. അദ്ദേഹത്തിന് അപകടം സംഭവിച്ച അന്ന് മുതൽ സിനിമാപ്രേമികളെല്ലാം അദ്ദേഹത്തിന്റെ തിരിച്ച് വരവിനായി പ്രാർഥിക്കുന്നുണ്ട്. അപകടത്തിന് ശേഷം സംസാരിക്കുന്നതിനും നടക്കുന്നതിനുമെല്ലാ അദ്ദേഹം ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിലും കുറച്ച് മാസങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത സിബിഐ 5 എന്ന ചിത്രത്തിൽ തന്റെ പ്രശസ്തമായ വിക്രം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിയിരുന്നു. ഇപ്പോഴിത മകൾ പാർവതി ഷോൺ സീ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ജഗതി ശ്രീകുമാറിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
പാർവതിയുടെ വാക്കുകൾ :
ക്യാമറക്ക് മുമ്പിൽ നിൽക്കുമ്പോൾ അദ്ദേഹത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നേരിട്ട് കണ്ടവർക്ക് മനസിലാകും.മുമ്പത്തെ പോലെ ആയി എന്നൊന്നും ഞാൻ പറയില്ല. പക്ഷെ ഒരുപാട് മാറ്റങ്ങൾ അദ്ദേഹത്തിൽ ഉണ്ടായിട്ടുണ്ട്. ഇവിടെ സ്ഥിരമായി അദ്ദേഹത്തെ കാണുന്ന ആളുകൾ പോലും പപ്പ ഇപ്പോൾ അഭിനയിച്ച ചിത്രത്തിന്റെ ഭാഗം കണ്ടിട്ട് പഴയ ജഗതിയെ നമ്മൾക്ക് കാണാൻ ആയി എന്നാണ് പറഞ്ഞത്. ഉറപ്പായും നല്ല കഥാപാത്രങ്ങൾ വന്നുകഴിഞ്ഞാൽ ഇനിയും എടുക്കണം എന്ന് തന്നെയാണ്. പക്ഷെ പപ്പയുടെ ഇപ്പോഴത്തെ ആരോഗ്യനില അനുസരിച്ചുള്ള കഥാപാത്രങ്ങൾ ആയാലാണ് കൂടുതൽ സൗകര്യം.
ഒരുപാട് ഓഫറുകൾ വരുന്നുണ്ട്. അവർ എന്തൊക്കെയോ പ്രതീക്ഷിച്ച് വരുന്നതാണ്. പക്ഷെ അവർ പ്രതീക്ഷിക്കുന്ന പോലെയുള്ള മാറ്റങ്ങൾ വന്നിട്ടില്ല. നമ്മൾ അദ്ദേഹത്തെ അങ്ങനെ ശല്യം ചെയ്യാൻ നിക്കാറില്ല. ഇപ്പോഴത്തെ സാഹചര്യങ്ങൾ അനുസരിച്ചുകൊണ്ട് പപ്പ ഓക്കെയാണോ അദ്ദേഹം കംഫർട്ടാണോ എന്നൊക്കെ നോക്കിയിട്ട് മാത്രമെ നമ്മൾ കഥാപാത്രങ്ങൾ ഏറ്റെടുക്കാൻ നിക്കാറുള്ളൂ.’
Post Your Comments