സ്ഫടികം സിനിമയുടെ ഭാഗമായപ്പോഴുള്ള തന്റെ അനുഭവം പങ്കുവച്ച് നടനും സംവിധായകനുമായ രൂപേഷ് പീതാംബരൻ. ചിത്രത്തിൽ മോഹൻലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് രൂപേഷ് ആയിരുന്നു. രൂപേഷിന്റെ അച്ഛനും സിനിമാ മേഖലയിൽ പ്രവർത്തിച്ചിരുന്നയാളാണ്. അങ്ങനെയാണ് രൂപേഷിനെ സംവിധായകൻ ഭദ്രൻ കാണുകയും തോമസ് ചാക്കോയെ അവതരിപ്പിക്കാൻ തെരഞ്ഞെടുക്കുകയും ചെയ്തത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് രൂപേഷ് സ്ഫടികം സിനിമയുടെ ചിത്രീകരണ വിശേഷങ്ങൾ പങ്കുവച്ചത്.
രൂപേഷിന്റെ വാക്കുകൾ :
‘പാലക്കാട് പാറമടയിലാണ് ലോറിക്ക് തീപിടിക്കുന്ന രംഗം ചിത്രീകരിച്ചത്. പുതിയ ലോറി ഷോറൂമിൽ നിന്നും കൊണ്ട് വന്നശേഷം അതിന്റെ എഞ്ചിൻ അഴിച്ചുമാറ്റി. പുറകിൽ മുഴുവൻ പെട്രോൾ ബോംബ് നിറച്ച് പുറത്തേക്ക് വലിയ തിരിയിട്ട് വെച്ചിരിക്കുകയാണ്. ലാലേട്ടൻ വണ്ടിയിൽ കയറി ഇരിപ്പുണ്ട്. ആളുകൾ പുറകിൽ നിന്ന് തള്ളിയാൽ മാത്രമെ വണ്ടി നീങ്ങു.
തിലകൻ അങ്കിൾ അടക്കം എല്ലാവരും സെറ്റിലുണ്ടായിരുന്നു. അന്ന് എല്ലാവരും പെട്രോൾ ബോംബ് വണ്ടിയിൽ നിറച്ചിരിക്കുന്നത് കണ്ട് മോഹൻലാലിനെ അതിനുള്ളിൽ ഇരുത്തി ഷൂട്ട് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു. കാരണം ഇനി ഒരു ജയൻ ദുരന്തം ആവർത്തിക്കാൻ അനുവദിക്കില്ലെന്നാണ് എല്ലാവരും പറഞ്ഞത്. മോഹൻലാൽ അത്ര അപകടകരമായ അവസ്ഥയിൽ ഇരുന്ന് രംഗം ചിത്രീകരിക്കുന്നതിനെതിരെ എല്ലാവരും പ്രശ്നമുണ്ടാക്കി.
അപ്പോൾ ഭദ്രൻ അങ്കിൾ ലാൽ അങ്കിളിനോട് ഒരു ചോദ്യം ചോദിച്ചു.’ലാൽ നിനക്ക് ഇത് ചെയ്യാൻ പറ്റുമോ’യെന്ന്. ഉടനെ ലാലേട്ടൻ ഓക്കേ പറഞ്ഞ് ഷൂട്ടിനായി വണ്ടിയിൽ ഇരുന്നു. റിസ്കി ഷോട്ടുകൾ ചെയ്യാൻ ലാലേട്ടനെ കഴിഞ്ഞെ മറ്റാരും ഉള്ളു. ആനപ്പുറത്ത് നിന്ന് ലാലേട്ടൻ ചാടുന്ന രംഗം പെർഫക്ഷന് വേണ്ടി പന്ത്രണ്ട് തവണ ഷൂട്ട് ചെയ്തു. അതിൽ ലാലേട്ടന്റെ കാലിന് ഫ്രാക്ചറായി. രണ്ട് മൂന്ന് മാസം കഴിഞ്ഞാണ് പിന്നീട് ഷൂട്ടിങ് നടന്നത്. പരിക്ക് പറ്റിയാലും ലാലേട്ടൻ അതൊരു വലിയ സംഭവമാക്കി കാണിക്കില്ല. ലാലേട്ടൻ ഒരിക്കലും നോ പറയാറില്ല. ചെയ്യാൻ പറ്റുന്ന എല്ലാ സീനുകളും അദ്ദേഹം ചെയ്യും.
പെട്രോൾ ബോംബ് നിറച്ച ലോറിക്ക് ഒരു സൈഡിൽ നിന്നും തീ പിടിക്കുന്നുണ്ട്. ലാലേട്ടൻ അപ്പോഴും വാഹനം ഓടിക്കുകയാണ്. എല്ലാവരും നോക്കുന്നത് ഭദ്രൻ അങ്കിളിനേയാണ്. അദ്ദേഹം ജംമ്പ് പറഞ്ഞാലെ ലാലേട്ടൻ ചാടു. കറക്ട് സമയം ആയപ്പോൾ ഭദ്രൻ അങ്കിൾ ജംമ്പ് പറഞ്ഞു ലാലേട്ടൻ ചാടി. പക്ഷെ ലോറി പൊട്ടിത്തെറിച്ചില്ല. ഇരുപത് സെക്കന്റ് കഴിഞ്ഞ ശേഷമാണ് ലോറി പൊട്ടിത്തെറിച്ചത്. അന്ന് അഞ്ച് കാമറ വെച്ചാണ് ആ രംഗം ഷൂട്ട് ചെയ്തത്. കാരണം അത്രത്തോളം എക്സ്പെൻസീവ് ഷോട്ടായിരുന്നു.
അതുപോലെ തന്നെ തിലകൻ അങ്കിൾ എന്നെ അടിച്ചത് ഒറിജിനൽ ചൂരൽ വെച്ചാണ്. ആദ്യം ഭദ്രൻ അങ്കിൾ ഇക്കാര്യം പറഞ്ഞപ്പോൾ തിലകൻ അങ്കിളിന് സമ്മതമായിരുന്നില്ല. അന്ന് ചൂരൽ കൊണ്ട് അടികിട്ടി മുടന്തിയാണ് ഞാൻ വീട്ടിൽ പോയത്. ഭദ്രൻ അങ്കിളിന് എപ്പോഴും ഒറിജിനാലിറ്റി വേണം’.
Post Your Comments