വലിയ ഹിറ്റുകളുടെ ഭാഗമാകുമ്പോൾ കിട്ടുന്ന അംഗീകാരവും സ്വീകാര്യതയും ഇപ്പോള്‍ ആസ്വദിക്കുന്നുണ്ടെന്ന് നടൻ വിജയകൃഷ്ണന്‍. അത്ഭുതദ്വീപിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന നടനാണ് നിലമ്പൂർ പൂക്കോട്ടുപാടം സ്വദേശി വിജയകൃഷ്ണന്‍.സിനിമയിലേക്കുള്ള കടന്നുവരവ് യാദൃശ്ചികം എന്ന് മാത്രമേ പറയാന്‍ പറ്റുന്നുള്ളൂ എന്നാണ് താരം പറയുന്നത്.’ഹൃദയം’, ‘പ്രകാശന്‍ പറക്കട്ടെ’, ‘മാളികപ്പുറം’ പോലെയുള്ള ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാനും വിജയകൃഷ്ണന് സാധിച്ചു. നമ്മുടെ സമൂഹത്തിലുള്ള ഒരു വിഭാഗം ആളുകളുടെ പെരുമാറ്റം കാരണം തന്നെപോലുള്ളവർ ഉയരക്കുറവിന്റെ പേരിലോ മറ്റ് എന്തെങ്കിലും ശാരീരിക പ്രശ്നങ്ങളുടെ പേരിലോ വീടിനുള്ളില്‍ അടച്ചിരിക്കുകയാണ് എന്നാണ് ഒരു അഭിമുഖത്തിൽ വിജയകൃഷ്ണൻ പറയുന്നത്.
താരത്തിന്റെ വാക്കുകൾ :
‘ഹൃദയം’, ‘പ്രകാശന്‍ പറക്കട്ടെ’, ‘മാളികപ്പുറം’ പോലെയുള്ള ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ സാധിച്ചത് വലിയ സന്തോഷമാണ്. ചെയ്യുന്ന കഥാപാത്രത്തോട് നൂറുശതമാനവും നീതി പുലര്‍ത്തണം എന്നാണ് ആഗ്രഹിക്കാറുള്ളത്. അതിനു വേണ്ടി ശ്രമിക്കാറുമുണ്ട്. യാദൃശ്ചികം എന്ന് മാത്രമേ പറയാന്‍ പറ്റുന്നുള്ളൂ. വലിയ ഹിറ്റുകള ഭാഗമാകുമ്പോൾ കിട്ടുന്ന അംഗീകാരവും സ്വീകാര്യതയും ഇപ്പോള്‍ ആസ്വദിക്കുന്നുണ്ട്.
എന്നെപ്പോലെയുള്ള ഒരുപാട് ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. അവരില്‍ പലരും ഇപ്പോഴും ഉയരക്കുറവിന്റെ പേരിലോ മറ്റ് എന്തെങ്കിലും ശാരീരിക പ്രശ്നങ്ങളുടെ പേരിലോ വീടിനുള്ളില്‍ അടച്ചിരിക്കുകയാണ്. അതിന് കാരണമാകട്ടെ നമ്മുടെ സമൂഹത്തിലുള്ള ഒരു വിഭാഗം ആളുകളുടെ പെരുമാറ്റവും. പുറത്തേക്കിറങ്ങുമ്പോൾ ഞാനും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. ചിലര്‍ ദൂരെ മാറി നിന്ന് നമ്മെ സഹതാപത്തോടെ നോക്കി നില്‍ക്കും. മറ്റുചിലര്‍ അവരുടെ കുട്ടികളോട് കാഴ്ച ബംഗ്ലാവിലെ വസ്തുവിനെ പോലെ ചൂണ്ടി കാണിച്ചു സംസാരിക്കും. സത്യത്തില്‍ അതൊക്കെ വളരെ മോശമായ കാര്യങ്ങളല്ലേ? പലപ്പോഴും അതൊക്കെ അരോചകമായി തോന്നിയിട്ടുമുണ്ട്. അതിനു പകരം അവര്‍ കുട്ടികളോട് ‘ആ ചേട്ടനോട് ഒന്ന് പോയി സംസാരിക്കൂ’ എന്നു പറഞ്ഞ് കുട്ടികളെ അടുത്തേക്ക് കൊണ്ടുവന്നാല്‍ എത്ര സന്തോഷം ആയേനെ.
അതായത് സമൂഹത്തിന്റെ സിമ്പതിക്ക് പകരം പിന്തുണയാണ് ഞങ്ങളെപ്പോലെ പലരും ആഗ്രഹിക്കുന്നത്. സിമ്പതി വേണ്ട എന്നല്ല. പകരം അനാവശ്യ സന്ദര്‍ഭങ്ങളിലെ സിമ്പതി ഒഴിവാക്കികൊണ്ട് ഈ സമൂഹം എല്ലാവരെയും ഒരു പോലെ പരിഗണിച്ചിരുന്നെങ്കില്‍ എന്ന ആഗ്രഹമാണ് എപ്പോഴുമുള്ളത്. ഒരുപക്ഷേ അതിലൂടെ മുറിയ്ക്കുള്ളില്‍ അടച്ചിരിക്കുന്ന ചിലര്‍ കൂടി പുറത്തേക്ക് വരാന്‍ കാരണമായെങ്കില്‍ അതും നല്ലതാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പിന്നെ ഉയരക്കുറവിന്റെ പേരിലുള്ള കളിയാക്കലുകള്‍ അനുഭവിച്ചിട്ടുള്ള ഒരാളാണ് ഞാന്‍. അതോടൊപ്പം എന്നെ ചേര്‍ത്തു നിര്‍ത്തുന്ന ഒരുപാട് പേരും എനിക്ക് ചുറ്റും ഉണ്ടായിരുന്നു. എല്ലാത്തിനെയും പോസിറ്റീവ് ആയിട്ടാണ് ഞാന്‍ കാണാന്‍ ശ്രമിക്കുന്നത്. എന്റെ രൂപത്തിലുള്ള വ്യത്യാസം കൊണ്ടാണല്ലോ എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാന്‍ പറ്റിയത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.’
മോമോ ഇന്‍ ദുബായ്, വേദ, നമുക്ക് കോടതിയില്‍ കാണാം, പ്രതിഭാ ട്യൂട്ടോറിയല്‍, ഹാപ്പി ന്യൂ ഇയര്‍, ജോയ് ഫുള്‍ എന്‍ജോയ് എന്നിവയാണ് വിജയകൃഷ്ണന്റെ പുതിയ ചിത്രങ്ങൾ .
Post Your Comments