പെട്ടെന്ന്​ ഒരു സിനിമയിൽ നായകനാകാൻ പേടിയാണ് : റംസാൻ മുഹമ്മദ്

ഡാൻസ് റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടി ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയ താരമാണ് റംസാൻ മുഹമ്മദ്. ചെറുപ്പത്തിൽ സിനിമകളിലും സീരിയലുകളിലും ബാല താരമായി എത്തിയിട്ടുള്ള റംസാൻ ഭീഷ്മപർവം എന്ന ചിത്രത്തിൽ ഡാൻസറായി അഭിനയിച്ചിരുന്നു. തന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവാണ് ഭീഷ്മപർവ്വത്തിലെ വേഷമെന്ന് പറയുകയാണ് റംസാൻ മാധ്യമം കുടുംബത്തിന് നൽകിയ അഭിമുഖത്തിൽ. അതിലേക്ക് എത്താൻ കാരണമായത് ബിഗ് ബോസ് ആണെന്നും താരം പറയുന്നു.

റംസാന്റെ വാക്കുകൾ :

‘എൽ.കെ.ജിയിൽ പഠിക്കുമ്പോൾ ആന്വൽ ഡേക്ക്​ പെർഫോം ചെയ്താണ്​ തുടക്കം. മൂന്നാം ക്ലാസിലായപ്പോഴേക്കും ശാസ്ത്രീയ നൃത്തത്തിൽ അരങ്ങേറ്റം കഴിഞ്ഞു. അഞ്ചാം ക്ലാസിലും ഏഴാം ക്ലാസിലും വെച്ച്​ ചാനലുകളിൽ ഡാൻസ്​ റിയാലിറ്റി ഷോ ചെയ്തു. ഒമ്പതിൽ പഠിക്കുമ്പോഴാണ്​ ഡി4 ഡാൻസ്​ എന്ന റിയാലിറ്റി ഷോയിൽ വിജയിയായത്​. അതിന് മുൻപ് റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നെങ്കിൽ വിജയി ആയില്ല. ഡി4 ഡാൻസ് ചെയ്തപ്പോഴാണ്​ കൂടുതലായി ഡാൻസിനെപ്പറ്റി പഠിക്കാൻ കഴിഞ്ഞത്​. അഞ്ചുവർഷത്തോളം സമയമെടുത്ത്​ ഡാൻസ്​ പഠിക്കുന്നത്ര സഹായകരമാണ്​ ഒരു റിയാലിറ്റി ഷോയിലൂടെ പരിശീലിക്കപ്പെടുന്നത്.

സിനിമയിൽ ഭീഷ്മപർവം തന്നെയാണ് എനിക്ക്​ ലഭിച്ച​ വലിയ ബ്രേക്​ത്രൂ. ബാലതാരമായി ചില സിനിമകൾ ചെയ്തിട്ടുണ്ട്​. സിനിമ ആരും നമ്മളെ വിളിച്ചു തരില്ല. ഒരുപാട്​ ഓഡിഷൻസ്​ അറ്റൻഡ്​ ചെയ്തിട്ടുണ്ട്​. റിജക്ട്​ ചെയ്യപ്പെട്ടിട്ടുമുണ്ട്​. ബിഗ്​ബോസിലെ പ്രകടനം കണ്ടിട്ടാണ്​ അൻവർ റഷീദിക്ക വഴി അമൽ നീരദ്​ സാർ ഭീഷ്മപർവത്തിനായി വിളിക്കുന്നത്​. അവരൊക്കെ ബിഗ്​ബോസിലെ എന്‍റെ പ്രകടനം കണ്ടിട്ടുണ്ട്​ എന്നതു തന്നെ വലിയ ഭാഗ്യം. സ്​റ്റേജ്​ ഷോകളും സിനിമ അഭിനയവുമായി അങ്ങനെ മുന്നോട്ടു പോകുന്നു. ഭീഷ്മപർവം കഴിഞ്ഞതിൽ പിന്നെ കാര്യമായി സ്ക്രിപ്​റ്റ്​ കേൾക്കുന്നുണ്ട്​. പല മേഖലകളിൽ നിന്നായി ഓഫറുകളും വരുന്നുണ്ട്​. ഇനി അടുത്ത ചിത്രം എനിക്ക്​ ഇങ്ങനെയും അഭിനയിക്കാൻ പറ്റുമെന്ന്​ പറയാനാകുന്ന ഒരു കഥാപാത്രം വേണം. അത്തരം ഒരു ചിത്രത്തിനായി പരിശ്രമിക്കുകയാണ്​ ഇപ്പോൾ.

പെട്ടെന്ന്​ ഒരു സിനിമയിൽ നായകനാകാൻ പേടിയാണ് എനിക്ക്​​. രണ്ടര മണിക്കൂർ എന്നെ തിയേറ്ററിൽ കാണാൻ ഓഡിയൻസ്​ ​കയറുന്ന തരത്തിലേക്ക്​ ഞാൻ എത്തിയിട്ടില്ല. അങ്ങനെയാകാൻ ഇനിയും ഒരുപാട് വർക്ക്​ ചെയ്യണം. അതിനായാണ്​ ശ്രമം തുടരുന്നത്​.’

 

Share
Leave a Comment