Uncategorized

നിങ്ങൾക്ക് മുന്നിൽ വന്ന് കൈകൂപ്പി കരഞ്ഞു ടിക്കറ്റെടുക്കണമെന്ന് അപേക്ഷിക്കണമെന്നുണ്ട്: വേദനയോടെ സംവിധായകൻ

രോമാഞ്ചത്തിന്റെ ഓട്ടം ഞാൻ പൂർത്തിയാക്കി.. ഇനി ഒരു സിനിമ ചെയ്യാൻ ഞാൻ വരുമോ ഇല്ലയോ എന്നെനിക്കറിഞ്ഞുകൂടാ

സിനിമ കാണാൻ ടിക്കറ്റ് എടുക്കണേ എന്ന അപേക്ഷയുമായി സംവിധായകൻ ജോൺപോൾ ജോർജ്. ഗപ്പി , അമ്പിളി എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ജോൺപോൾ ജോർജ്. പുതിയ ചിത്രമായ രോമാഞ്ചം റിലീസിന് ഒരുങ്ങുകയാണ്. മുൻ ചിത്രങ്ങൾ ഇറങ്ങിയപ്പോൾ കച്ചവടത്തിന്റെ കണക്ക് പുസ്തകമെല്ലാം തകരുകയും തകർക്കപ്പെടുകയും ചെയ്തപ്പോൾ ജീവിതവും കരിയറുമെല്ലാം പണയത്തിലായി എന്നും നിങ്ങൾക്ക് മുന്നിൽ വന്ന് കൈകൂപ്പി കരഞ്ഞു ടിക്കറ്റെടുക്കണമെന്ന് അപേക്ഷിക്കണമെന്നുണ്ട് എന്നാൽ ആത്മാഭിമാനം അനുവദിക്കുന്നില്ലെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

read also: നിയന്ത്രണമില്ലാതെ മദ്യപിച്ചതില്‍ ഭാര്യ ചവിട്ടി പുറത്താക്കി: കഷ്ടപ്പാടുകളെ പറ്റി തുറന്ന് പറഞ്ഞ് അനുരാഗ് കശ്യപ്

കുറിപ്പ്

രോമാഞ്ചം വെള്ളിയാഴ്‌ച തീയറ്ററിൽ വരുകയാണ്, കച്ചവടത്തിന്റെ കണക്ക് പുസ്തകമെല്ലാം തകരുകയും തകർക്കപ്പെടുകയും ചെയ്തപ്പോൾ ജീവിതവും കരിയറുമെല്ലാം പണയത്തിലായി..
ഇനി നിങ്ങൾ പ്രേക്ഷകരിൽ മാത്രമാണ് ഏക പ്രതീക്ഷ. നിങ്ങൾക്ക് മുന്നിൽ വന്ന് കൈകൂപ്പി കരഞ്ഞു ടിക്കറ്റെടുക്കണമെന്ന് അപേക്ഷിക്കണമെന്നുണ്ട്, എന്റെ ആത്മാഭിമാനം അതിനനുവദിക്കുന്നില്ല, നിങ്ങൾക്കും അതിഷ്ടമാവില്ല…..

അതുകൊണ്ട് ചോദിക്കുവാ, അന്ന് ഗപ്പി തീയറ്ററിൽ കാണാൻ പറ്റാതിരുന്നപ്പോൾ നിങ്ങളെനിക്ക് വച്ച് നീട്ടിയ ആ ടിക്കറ്റിന്റെ പൈസയില്ലേ….. അത് രോമാഞ്ചത്തിനായ് ഒരു ടിക്കറ്റെടുക്കാൻ ഉപയോഗിച്ചാൽ എനിക്ക് ഇനിയും മുന്നോട്ട് പോകാനാകും.
ഒരു റീ-റിലീസിങ്ങിനും കൂടിയുള്ള ത്രാണി എനിക്കില്ല.

പ്രതിസന്ധികളിലൂടെയും കുറ്റപ്പെടുത്തലുകളിലൂടെയും കടന്നുപോയപ്പോൾ ഒപ്പം നിന്ന ഗിരീഷിനും, ജോബി ചേട്ടനും, സമീറിക്കയും, അസ്സീമിക്കക്കും, ഷാജി സാറിനും, പ്രീയപ്പെട്ട സുഹൃത്തുക്കൾക്കും പ്രാർത്ഥനയോടെ കൂടെ നിന്നവർക്കും നന്ദി പറയുന്നു…
രോമാഞ്ചത്തിന്റെ പ്രമോഷനും, ട്രെയിലറും, പാട്ടുകളും നിങ്ങൾ ഹൃദയത്തിൽ ഏറ്റെടുത്തുവെന്നറിയാം. വഴിയിൽ ഹോർഡിംഗ്സുകൾ കുറവാണെന്നറിയാം നേരത്തെ റിലീസ് ചെയ്യാനിരുന്നപ്പോൾ അതെല്ലാമുണ്ടായിരുന്നു. ഇനിയും വെച്ചാൽ വീണ്ടും വലിയ നഷ്ടമുണ്ടാകും, നിങ്ങൾക്ക് അത് മനസ്സിലാകും.

കേരളത്തിലെ ഏറ്റവും മികച്ച തീയറ്ററുകളിലാണ് രോമാഞ്ചം സെൻട്രൽ പിക്ച്ചേഴ്സ് പ്രദർശിപ്പിക്കുന്നത്, ധൈര്യമായി കാണാം ഈ സിനിമ, അതെന്റെ ഉറപ്പാണ്. ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും കാണാൻ പറയണം, ഒരു പുതുതലമുറയുടെ പ്രതീക്ഷയാണ് നിരാശപ്പെടുത്തില്ല.

ചിരിക്കാൻ, സന്തോഷിക്കാൻ ഒരു നല്ല തീയറ്റർ അനുഭവത്തിനായ് നമുക്ക് കാത്തിരിക്കാം, ഫെബ്രുവരി -3. ബുക്കിംങ്‌ ആരംഭിച്ചിട്ടുണ്ട്..
ഈ യാത്രയിൽ ആരെയെങ്കിലും ഞാൻ വേദനിപ്പിച്ചുവെങ്കിൽ എന്നോട് ക്ഷമിക്കണം, ഒപ്പം നിക്കണം, ശരിക്കും കച്ചിതുരുമ്പാണ്.
രോമാഞ്ചത്തിന്റെ ഓട്ടം ഞാൻ പൂർത്തിയാക്കി.. ഇനി ഒരു സിനിമ ചെയ്യാൻ ഞാൻ വരുമോ ഇല്ലയോ എന്നെനിക്കറിഞ്ഞുകൂടാ…..
പ്രതീക്ഷയോടെ
ജോൺപോൾ ജോർജ്
(ഗപ്പി സിനിമാസ് )

shortlink

Related Articles

Post Your Comments


Back to top button