ബ്ലാക്ക് ബട്ടര്‍ഫ്ലൈ എന്ന ചിത്രത്തിലൂടെയാണ് നടൻ മണിയൻപിള്ള രാജുവിന്റെ രണ്ടാമത്തെ മകനായ നിരഞ്ജ് വെള്ളിത്തിരിയിലെത്തിയത്. മോഹൻലാല്‍ നായകനായ ചിത്രം ഡ്രാമ അടക്കമുള്ളവയില്‍ നിരഞ്ജ് അഭിനയിച്ചിട്ടുണ്ട്. ഡിയർ വാപ്പി എന്ന ചിത്രത്തിൽ അച്ഛൻ മണിയൻ പിള്ള രാജുവിനൊപ്പം ആദ്യമായി കോമ്പിനേഷൻ സീനുകളിൽ അഭിനയിച്ച അനുഭവം പങ്കുവയ്ക്കുകയാണ് താരം. അച്ഛനൊപ്പം അഭിനയിച്ചപ്പോൾ ടെൻഷനായിരുന്നുവെന്നാണ് നിരഞ്ജ് പറഞ്ഞത്.
താരത്തിന്റെ വാക്കുകൾ :-
‘ആദ്യമായാണ് അച്ഛനും മകനുമായി സ്ക്രീനിൽ എത്തുന്നത്. ബ്ലാക്ക് ബട്ടർഫ്ലൈയിൽ ഞങ്ങൾ രണ്ടുപേരും ഉണ്ടായിരുന്നെങ്കിലും ഒന്നിച്ച് അഭിനയിച്ചിട്ടില്ല. ഫൈനൽസിലും അങ്ങനെത്തന്നെ. ആദ്യമായി അച്ഛന്റെ കൂടെ അഭിനയിക്കുന്നതിന്റെ ടെൻഷൻ നല്ലപോലെയുണ്ടായിരുന്നു. കണ്ടാൽ തോന്നില്ലെങ്കിലും എനിക്ക് ടെൻഷനുണ്ടായിരുന്നു. എന്നെ നന്നായി വിമർശിക്കുന്നയാളാണ് അച്ഛൻ. ചില ചിത്രങ്ങളൊക്കെ കണ്ട് എന്തിനാണ് ഇങ്ങനെ സിനിമ ചെയ്യുന്നത് എന്നൊക്കെ ചോദിച്ചിട്ടുണ്ട്. വളരെ സീനിയറായ ആർട്ടിസ്റ്റാണ് അച്ഛൻ. കോമ്പിനേഷൻ ഇതാദ്യം. ടെൻഷൻ സ്വഭാവികമല്ലേ. ഡബ്ബിങ് എല്ലാം കഴിഞ്ഞ് എന്നെ വിളിച്ച് പറഞ്ഞു ‘കൊള്ളാം… നീ നന്നായിട്ടുണ്ട്’. അപ്പോഴാണ് ശരിക്കും സന്തോഷമായത്.
സിനിമയിൽ അഭിനയിക്കണമെന്ന് ആദ്യം പറയുന്നത് അച്ഛനോടാണ്. അതൊന്നും അങ്ങനെ സാധിക്കില്ല. അതിനൊക്കെ നല്ല കഴിവുണ്ടാകണം. പാഷൻ വേണം എന്നൊക്കെയായിരുന്നു മറുപടി. അപ്പോൾ ഞാൻ സ്കൂൾ വിദ്യാർഥിയാണ്. അന്നെ മനസിലായി അച്ഛൻ സിനിമാ നടനാണെന്ന പരിഗണന കൊണ്ട് എനിക്ക് സിനിമ കിട്ടില്ലെന്ന്. ഇന്ന് പക്ഷെ ആ ചിന്തയാണ് എന്റെ ആദർശം. അച്ഛന്റെ പേരിലല്ല എന്റെ കഴിവുകൊണ്ട് തന്നെ സിനിമയുടെ ഭാഗമാകണം. ചെറുപ്പം മുതലെ സിനിമ ഇഷ്ടമായിരുന്നു.
അതിനു മുമ്പ് ഇഷ്ടം കുട്ടികളുടെ ഡോക്ടർ ആകാനായിരുന്നു. പീഡിയാട്രിഷ്യൻ എന്ന പേര് കേട്ടപ്പോൾ തോന്നിയ ഇഷ്ടമാണ്. പേരിന്റെ ഭംഗി മാത്രം നോക്കി പ്രഫഷൻ തെരഞ്ഞെടുക്കാൻ നോക്കിയപ്പോഴാണ് മനസിലായത് പീഡിയാട്രിഷ്യനാകാൻ എളുപ്പമല്ല, അത്രയധികം പഠിക്കാനുണ്ടെന്ന്. പിന്നെയും സിനിമാ മോഹം പൊടിതട്ടിയെടുത്തു. പിന്നീട് ഇന്റർനാഷനൽ മാർക്കറ്റിങ് മാനേജ്മെന്റ് പഠിച്ചു. സിനിമയിലേക്ക് വരുന്നതിനു മുമ്പ് അക്കാദമിക് മേഖല ഉറപ്പാക്കണമെന്ന് അച്ഛനും നിർബന്ധമുണ്ടായിരുന്നു. സൗഹൃദങ്ങളുടെ കാര്യത്തിലും അച്ഛന്റെ രീതി പിന്തുടരാറുണ്ട്. ഞാൻ സീൻ കഴിഞ്ഞാലും സെറ്റിൽ തന്നെയുണ്ടാകും. വളരെ ഫ്രണ്ട്ലിയായി ഇടപെടുന്നത് ഗുണം ചെയ്യാറുണ്ടെന്നാണ് വിശ്വാസം’.
Post Your Comments