അഭിനേത്രി എന്നതു പോലെ തന്നെ സാമുഹിക പ്രവര്‍ത്തക എന്ന നിലയിലും പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് മാലാ പാര്‍വതി. സിനിമയിലേയും സമൂഹത്തിലേയും പ്രശ്നങ്ങളെക്കുറിച്ച് പലപ്പോഴും തുറന്ന് സംസാരിച്ചിട്ടുണ്ട് താരം. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അത് സിനിമയ്ക്ക് അകത്താണെങ്കിലും പുറത്താണെങ്കിലും താൻ സംസാരിക്കാറുണ്ടെന്നും, കാര്യങ്ങളെക്കുറിച്ചു തുറന്നു പറയണം എന്ന് തന്നെ പഠിപ്പിച്ചത് അച്ഛനാണെന്നും പറയുകയാണ് നടി മനോരമ ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ. ഒപ്പം ചെറുപ്പത്തിൽ തനിക്കുണ്ടായ ഒരു മോശം അനുഭവവും താരം പങ്കുവച്ചു.
താരത്തിന്റെ വാക്കുകൾ:-
‘സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അത് സിനിമയ്ക്ക് അകത്താണെങ്കിലും പുറത്താണെങ്കിലും ഞാൻ സംസാരിക്കാറുണ്ട്. എനിക്ക് ശരിയെന്ന് തോന്നാത്ത ബോധ്യപ്പെടാത്ത വിഷയങ്ങളെക്കുറിച്ചു ഞാൻ മിണ്ടാറില്ല. കാര്യങ്ങളെക്കുറിച്ചു തുറന്നു പറയണം എന്ന് തന്നെ പഠിപ്പിച്ചത് അച്ഛനാണ്.
ഞാൻ പത്താം ക്ലാസിൽ പഠിക്കുന്ന സമയം. അക്കാലത്ത് ഞാൻ നൃത്തം പഠിച്ചിരുന്നു. ക്ലാസ് ഇല്ലാത്ത ഒരു ദിവസം അധ്യാപകൻ ക്ലാസ് ഉണ്ടെന്നു പറഞ്ഞ് എന്നെ വിളിച്ചു വരുത്തി. അയാൾ എന്നെ കയറിപ്പിടിക്കാൻ ശ്രമിച്ചു. ഞാൻ ഇറങ്ങി ഓടി. വീട്ടിൽ എത്തി കരഞ്ഞു കൊണ്ട് അച്ഛനോടു കാര്യം പറഞ്ഞു. തിരിച്ചു പോയി അയാളോട് സംസാരിച്ചിട്ടു വാ. പേടിക്കുകയല്ല ചെയ്യേണ്ടത് എന്ന് അച്ഛൻ പറഞ്ഞു. ‘നിങ്ങൾ ചെയ്തത് വൃത്തികേടാണ്. എനിക്കത് മനസ്സിലായി’ എന്നു പറഞ്ഞിട്ടു വാ എന്നാണ് അച്ഛൻ പറഞ്ഞത്. ഞാൻ പോയി അത് പറഞ്ഞു.’
Post Your Comments