
യൂ ട്യൂബർക്കെതിരെ ഉണ്ണി മുകുന്ദൻ പ്രതികരിച്ചപ്പോൾ ഇടതിടങ്ങളിലെ പലരും ഓടി നടന്ന് ചോദിച്ച ഒരു ചോദ്യമിതായിരുന്നു – താര രാജാക്കന്മാരായ മമ്മൂക്കയും ലാലേട്ടനുമൊക്കെ തങ്ങളെയോ തങ്ങളുടെ സിനിമകളെയോ വിമർശിക്കുന്നവർക്കെതിരെ മോശമായി പ്രതികരിക്കാറില്ലല്ലോ, പിന്നെന്താ ഉണ്ണിക്ക് മാത്രം മൂക്കത്ത് ശുണ്ഠി എന്ന്!
എത്ര ബാലിശമായ ചോദ്യമാണിത്. നാല്പതു കൊല്ലത്തോളമായി സിനിമയിൽ നിറഞ്ഞു നില്ക്കുന്ന, സിനിമയുടെ തൊഴുത്തിൽ കുത്തും പാര വയ്പ്പും അനുഭവിച്ചും കണ്ടും അറിഞ്ഞ, ജയപരാജയങ്ങളുടെ തിരയും ചുഴിയും കരിയറിൽ താണ്ടിയ രണ്ടു പേരെയും ഫീൽഡിൽ വന്നിട്ട് വെറും പത്ത് കൊല്ലം മാത്രമായ ഉണ്ണിയെയും വച്ചുള്ള താരതമ്യം പോലും എത്ര ബാലിശമാണ്. എന്നാലും അവരുടെ ചോദ്യത്തിനുള്ള ഉത്തരം പറയാം.
read also:താൻ പറഞ്ഞ കാര്യങ്ങളല്ല വീഡിയോയിലുള്ളത്: വിവാദ ഫോണ് വിഷയത്തില് മറുപടിയുമായി ബാല
മമ്മൂക്കയും ലാലേട്ടനും ഫീൽഡിൽ വരുമ്പോഴും വളരുമ്പോഴും സോഷ്യൽ മീഡിയ എന്ന ഓഡിറ്റിങ് ആൻഡ് ജഡ്ജിങ് പാനൽ ഇല്ലായിരുന്നു. അന്ന് ഇന്നത്തെ യൂട്യൂ ബേഴ്സ് ചെയ്യുന്ന പോലെ സ്വകാര്യതയിൽ കടന്നു കയറ്റം ചെയ്തിരുന്നത് സിനിമാ പാപ്പരാസികൾ ആയിരുന്നു. എണ്ണമറ്റ സിനിമാഗസിനുകളിലെ ഗോസിപ്പുകളിൽ അവർ വേണ്ടാതീനങ്ങൾ എഴുതിപ്പിടിപ്പിക്കുമ്പോൾ വളരെ ശക്തമായി തന്നെ അന്നത്തെ താരങ്ങൾ പ്രതികരിച്ചിരുന്നു. പല പ്രൊഡക്ഷൻ കൺട്രോളേഴ്സും അതേ കുറിച്ച് പിന്നീട് പറഞ്ഞിട്ടുണ്ട്. മമ്മൂക്കയുടെ മുൻ കോപവും ശുണ്ഠിയും സിനിമാ സെറ്റുകളിൽ പാട്ടാണ് .ചെറു കാര്യങ്ങൾക്ക് വരെ പിണങ്ങുന്ന തീർത്തും നിഷ്കളങ്കനായ ഒരു മനുഷ്യനാണ് അദ്ദേഹം. ലാലേട്ടനൊക്കെ ചില ഇൻ്റർവ്യൂകളിൽ ചൊറി ചോദ്യം ചോദിക്കുന്ന മാ പ്രകൾക്ക് നല്ല മറുപടി കൊടുക്കുന്നത് കണ്ടിട്ടുണ്ട്.
പിന്നെ യൂട്യൂബിൽ നോക്കിയാൽ കാണാം അള മുട്ടിയാൽ ചേരയും കടിക്കും എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കും വിധം മമ്മൂക്കയും ലാലേട്ടനും ഫാൻഷിപ്പ് അതിരു വിട്ട ചിലതിനെ എടുത്ത് പെരുക്കുന്ന വീഡിയോസ്. അതും അത്ര പഴയതല്ലാത്തവ. ഇത്രയും വലിയ സെലിബ്രിറ്റീസ് ആയിട്ടും ഈ ഫീൽഡിലെ നെഗറ്റിവിറ്റി വ്യക്തമായി അറിയാമായിരുന്നിട്ടും കൂടി ചില നേരത്ത് ക്ഷോഭം അടക്കാൻ പറ്റാതാവുന്നുണ്ട് അവർക്ക് പോലും. കാരണം സെലിബ്രിറ്റി എന്ന ലേബലിനിപ്പുറം അവരും നമ്മളെ പോലെ വികാരങ്ങളെല്ലാമുള്ള പച്ച മനുഷ്യരാണ്.
ഇനി ഉണ്ണിക്ക് സംയമനം പാലിച്ചു കൂടേ എന്ന മധുരം ചാലിച്ച ഉപദേശം കൊണ്ട് ഉള്ളിലെ കാലുഷ്യം മറയ്ക്കുന്ന ചിലർ ഇതേ ഉപദേശം നാലായി മടക്കി പോക്കറ്റിലിട്ട് ജയ് വിളിക്കുന്ന ചില ഇടങ്ങളുണ്ട്. അവ ഒന്നൊന്നായി പറയട്ടെ!
1. ഒരുത്തി സിനിമ പ്രമോഷനിടെ ( പ്രസ് കോൺഫറൻസ്) പത്രപ്രവർത്തകയോട് സ്ത്രീ വിരുദ്ധത കാട്ടിയ വിനായകന് മുന്നിൽ.
2. റോഡ് ഉപരോധിച്ചുവെന്നതിൻ്റെ പേരിൽ കോൺഗ്രസ്സുകാരെ പരസ്യമായി റോഡിൽ തെറി വിളിച്ച ജോജുവിന് മുന്നിൽ.
3. ഇൻ്റർവ്യൂവിനിടെ ചില ചോദ്യങ്ങൾ ചോദിച്ചത് ഇഷ്ടപ്പെടാതെ വീണാ മുകുന്ദനെ തെറി വിളിച്ച ശ്രീനാഥ് ഭാസിക്ക് മുന്നിൽ.
4. ഏത് പ്രസ് മീറ്റായാലും ഇൻ്റർവ്യൂ ആയാലും ഇനി വിമാനത്തിനകത്തായാലും മര്യാദയോടെ പെരുമാറാനറിയാത്ത ഷൈൻ ടോമിന് മുന്നിൽ.
മേൽ പറഞ്ഞ നാല് ഇടങ്ങളിലും ” സംയമനം” പാലിക്കേണ്ടിയിരുന്നത് നടന്മാരായിരുന്നില്ല മറിച്ച് മാപ്രകളും അവതാരകരും സമരക്കാരും ആയിരുന്നുവെന്ന നരേറ്റീവുകൾ ഇറക്കിയ അതേ ടീം ഉണ്ണി വിഷയത്തിൽ മറുകണ്ടം ചാടാനുള്ള ഒരേ ഒരു കാരണം ഉണ്ണിയുടെ രാഷ്ട്രീയവും മാളികപ്പുറം എന്ന സിനിമയും ആണെന്ന് മനസ്സിലാക്കാൻ പാഴൂർ പടിപ്പുര വരെയൊന്നും പോകേണ്ട കേട്ടോ.
അഞ്ജു പാർവതി
Post Your Comments