നടനായും നിർമ്മാതാവായും മലയാള സിനിമയിൽ തിളങ്ങുകയാണ് ഉണ്ണി മുകുന്ദൻ. മാളികപ്പുറം എന്ന ചിത്രത്തിന്റെ വലിയ വിജയത്തിന്റെ സന്തോഷത്തിലാണ് താരം. സിനിമ നിർമ്മാണത്തിനിടയിൽ കൃത്യമായ പ്രതിഫലം നൽകാതെ ഉണ്ണി മുകുന്ദൻ പറ്റിച്ചുവെന്ന് നടൻ ബാല വെളിപ്പെടുത്തിയത് വലിയ വിവാദമായി. ഇത് തന്റെ മാതാപിതാക്കളെ വേദനിപ്പിച്ചുവെന്ന് ഉണ്ണി പറയുന്നു.
വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ഉണ്ണി മുകുന്ദൻ പങ്കുവച്ചതിങ്ങനെ,
‘കേരളം വിട്ട്, ഭാഷയറിയാതെ ഗുജറാത്തിൽ ചെന്നു, കഷ്ടപ്പെട്ടു രണ്ടു മക്കളെ വളർത്തിയെടുത്തവരാണ് എന്റെ അച്ഛനും അമ്മയും. എന്റെ ഭാവമാറ്റങ്ങൾ മനസ്സിലാക്കുന്ന, ഞാൻ എന്താകും ചിന്തിക്കുക എന്നു തിരിച്ചറിയുന്ന രണ്ടാളുകളാണ് അവർ. അവരോളം എന്നെ മറ്റാർക്കും അറിയില്ല. വളരെ അപൂർവമായാണ് അമ്മയെ വിഷമിച്ചു കണ്ടിട്ടുള്ളത്.
എന്നെക്കുറിച്ച്, ഒരു പരിധി വിട്ട് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത തരത്തിൽ ചില കാര്യങ്ങൾ പറഞ്ഞു കേട്ടപ്പോൾ അമ്മയ്ക്കു സങ്കടമായി. ‘നീ ആഗ്രഹിച്ചതു സിനിമയിൽ അഭിനയിക്കണം എന്നല്ലേ. അതിനൊക്കെ എത്രയോ മുകളിൽ പോയി. സ്വസ്ഥത എന്നൊന്നു വേണ്ടേ ജീവിതത്തിൽ?’ എന്നു അമ്മ ചോദിച്ചു.
എന്നെ സംബന്ധിച്ചു ബാരിക്കേഡുകൾ ഒന്നുമില്ല. ആർക്കും നേരിട്ടു വന്നു സംസാരിക്കാം. വേണമെങ്കില്‍ രണ്ടു ചീത്ത പറഞ്ഞിട്ടു പോകാം. അത്ര സ്വാതന്ത്യം ആൾക്കാർക്കുണ്ട്. അതിന്റെ ഗുണവും ദോഷവും ഞാൻ നേരിടുന്നുണ്ട്. ചില വാർത്തകൾ വരും. വിവാദമാകും. പിന്നീടതു മാഞ്ഞു പോകും. ഇതിനെയെല്ലാം നേരിട്ടു തോൽപ്പിക്കാൻ ഞാൻ ഗ്യാങ്സ്റ്ററൊന്നും അല്ലല്ലോ.’
Post Your Comments