വിശ്വവിഖ്യാത സംഗീതജ്ഞൻ ശ്രീ ഹരിഹരൻ ഏറെ നാളുകൾക്കു ശേഷം ആലപിച്ച മലയാള ഗാനമാണ് ‘ജന്മാന്തരങ്ങളായ്..’ ആലാപനത്തിന്റെ സൗന്ദര്യം എഴുതാൻ വാക്കുകൾ തിരയേണ്ടി വരും..അത്രമേൽ ശ്രുതിമധുരമാണീ ഗാനം.. ആത്മാവിൽ തൊടുന്ന ഒരു പ്രണയഗാനമാണിത്. ഗാനമെന്നോ പാട്ടെന്നോ പറയുന്നതിലും ഉപരിയായി ഗസൽ എന്ന് വിളിക്കാൻ പ്രേരിപ്പിക്കുന്നതാണ് ഇതിലെ ഓരോ വരികളും.
ഉത്തരേന്ത്യൻ ഗാനശാഖകളിൽ ഏറ്റവും ജനപ്രിയമായ ഗസൽ സംഗീതം മലയാളികളും ഹൃദയത്തിലേറ്റിയിരുന്നു. ഉറുദു, ഹിന്ദി ശായരികൾക്കൊപ്പം നിൽക്കുന്ന മലയാളം വരികളിലെ ഗസലുകൾ ഇല്ലായിരുന്നു നമുക്ക്. മലയാളത്തില അതിപ്രശസ്തരായ കവികളുടെ വരികളെ ഗസൽ രൂപത്തിലാക്കി നമുക്ക് ഹൃദയത്തിൽ എന്നും സൂക്ഷിക്കാൻ ഒരുപാട് മലയാളം ഗസലുകൾ തന്നത് ഉമ്പായി ആണ്.
മലയാളത്തിലെ ഗസൽ ചക്രവർത്തി ആയിരുന്നു അദ്ദേഹം. നേരെ ഹൃദയത്തോട് സംവദിക്കുന്ന ശബ്ദമായിരുന്നു ഉമ്പായിയുടേത്. അത്രമേൽ മലയാളി സ്നേഹിക്കുന്ന ഉമ്പായിക്ക് വേണ്ടിയുള്ള സ്നേഹാർച്ചനയാണ് ഈ ഗസൽ.. അദ്ദേഹത്തിന് സംഗീതമിട്ട് പാടാൻ വേണ്ടി രചിക്കപ്പെട്ടതാണീ ഗാനം.
ഉമ്പായിയുടെ ആത്മരാഗം പോലുള്ള സുഹൃദ്ബന്ധത്തിൽ നിന്നാണ് ഈ ഗസൽ ജനിക്കുന്നത്.
ഗാനരചയിതാവെന്നോ കവയത്രി എന്നോ ഇതുവരെ കേട്ടിട്ടില്ലാത്ത പേരാണ് ശോഭ മുഹമ്മദ് കുഞ്ഞിയുടേത്. അവരുടെ ആദ്യത്തെ ഗാനമാണിതെന്ന് അതിശയത്തോടെ അറിയുന്നു. തഴക്കം വന്ന ഒരു കവിക്കുപോലും പ്രണയം ഇത്രമേൽ മനോഹരമായി കുറിച്ചിടാൻ ആവില്ല. സംഗീതം നൽകിയ ഡോ: ആരിഫ് മുഹമ്മദും ഈ ഒറ്റപാട്ടുകൊണ്ടുതന്നെ സംഗീതത്തിലെ തന്റെ അസാമാന്യപാടവം തെളിയിക്കുന്നു.
Post Your Comments