അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ചിത്രമാണ് മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്. വിനീത് ശ്രീനിവാസന്‍ നായകനായ, ബ്ലാക്ക് കോമഡി വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ ചിത്രത്തിന് നേരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നു. ഇത്രയേറെ ക്രൈമുകള്‍ കാട്ടുന്ന സിനിമയ്ക്ക് യു സര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ അത്ഭുതം തോന്നുന്നുവെന്ന് പ്രശസ്ത മന:ശാസ്ത്രജ്ഞന്‍ ഡോ. സി. ജെ ജോണ്‍ പറയുന്നു.
ഡോ. സി. ജെ. ജോണിന്‍റെ കുറിപ്പ് പൂര്‍ണ്ണരൂപം
തിന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ചലച്ചിത്രമാണ് മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്. നന്മ അതിദയനീയമായി പരാജയപ്പെടുന്നതായും ചിത്രീകരിച്ചിട്ടുണ്ട്. നല്ല ജഡ്ജിയും, നല്ല ഡോക്ടറും, നല്ല പോലീസ് ഓഫിസറും, നല്ല വക്കീലുമൊക്കെ തോറ്റ് തൊപ്പിയിടുന്നു. കഷ്ടപ്പെടുന്നു. ഇതാണ് എപ്പോഴും സംഭവിക്കുന്നതെന്ന മൈന്‍ഡ് സെറ്റിലേക്ക് പോകുന്ന ഒരു പൊതുബോധത്തെ കുറിച്ച് ആലോചിച്ച് നോക്കുക.
ഇതൊക്കെ സിനിമയല്ലേയെന്ന ന്യായം പറയാം. ആവിഷ്‌ക്കാരമികവ് കൊണ്ട് മുകുന്ദനോട് തോന്നേണ്ട വെറുപ്പ്, ആരാധനയായി മാറിയാല്‍ അപകടമാണ്. നല്ലവനായ ഡോക്ടറിലല്ല, കാശുണ്ടാക്കാന്‍ എന്ത് തിന്മയും ചെയ്യുന്ന വക്കീലിലാണ് ജീവിതം നിക്ഷേപിച്ചു പലിശ എടുക്കേണ്ടതെന്ന് ചൊല്ലുന്ന കാമുകി കഥാപാത്രവും തിന്മയോടുള്ള ആരാധനക്ക് വിത്തിടുന്നു.
ഡാര്‍ക്ക് ഹ്യൂമറിന്‍റെ മേമ്ബൊടിയിട്ട് ക്രൂരമായ ക്രൈമുകള്‍ക്ക് തമാശയുടെ പരിവേഷം നല്‍കുന്ന ഈ സിനിമ കുട്ടികള്‍ക്ക് പോലും ആസ്വാദ്യമായേക്കാം. മുകുന്ദനുണ്ണി ഹീറോ ആയേക്കാം. ജ്യൂസില്‍ ഉറക്കഗുളിക ഇട്ട് ബസ്സപകടം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് ഉള്‍പ്പെടെയുള്ള അയാളുടെ എല്ലാ ക്രിമിനല്‍ പ്രവര്‍ത്തികളും മാതൃകാ പെരുമാറ്റങ്ങളാകാം. ജീവിതവിജയം ഉണ്ടായിയെന്ന ന്യായത്തില്‍ ചെയ്യാവുന്ന കാര്യങ്ങളാകും. അങ്ങനെ സിനിമയില്‍ പറയുന്നുമുണ്ടല്ലോ?
ഇത്രയേറെ ക്രൈമുകള്‍ കാട്ടുന്ന സിനിമയ്ക്ക് യു സര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ അത്ഭുതം തോന്നുന്നു. നന്മയുള്ളവരായിരിക്കുന്നത് അപകടമെന്ന് ചൊല്ലുന്ന ഈ സിനിമക്ക് കുട്ടികളെ കൊണ്ട് പോലും കൈയ്യടിപ്പിക്കുകയാണ്. ഈ സിനിമ ഒടിടിയില്‍ കാണുമ്ബോള്‍ തെറ്റായ സന്ദേശങ്ങള്‍ ഇളം മനസ്സില്‍ കയറാതിരിക്കാനുള്ള ശ്രദ്ധ മാതാപിതാക്കള്‍ നല്‍കിയാല്‍ നല്ലത്.
വിമര്‍ശനാത്മകമായി സിനിമയുടെ പ്രമേയത്തെയും, സാമൂഹിക പ്രത്യാഘാതത്തെയും കുറിച്ച് പറയുന്നത് പഴഞ്ചന്‍ പരിപാടിയെങ്കില്‍, പഴഞ്ചന്‍ തന്നെയാണ്. കുട്ടികള്‍ക്ക് വേണ്ടിയെങ്കിലും ഇത് പറയാതെ വയ്യ. മദ്യം ഉല്‍പ്പാദിപ്പിക്കുമ്ബോള്‍ കണ്ണ് പോകുന്ന പദാര്‍ത്ഥങ്ങള്‍ ചേര്‍ക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുന്ന ആ ശൈലി മനക്കണ്ണിന് കോട്ടം വരുത്തുന്ന ചേരുവകള്‍ ചേര്‍ക്കുന്ന കാര്യത്തില്‍ പല മാധ്യമങ്ങളും പുലര്‍ത്താത്ത കാലത്ത് ഇതൊക്കെ ഉണ്ടാകും. എന്നാലും ആരെങ്കിലും പറയണ്ടേ? നന്മയില്ലാത്തവര്‍ കല്ലെറിയട്ടെ. കൊള്ളാം.
Post Your Comments