നടി മഞ്ജു വാര്യർ തനിക്കെതിരെ നൽകിയ പരാതി കള്ളമാണെന്നും താൻ ആവർത്തിച്ചു പറഞ്ഞിട്ടും അതിനെതിരെ മാധ്യമങ്ങൾ പോലും പ്രതികരിക്കുന്നില്ലെന്ന് സംവിധായകന് സനല്‍കുമാര്‍ ശശിധരന്. മഞ്ജു വാര്യര്‍ വളരെയധികം പണമുള്ള നടി ആയതുകൊണ്ടാണോ അതോ ലോകോത്തര നിലവാരമുള്ള കലാകാരിയായതുകൊണ്ടാണോ, താന്‍ ഉറക്കെ പറയുന്നത് കള്ളവും അവര്‍ പാലിക്കുന്ന കാപട്യം നിറഞ്ഞ മൗനം പവിത്രവും എന്ന നിലപാട് മാധ്യമങ്ങള്‍ എടുക്കുന്നതെന്നും സനല്‍ സോഷ്യൽ മീഡിയ പോസ്റ്റിൽ ചോദിക്കുന്നു.
read also: ഒരു കുഞ്ഞുണ്ടായാൽ തീരാവുന്ന പ്രശ്നമേയുള്ളൂ എന്നാണ് അവർ പറഞ്ഞത്: വിവാഹമോചനത്തെക്കുറിച്ച് അർച്ചന കവി
കുറിപ്പ് പൂർണ്ണ രൂപം
കയറ്റം കണ്ടുകഴിഞ്ഞപ്പോള്‍ ധാരാളം പേര് നേരിലും ഫോണിലൂടെയും നല്ല അഭിപ്രായങ്ങള്‍ അറിയിച്ചു. എല്ലാവര്ക്കും പറയാനുണ്ടായിരുന്നത് സിനിമ എടുക്കുന്നത് അവസാനിപ്പിക്കരുത് എന്നായിരുന്നു. എനിക്കെതിരെ ഉണ്ടായിട്ടുള്ള നിഴല്‍ യുദ്ധങ്ങളുടെ പാരമ്യത്തില്‍ ഉണ്ടായ ഒരു കള്ളക്കേസിനെ തുടര്‍ന്നാണ് അതിന്റെ പിന്നിലുള്ള സത്യം പുറത്തുവരുന്നതുവരെ സിനിമയെടുക്കുന്നതില്‍ നിന്നും മാറി നില്ക്കുന്നു എന്ന തീരുമാനം ഞാനെടുത്തത്. ഞാന്‍ ജീവിച്ചിരിക്കുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുള്ളത് സിനിമ ചെയുമ്പോള്‍ മാത്രമാണ് എന്നറിയാതെയല്ല ഞാന്‍ അങ്ങനെ ചെയ്തത്.
എന്റെ നിരപരാധിത്വം അറിയാവുന്ന നിരവധി ആളുകളുണ്ട്. എനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം പലര് ചേര്‍ന്ന് കള്ളങ്ങള്‍ കൊണ്ട് കെട്ടിപ്പൊക്കിയിട്ടുള്ളതിനാല്‍ തെളിവുകളില്ല എന്ന അവസ്ഥയുണ്ട്. എനിക്കെതിരെയുള്ള പരാതി കളവും ചതിയുമാണെന്ന് വ്യക്തമായി അറിവുള്ള സ്ത്രീ ജീവിച്ചിരിപ്പുണ്ട്. ഇവിടെ കോടതിയും നീതിന്യായ സംവിധാനങ്ങളും അവശേഷിക്കുന്നുണ്ട്. എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കൊണ്ട് എനിക്കെതിരെ കെട്ടിയുണ്ടാക്കിയിട്ടുള്ള കള്ളങ്ങള്‍ പൊലിയുന്ന ഒരു നാള് വരും എന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ഞാന്‍. അങ്ങനെയൊരു നാള് വരും അതിനപ്പുറം ജീവിതമുണ്ടാവും സിനിമയുണ്ടാവും എന്നൊരു പ്രതീക്ഷയും എനിക്കുണ്ടായിരുന്നു. ഓരോ ദിവസം കഴിയുന്തോറും പ്രതീക്ഷകള്‍ നഷ്ടമായികൊണ്ടിരിക്കുന്നു. നീതിന്യായകോടതിയിലുള്ള വിശ്വാസം എനിക്ക് പൂര്‍ണമായി തകര്‍ന്നു. ഞാന്‍ കൊടുത്ത ഹര്‍ജി വായിച്ചുപോലും നോക്കാതെ ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വലിച്ചെറിഞ്ഞു. ഇനിയെന്ത് എന്ന് ചോദിക്കുമ്പോള്‍ വക്കീലന്മാര് കൈമലര്‍ത്തുന്നു. ജഡ്ജിമാര്‍ക്ക് വേണ്ടി കൈകൂലി വാങ്ങുന്ന ആളുകള്‍ ഹൈക്കോടതിയുടെ മതില്‍ക്കെട്ടിനുള്ളില്‍ തന്നെയുണ്ട് എന്ന് വായിക്കുമ്പോള്‍ എനിക്കൊക്കെ എന്ത് പ്രതീക്ഷയാണ് പുലര്‍ത്താന്‍ കഴിയുക! പണം കൊടുത്ത് വിധി വാങ്ങാനുള്ള പണവും മനസും എനിക്കില്ല.
എനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നും അതിനു പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നും ഞാന്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുമ്പോഴും ഒരു മാധ്യമപ്രവര്‍ത്തകരോ മാധ്യമങ്ങളോ അതിന്റെ സത്യാവസ്ഥ എന്താണ് എന്നന്വേഷിക്കാന്‍ പോലും മുതിരുന്നില്ല. ഒരു പത്ര സമ്മേളനം നടത്തി കാര്യങ്ങള്‍ പറയാന്‍ സുഹൃത്തുക്കള്‍ പറയുന്നു. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പബ്ലിക് ആയി പറയുന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നു എന്നെനിക്കറിയാം. ഇക്കാര്യം മാത്രം എന്തുകൊണ്ട് അവഗണിക്കുന്നു എന്നറിയില്ല. Manju Warrier വളരെയധികം പണമുള്ള ഒരു നടി ആയതുകൊണ്ടാണോ അതോ ലോകോത്തര നിലവാരമുള്ള കലാകാരിയായത് കൊണ്ടാണോ എന്നറിയില്ല, ഞാന്‍ ഉറക്കെ പറയുന്നത് കളവും അവര്‍ പാലിക്കുന്ന കാപട്യം നിറഞ്ഞ മൗനം പവിത്രവും എന്ന് മാധ്യമങ്ങളും മാധ്യമങ്ങളിലെ സുഹൃത്തുക്കളും കരുതുന്നു. പലതവണ ഞാന്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാര്യം പത്രസമ്മേളനം നടത്തി പറയുന്നത് എന്തിന് എന്ന് കരുതി അത് വേണ്ടതില്ല എന്ന് വെച്ചു.
എനിക്കെതിരെയുള്ള കള്ളക്കേസില്‍ ഏത് സാഹചര്യത്തിലാണ് മഞ്ജു വാര്യര്‍ ഒപ്പ് വെച്ചിട്ടുള്ളത് എന്നറിയാത്തത് കൊണ്ട് ആ ചതിയില്‍ അവര്‍ പങ്കാളിയാണോ എന്നെനിക്കറിയില്ല. സത്യസന്ധമായി അന്വേഷിച്ചാല്‍ വാദി പ്രതിയാകുന്ന ആ കേസ് കാരണം എനിക്കുണ്ടായ മാനഹാനി ചൂണ്ടിക്കാട്ടി ഒരു മാനനഷ്ടക്കേസ് കൊടുക്കാനും ഉപദേശം ലഭിച്ചു എങ്കിലും ആ സ്ത്രീക്ക് അതില്‍ പങ്കുണ്ട് എന്ന് വിശ്വസിക്കാന്‍ എനിക്ക് ഇനിയും കഴിയാത്തത് കൊണ്ടും ഏത് തരം പ്രതിസന്ധിയിലാണ് അവര്‍ക്ക് ആ കള്ളപ്പരാതിയില്‍ ഒപ്പുവെയ്ക്കേണ്ടി വന്നത് എന്ന ആശങ്കകൊണ്ടും ഞാനത് ചെയ്തില്ല. പകരം ഞാന്‍ അവരുടെ അമ്മയെ ബന്ധപ്പെടാന്‍ ചില വിഫല ശ്രമങ്ങള്‍ നടത്തി. ഞാനവര്‍ക്ക് അയച്ച ഒരു രജിസ്റ്റേര്‍ഡ് കത്ത് പുള്ള് പോസ്റ്റൊഫീസില്‍ 15 ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഡെലിവര്‍ ചെയ്യപ്പെടാതെ കിടന്നു. ഞാന്‍ പരാതി കൊടുത്തപ്പോള്‍ അത് ഡെലിവര്‍ ചെയ്തു എന്ന് കണ്ടു. അതിന് മറുപടി കിട്ടിയിട്ടില്ല. (അവരുടെ അഡ്രസിലേക്ക് അയക്കുന്ന കത്തുകള്‍ ഡെലിവര്‍ ചെയ്യുന്നതില്‍ ക്രമക്കേടുണ്ടോ എന്ന് സംശയം തോന്നിയതുകൊണ്ട് ഞാന്‍ മറ്റൊരു കത്തും അയച്ചു. അതും അതെ രീതിയില്‍ ഡെലിവര്‍ ചെയ്യാതെ കിടന്നു. അത് എന്തായി എന്ന് ഞാന്‍ പിന്നീട് തിരക്കിയില്ല)എനിക്കെതിരെയുള്ളത് കള്ളപ്പരാതിയാണെന്നും അതില്‍ ഇടപെട്ട് എന്നെ ഈ കുരുക്കില്‍ നിന്ന് കെട്ടഴിച്ചുവിടണം എന്നുമായിരുന്നു ആ കത്തില്‍ ഉണ്ടായിരുന്നത്. മറുപടി ഇല്ലാത്തതോടെ അവരും നിസ്സഹായ ആണ് എന്നെനിക്ക് മനസിലായി.
കേരളത്തിലെ കലാകാരന്മാരുടെയോ സാംസ്കാരികപ്രവര്‍ത്തകരുടെയോ ഒന്നും കൂട്ടുകെട്ടുകള്‍ക്കകത്തോ രാഷ്ട്രീയ ചേരികള്‍ക്കകത്തോ ഒന്നും ഞാനില്ലാത്തതുകൊണ്ട് എന്റെ പ്രശ്നം ഒരു സാംസ്കാരിക പ്രശ്നമാവുകയില്ല. ഞാന്‍ ബോക്സോഫീസ് ഹിറ്റുകള്‍ ഉണ്ടാക്കുന്ന സംവിധായകന് അല്ലാത്തത് കൊണ്ട് ഇവിടുത്തെ സിനിമപ്രവര്‍ത്തകര്‍ക്കും എന്നെ അറിയില്ല എന്ന് കരുതാനാവും ഇഷ്ടം. വളരെ പരിതാപകരമായ ഒരു സാമൂഹികവസ്ഥയില്‍ ജീവിക്കേണ്ടി വരുന്നു എന്നതാണ് കഷ്ടം. സത്യം പുറത്തു വരും എന്ന പ്രതീക്ഷകള്‍ എന്തായാലും നാള്‍ക്കുനാള്‍ ദുര്‍ബലമായി കൊണ്ടിരിക്കുന്നു.
എന്ത് ചെയ്യാനാണ് ജീവിക്കുന്നത് എന്ന ചോദ്യം വളരെ ആഴത്തില്‍ മുറിവേല്പിച്ചു തുടങ്ങുന്നു. ഞാന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും മികച്ച സിനിമ കയറ്റമാണെന്നൊക്കെ ആളുകള്‍ പറയുന്നത് കേള്‍ക്കുമ്ബോള്‍ ആ വേദന സത്യത്തില്‍ പതിന്മടങ്ങ് വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത് . പുറത്തിറങ്ങാന്‍ അനുവദിക്കില്ല എന്ന കടുംപൂട്ട് പൊളിച്ച് ഇന്നലെ ആ സിനിമ കുറച്ചുപേരെ കാണിച്ചപ്പോള്‍ സന്തോഷം തോന്നിയിരുന്നു. പക്ഷെ സിനിമയ്ക്ക് കിട്ടിയ നല്ല പ്രതികരണങ്ങള്‍ എന്നെ കൂടുതല്‍ വേദനയിലേക്ക് തള്ളിവിടുകയാണ് ചെയ്തത്. വേണ്ടായിരുന്നു എന്ന് തോന്നി. ഒരുപക്ഷെ സിനിമ മോശമാണ് എന്നായിരുന്നു കേട്ടിരുന്നതെങ്കിലും ഇത്ര വേദനിക്കില്ലായിരുന്നു എന്ന് തോന്നുന്നു.
എന്റെ നിരപരാധിത്വം പുറത്തുവരുന്നതുവരെ സിനിമ ചെയ്യില്ല എന്ന തീരുമാനം താത്കാലികമായിരുന്നു. സത്യം പുറത്തു വരുന്നതുവരെ അല്ലെങ്കില്‍ അതിനുമുന്‍പ് സംഭവിച്ചേക്കാവുന്ന എന്റെ മരണം വരെ മാത്രം നീളുന്ന ഒന്ന്. ഇപ്പോള്‍ പക്ഷെ ഇനി സിനിമതന്നെ ചെയ്യുന്നില്ല എന്ന് തീരുമാനിക്കൂ തീരുമാനിക്കൂ എന്നൊരുള്‍കുത്ത് എന്നെ മഥിക്കുന്നു. സിനിമ ചെയ്യുകയാണെങ്കില്‍ തന്നെ ചതിയുടെയും ചങ്ങലകളുടെയും കാപട്യങ്ങളുടെയും അനുഭവങ്ങള്‍ മാത്രമേ എനിക്ക് ആവിഷ്കരിക്കാന്‍ ഉള്ളു. അതിനു വേണ്ടി സിനിമ ചെയ്യണോ എന്നത് വളരെ കാതലായ ചോദ്യമാണ്. പക്ഷെ സിനിമ ചെയ്യുന്നില്ല എന്ന തീരുമാനം ആത്മഹത്യ ചെയ്യൂ എന്ന് പറയുന്നതുപോലെ അപകടകരമായതിനാല്‍ കാതുപോത്തി ഞാനതില്‍ നിന്ന് ഒളിച്ചോടുകയാണ്. പക്ഷെ അതെന്നെ ഭയപ്പെടുത്തുന്ന വിധം പിന്തുടരുകയും ചെയ്യുന്നു. എത്രദൂരം ഈ ഓട്ടം തുടരും എന്നതാണ് ഇപ്പോഴത്തെ കൗതുകം.
Post Your Comments