കണക്കുകളിൽ മുന്നിലായ കേരളം യാഥാർഥ്യത്തിൽ ബഹുദൂരം പിന്നിലേക്ക് കുതിച്ചുകൊണ്ടിരിക്കുക്കയാണെന്ന വിമർശനവുമായി സംവിധായകൻ സനൽകുമാർ ശശിധരൻ. കേരളത്തിലെ സാമൂഹ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്നവരെ ഒന്നടങ്കം ഒന്നുകിൽ കൊന്നുകളയാം അല്ലെങ്കിൽ സംഘപരിവാർ ഏജന്റുകളാണെന്ന് പറഞ്ഞു രക്ഷപെടാമെന്നാണ് ധാരണയെന്നു സോഷ്യൽ മീഡിയ പോസ്റ്റിൽ സനൽ പറഞ്ഞു.
read also: വിഷ്ണു വിശാലിന്റെ ‘എഫ്ഐആര്’ രണ്ടാം ഭാഗം ഒരുങ്ങുന്നു
കുറിപ്പ് പൂർണ്ണ രൂപം,
ഏട്ടിലെ പയ്യ് പുല്ലു തിന്നില്ല എന്നൊരു ചൊല്ലുണ്ട്. അതുപോലെയാണ് കണക്കുകളിലെ കേരളം. കണക്കുകളിൽ മുന്നിലായ കേരളം യാഥാർഥ്യത്തിൽ ബഹുദൂരം പിന്നിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ സാമൂഹ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്നവരെ ഒന്നടങ്കം ഒന്നുകിൽ കൊന്നുകളയാം. അല്ലെങ്കിൽ വ്യക്തിഹത്യ ചെയ്ത് കുറച്ചുകാലം ഇരുട്ടിൽ നിർത്താം. അല്ലെങ്കിൽ അവരെല്ലാം സംഘപരിവാർ ഏജന്റുകളാണെന്ന് പറഞ്ഞു രക്ഷപെടാം. പക്ഷെ സത്യം സത്യമല്ലാതാവില്ല. ഈ പോസ്റ്റർ എന്തായാലും ഒരു ശുഭസൂചനയാണ്. കേരളത്തിന്റെ ഗുരുതമായ സാമൂഹ്യാവസ്ഥ പൊതുജനങ്ങൾ ചർച്ചചെയ്ത് തുടങ്ങിയിട്ടുണ്ട് എന്ന തിരിച്ചറിവിന്റെ ഫലമായിട്ടാവണം ഇത്തരം ഒരു പഴിചാരൽ-ന്യായീകരണ പോസ്റ്റർ ആവശ്യമായി വന്നത്.
ഒരു സാങ്കല്പിക ശത്രുവിനെ സൃഷ്ടിച്ച് യഥാർത്ഥ കാരണങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്ന തന്ത്രം ഏറെക്കാലമായി എല്ലാ രാഷ്ട്രീയ സംവിധാനങ്ങളും പയറ്റുന്നതാണ്. പക്ഷെ കേരളത്തിന്റെ ഇന്നത്തെ യാഥാർഥ്യം ജനങ്ങളിൽ നിന്ന് മറച്ചുവെയ്ക്കാൻ ഇത് മതിയാവുമെന്ന് തോന്നുന്നില്ല. ഇവിടുത്തെ പ്രശ്നങ്ങൾ പറയുമ്പോൾ പലരും ക്രൈമുകൾ എല്ലായിടത്തും ഇല്ലേ? പ്രശ്നങ്ങൾ ഇല്ലാത്ത സ്ഥലം കാണിച്ചു തരാമോ? എന്നൊക്കെയുള്ള ചോദ്യങ്ങൾ കൊണ്ടാണ് നേരിടുന്നത്. ക്രമസമാധാന സംവിധാനത്തിലെ നിരവധി ഗുരുതരമായ പിഴവുകൾ നേരിൽ കണ്ടറിഞ്ഞ ഒരാളാണ് ഞാൻ. സന്ധ്യയുടെ കൊലപാതകം, എസ് വി പ്രദീപിന്റെ കൊലപാതകം എന്നിവയിൽ പോലീസ് എങ്ങനെ കേസുകൾ അട്ടിമറിക്കാൻ കൂട്ടുനിന്നു എന്നത് മാത്രം മതി സാമാന്യനീതിയുടെ കാര്യത്തിൽ കേരളം പടുകുഴിയിലേക്ക് വീഴുകയാണെന്ന് മനസിലാക്കാൻ. എനിക്കെതിരെ ഒരു കള്ളക്കേസുണ്ടാക്കി എന്നെ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി അറസ്റ്റ് ചെയ്തതിൽ പോലീസ് ഗൂഢാലോചന നടത്തി എന്നത് പകൽ പോലെ വ്യക്തമാണ്. ഞാൻ പറയുന്നത് തെറ്റാണെങ്കിൽ ഈ കേസുകളിലെ സത്യാവസ്ഥ അന്വേഷിക്കാൻ സിബിഐ ക്ക് വിടാനോ ജുഡീഷ്യൽ അന്വേഷണം നടത്താനോ സർക്കാരിന് ധൈര്യമുണ്ടോ?
കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ക്രമസമാധാന സംവിധാനം ആകെ ദുഷിച്ചുപോയി എന്നതാണ്. പോലീസ് സേനയ്ക്കകത്ത് ക്രിമിനലുകൾ ഉണ്ട് എന്ന് സർക്കാരിന് തന്നെ സമ്മതിക്കേണ്ടി വന്നിരിക്കുന്നു. ചരിത്രത്തിലില്ലാത്ത വിധത്തിൽ ഒരു ഉദ്യോഗസ്ഥനെ പിരിച്ചുവിടുക കൂടി ചെയ്യേണ്ടിവന്നു. പോലീസുകാർ അന്വേഷണം അട്ടിമറിച്ച കേസുകൾ ദൈനം ദിനം പൊന്തിവരുന്നു. പത്രമാധ്യമങ്ങൾ നിരന്തരം വാർത്തകൊടുത്താൽ മാത്രം അവയിൽ പുനരന്വേഷണം ഉണ്ടാകുന്നു. കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥർ ക്രമക്കേട് കാട്ടി എന്ന് ബോധ്യമായാൽ പോലും നടപടികളില്ല. ദിനം തോറും കേൾക്കുന്ന പെൺ കൊലകൾ, നരബലി, അവയവമാഫിയയുടെയും മയക്കുമരുന്ന് മാഫിയകളുടെയും വാർത്തകൾ, സ്വർണക്കടത്ത് സംഘങ്ങൾ നടത്തുന്ന തട്ടിക്കൊണ്ടു പോക്ക് മർദ്ദനങ്ങൾ, കൊലകൾ.. ഇവയെക്കുറിച്ച് ഭയം കൂടാതെ പ്രതികരിക്കാൻ പോലും ഇന്നാട്ടിൽ മനുഷ്യന് കഴിയുന്നുണ്ടോ? എഴുത്തുകാരെയും സാംസ്കാരിക പ്രവർത്തകരെയും സ്ഥാനമാനങ്ങൾ കൊണ്ടോ ഭീഷണികൾ കൊണ്ടോ മൗനികളാക്കും. പ്രതികരിക്കുന്നവരെ കള്ളക്കേസുകളിൽ കുടുക്കും.
സാധാരണക്കാരൻ പരാതിയുമായി പോകുന്ന ഇടങ്ങളിൽ ഉദ്യോഗസ്ഥർ കുറ്റവാളികളെ സംരക്ഷിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥ എത്ര ഭീകരമാണ്! പോലീസ് സർക്കാരിന്റെയും രാഷ്ട്രീയക്കാരുടെയും ചട്ടുകമായി മാറുന്നതിനേക്കാൾ അപകടകരമായ സ്ഥിതി എന്താണ്? പോലീസിന്റെ ഗുരുതരമായ കൃത്യവിലോപങ്ങൾ ചൂണ്ടിക്കാണിച്ച് അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ പോയാൽ സർക്കാർ അതൊക്കെ എതിർത്ത് തോല്പിക്കും. ഇതിൽ മാറ്റം വരുത്തുന്ന ശക്തമായ നടപടികൾ ഒന്നുമുണ്ടാകാതെ ഒരു നിഴലിനെ ചൂണ്ടിക്കാട്ടി ഇതാണ് ശത്രു എന്ന് പറഞ്ഞാൽ ഇനി ആര് വിശ്വസിക്കും?
കേരളം ജീവിക്കാൻ പറ്റാത്ത ഇടമായി എന്നത് അനുഭവസ്ഥരുടെ നിലവിളിയാണ് സുഹൃത്തുക്കളെ. ഈ പോക്കുപോയാൽ കൂടുതൽ ആളുകൾ നിലവിളിക്കേണ്ടിവരും. നിലവിളിക്കുന്നവരെയൊക്കെ കൊല്ലാനും നിഴൽകുത്ത് നടത്തി ഇല്ലാതാക്കാനും കഴിയില്ല. തിരുത്തലുകൾ ഉണ്ടാക്കാൻ ശബ്ദമുയർത്തൂ. ഇത്തരം കളിപ്പിക്കൽ പോസ്റ്ററുകൾ കൊണ്ട് കാര്യമില്ല.
പോസ്റ്റർ Jayashree Thotekat ന്റെ പോസ്റ്റിൽ നിന്ന് എടുത്തത്.
Post Your Comments