മുന്‍ കേന്ദ്ര മന്ത്രിയും പാര്‍ട്ടിയുടെ ഔദ്യോഗിക വക്താവുമായ പ്രകാശ് ജാവദേക്കര്‍ വീട്ടില്‍ വന്ന സന്തോഷം പങ്കിട്ട് നടന്‍ കൃഷ്ണകുമാര്‍. 2024 ലെ ലോക് സഭ തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ ചുമതല നിർവഹിക്കുന്നത് പ്രകാശ് ജാവദേക്കര്‍ ആണ്. അദ്ദേഹം കാണാൻ വന്നതിനെക്കുറിച്ചു സമൂഹമാധ്യമത്തിലാണ് കൃഷ്ണകുമാർ പങ്കുവച്ചത്.
കുറിപ്പ്
‘നെക്സ്റ്റ് ടൈം വെൻ ഐ കം ടു ട്രിവാൻഡ്രം, ഐ വിൽ കം ടു യുവർ ഹോം. വിൽ ഹാവ് ഡിന്നർ വിത്ത് യു ആൻഡ് യുവർ ഫാമിലി’
ഏറ്റവുമൊടുവിൽ ദില്ലിയിൽ അദ്ദേഹത്തിന്റെ ഓഫിസിൽ വെച്ച് കണ്ടപ്പോൾ എന്നോടിങ്ങനെ പറഞ്ഞത് മറ്റാരുമല്ല, ശ്രീ. പ്രകാശ് ജാവദേക്കർ ആണ്. പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത നമ്മുടെയെല്ലാം മുതിർന്ന നേതാവാണദ്ദേഹം. മുൻ കേന്ദ്ര മന്ത്രിയും പാർട്ടിയുടെ ഔദ്യോഗിക വക്താവും. പക്ഷെ അതിലുമൊക്കെയേറെ പ്രധാനമായി, 2024 ലെ ലോക് സഭ തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ ചുമതലയെന്ന നിർണ്ണായക പദവി വഹിക്കാൻ കേന്ദ്ര നേതൃത്വം തിരഞ്ഞെടുത്തിരിക്കുന്നതും അദ്ദേഹത്തെത്തന്നെ.
അദ്ദേഹം വാക്കുപാലിച്ചു. ഇന്നലെ വൈകിട്ട് ഔപചാരികതകളൊന്നുമേ തന്നെ ഇല്ലാതെ അദ്ദേഹം എന്റെ വീട്ടിലെത്തി, കുടുംബാംഗങ്ങളോടൊത്ത് ദീർഘനേരം ചിലവിട്ടു, എല്ലാവരുമൊരുമിച്ചിരുന്നു മനസ്സുനിറഞ്ഞ് ആഹാരവും കഴിച്ചു. മടങ്ങിപ്പോകുന്നതിനു മുൻപ് ഒരു മണിക്കൂറോളം സമയം എന്നോടൊപ്പമിരുന്നു. തൊട്ടുമുൻപ് വരെ ഒരു മൂത്ത ജ്യേഷ്ഠനെപ്പോലെ എന്നോടും ഭാര്യയോടും മക്കളോടും സംസാരിച്ചിരുന്ന ഒരാളിൽ നിന്നും നിമിഷാർദ്ധം കൊണ്ട് അങ്ങേയറ്റം തന്ത്രജ്ഞനായ, കുശാഗ്രബുദ്ധിക്കാരനായ, നമ്മുടെ നാട്ടിലെ രാഷ്ട്രീയത്തിന്റെ പുറംകാഴ്ചകളും അടിയൊഴുക്കുകളും ഒരുപോലെയറിയുന്ന ഒരു ഇലക്ഷൻ എഞ്ചിനീയറായി അദ്ദേഹം മാറി. ഒരിക്കലുംമറക്കാനാവാത്ത ആ ഒരു മണിക്കൂർ സമയം കൊണ്ട് എന്താണ്, എങ്ങനെയാണ് ഒരു ഉത്തരവാദിത്വപ്പെട്ട പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ വരും ദിവസങ്ങളിൽ ഞാൻ പ്രവർത്തിക്കേണ്ടതെന്തെന്നും, കേന്ദ്ര നേതൃത്വം എന്നിൽ നിന്നും നമ്മുടെ തിരുവനന്തപുരത്തു നിന്നും പ്രതീക്ഷിക്കുന്നതെന്നും മനസ്സിലായി. ഒന്ന് മാത്രം ഇപ്പോൾ സൂചിപ്പിക്കാം — പ്രിയപ്പെട്ട നിങ്ങളോരോരുത്തർക്കും, സർവ്വേശ്വരനും നന്ദി.
അദ്ദേഹം വാക്ക് പാലിക്കും. ഇന്നലെ ഞാൻ എനിക്കുതന്നെ നൽകിയ വാക്കു പാലിക്കാൻ ഞാനും. നമ്മുടെ തലസ്ഥാനം നമ്മുടെ അഭിമാനം എന്ന് ഓരോ മലയാളിയെയും കൊണ്ട് പറയിപ്പിക്കാൻ നമുക്ക് ഒരുമിച്ചു പ്രവർത്തിക്കാം. കൂടെയുണ്ട് — താങ്കൾക്കൊപ്പം, താങ്കളുടെ പ്രിയപ്പെട്ടവർക്കൊപ്പം, വികസനത്തിനൊപ്പം.
നല്ല ഒരു ദിവസം ആശംസിച്ചുകൊണ്ട് നിർത്തുന്നു. എല്ലാവർക്കും നമസ്കാരം. ജയ് ഹിന്ദ്..??
Post Your Comments