താൻ അസിസ്റ്റന്റ് ഡറക്ടറായിരുന്ന സമയത്ത് നടൻ മമ്മൂട്ടിയുടെ കൂടെയുള്ള ഓർമകൾ പങ്കുവെച്ച് സംവിധായകൻ പോൾസൺ. ‘മണിവത്തൂരിലെ ആയിരം ശിവരാത്രികൽ’ എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ചു പോകുമ്പോൾ തന്നെ വെളുപ്പിനെ മൂന്ന് മണിക്ക് കാറിൽ നിന്നും മമ്മൂട്ടി ഇറക്കി വിട്ടിട്ടുണ്ടെന്നും, അന്ന് താൻ കരഞ്ഞുപോയെന്നും അദ്ദേഹം പറയുന്നു.
”മണിവത്തൂരിലെ ആയിരം ശിവരാത്രികൾ’ എന്ന സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് മമ്മൂട്ടി ഊട്ടിയിൽ നിന്നും തിരിച്ച് പോകാൻ തുടങ്ങുകയായിരുന്നു. അപ്പോൾ മമ്മൂട്ടി വന്ന് ഫാസിലിനോട് പറഞ്ഞു ഞാൻ തിരുവനന്തപുരത്തേക്കാണ് പോകുന്നത് എനിക്ക് കൂട്ടിന് പോൾസണെ വിടണമെന്ന്. ഞാൻ ആണെങ്കിൽ ആ സമയത്ത് മറ്റെന്തോ ജോലി ചെയ്യുകയായിരുന്നു. ഫാസിൽ എന്റെ അടുത്ത് വന്ന് പറഞ്ഞു മമ്മൂട്ടിക്കൊപ്പം തിരുവനന്തപുരം വരെ പോകണം പെട്ടിയൊക്കെ റെഡിയാണോയെന്ന്’.
‘ഫാസിൽ ഇത് ചോദിച്ചപ്പോൾ തന്നെ എനിക്ക് പോകാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞു. കാരണം, ഷൂട്ടിങ്ങിന് ഞാൻ കൊണ്ടുവന്ന ഒരുപാട് സാധനങ്ങൾ അവിടെയുണ്ടായിരുന്നു. തിരിച്ച് പോകുമ്പോൾ അതെല്ലാം പാക്ക് ചെയ്ത് തിരികെ കൊണ്ടുപോകണമെന്നും ഞാൻ പറഞ്ഞു. അപ്പോൾ ഫാസിൽ പറഞ്ഞു അത് ഞാൻ കാറിനകത്ത് കൊടുത്തുവിട്ടോളാം താൻ എന്തായാലും മമ്മൂട്ടിക്കൊപ്പം പോകണമെന്ന്. എന്നിട്ടും അദ്ദേഹത്തിനൊപ്പം പോകാൻ എനിക്ക് മനസുവന്നില്ല’.
‘ഞാൻ പോകില്ലായെന്ന് പറയുന്നത് മമ്മൂക്കയും കേട്ടു. അപ്പോൾ മമ്മൂക്ക പറഞ്ഞു, താൻ എന്റെയൊപ്പം വരണം ഞാൻ വീട്ടിൽ കൊണ്ട് വിട്ടോളാം. മമ്മൂക്ക പറഞ്ഞതുകൊണ്ട് അവസാനം ഞാൻ സമ്മതിച്ചു. അങ്ങനെ കാറിൽ കയറി യാത്ര ആരംഭിച്ചു. ഞങ്ങൾ രണ്ടുപേരും അദ്ദേഹത്തിന്റെ ഡ്രൈവറും മാത്രമെ കാറിലുണ്ടായിരുന്നുള്ളു’.
‘വണ്ടിയോടിക്കുന്നത് മമ്മൂക്കയാണ്, ആ സമയം ഡ്രൈവർ ഉറങ്ങുകയാണ്. എങ്ങനെയാണ് താൻ സിനിമയിൽ വന്നത് എന്നൊക്കെ ആ യാത്രയിൽ മമ്മൂക്ക എന്നോട് പറഞ്ഞു. മുമ്പൊരിക്കൽ മമ്മൂട്ടിയെ സ്ഫോടനത്തിന്റെ സെറ്റിൽ വെച്ച് ഞാൻ കണ്ടിരുന്നു. ഞാൻ സ്നേഹിച്ച് കല്യാണം കഴിച്ച കഥയും, വീട് സ്വന്തമായില്ലെന്നും വാടകയ്ക്കാണ് താമസിക്കുന്നതെന്നുമൊക്കെ അന്ന് മമ്മൂക്കയോട് പറഞ്ഞു’.
‘തനിയാവർത്തനം അടക്കം മമ്മൂട്ടിയുടെ അഞ്ചോളം പടങ്ങൾ അന്ന് റിലീസിന് ഒരുങ്ങുന്ന സമയമാണ്. ഈ അഞ്ച് പടം റിലീസായാൽ ഞാൻ സൂപ്പർ ഹീറോയാകുമെന്ന് അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു. അന്ന് തന്നെ നല്ല കോൺഫിഡൻസ് അദ്ദേഹത്തിനുണ്ടായിരുന്നു. പിന്നീട് അദ്ദേഹം എന്നോട് അഞ്ച് സിനിമയ്ക്കുള്ള ഡേറ്റ് തരാമെന്നും അതിന് വേണ്ടി ഒരു പടത്തിന് ഇരുപത്തി അയ്യായിരം രൂപ വീതം തരണമെന്നും പറഞ്ഞു’.
‘പിന്നീട് ആ ഡേറ്റുകൾ വിറ്റ് കാശാക്കി സ്വന്തമായി വീട് വാങ്ങിക്കോളാനും പറഞ്ഞു. ആ ഐഡിയ നല്ലതാണെന്ന് മമ്മൂക്ക പറഞ്ഞത് കേട്ട ശേഷം ഞാൻ പറഞ്ഞു. അതുകഴിഞ്ഞ് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. എങ്ങാനും സിനിമ പൊട്ടിയാൽ എന്റെ കൈയ്യിലുള്ള കാശ് നഷ്ടമാകില്ല എന്ന്. ആ ചോദ്യം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. എന്നോട് ദേഷ്യപ്പെട്ട് കാറിൽ നിന്നും എന്നെ ഇറക്കി വിട്ടു. വെളുപ്പിന് മൂന്ന് മണി മറ്റോ ആണ് സമയം. ശരിക്കും ഞാൻ കരഞ്ഞുപോയി’.
Read Also:- ‘നയന്‍താരയുടെ റോള്‍ കുറവാണെന്ന് പരാതിയുണ്ട്, ഞാന്‍ സ്ക്രീന്‍ സ്പേസ് വച്ചല്ല ക്യാരക്ടര്‍ എഴുതുന്നത്’
‘കൈയ്യിലുള്ള കാശിന് അടുത്ത വണ്ടി വരുമ്പോൾ കയറി പോകാമെന്ന് കരുതി ഞാൻ വഴിയിൽ നിന്നു. കുറച്ച് സമയം കഴിഞ്ഞപ്പോൾ പോയ സ്പീഡിൽ അദ്ദേഹം തിരികെ വന്നു. എന്നെ നിർബന്ധിച്ച്, പിടിച്ച് വലിച്ച് കാറിൽ കയറ്റി. അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടുപോയി ഭക്ഷണമൊക്കെ തന്നു. പെട്ടെന്ന് ദേഷ്യം വരും അത് പെട്ടെന്ന് പോവുകയും ചെയ്യും, അതാണ് മമ്മൂക്ക’, പോൾസൺ പറഞ്ഞു.
Post Your Comments