ഡിസംബര്‍ 30ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ‘ജിന്ന്’ റിലീസ് ചെയ്യാതിരുന്നതിൽ ക്ഷമ ചോദിച്ച് സംവിധായകൻ സിദ്ധാർത്ഥ് ഭരതൻ. ഒഴിവാക്കാനാകാത്ത ചില സാങ്കേതിക തടസങ്ങളാലാണ് സിനിമയുടെ റിലീസ് നീട്ടിയതെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്നം പരിഹരിച്ച ശേഷം പുതിയ റിലീസ് തീയതി ഉടൻ അറിയിക്കുമെന്നും സിദ്ധാർത്ഥ് ഫേസ്ബുക്കിൽ അറിയിച്ചു.
‘പ്രിയപ്പെട്ടവരെ, ഒഴിവാക്കാന്‍ കഴിയാത്ത ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ജിന്ന് എന്ന ചിത്രത്തിന്റെ റിലീസ് ഇന്നുണ്ടായില്ല. പ്രശ്നം പരിഹരിച്ച് സിനിമ ഇറക്കാന്‍ ഞങ്ങള്‍ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല. നിങ്ങള്‍ക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. പുതിയ റിലീസ് തീയതി വൈകാതെ അറിയിക്കുന്നതായിരിക്കും’ സിദ്ധാര്‍ഥ് ഭരതൻ കുറിച്ചു.
‘ചന്ദ്രേട്ടൻ എവിടെയാ’, ‘വർണ്യത്തിൽ ആശങ്ക’, ‘ചതുരം’ എന്നീ ചിത്രങ്ങൾക്കു ശേഷം സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജിന്ന്. നാട്ടിലെ ഒരു തീപ്പെട്ടിക്കമ്പനിയിൽ ജോലി നോക്കുന്ന ലാലപ്പൻ എന്ന യുവാവിനെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി. സൗബിൻ ഷാഹിറാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Read Also:- ‘ഏഴിമലൈ പൂഞ്ചോല’യുടെ പുതിയ പതിപ്പുമായി മോഹൻലാൽ: റീ റിലീസിനൊരുങ്ങി സ്ഫടികം
ഷറഫുദ്ദീൻ, ഷൈൻ ടോം ചാക്കോ, സാബുമോൻ, ജാഫർ ഇടുക്കി, നിഷാന്ത് സാഗർ, ജിലു ജോസഫ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ‘കലി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാജേഷ് ഗോപിനാഥാണ് തിരക്കഥ ഒരുക്കുന്നത്. സന്തോഷ് വർമ്മ , അൻവർ അലി എന്നിവരുടെ വരികൾക്ക് പ്രശാന്ത് പിള്ള ഈണം പകരുന്നു. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും, ദീപു ജോസഫ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.
Post Your Comments