മെഡിക്കൽ കാംബസിൻ്റെ പശ്ചാത്തലത്തിൽ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിന് ഡിസംബർ ഇരുപത്തിയെട്ട് ബുധനാഴ്ച്ച പാലക്കാട്ട് തുടക്കമിട്ടു. കഞ്ചിക്കോട്ട് സുര്യ റിട്രീറ്റിൽ നടന്ന ലളിതമായ ചടങ്ങിൽ സംവിധായകൻ ഷാജി കൈലാസ് ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് തുടക്കമിട്ടത്.
ഭാവനയാണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്. ജയലഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ.രാധാകൃഷ്ണൻ നിർമ്മിക്കുന്ന ഈ ചിത്രം പൂർണ്ണമായും സസ്പെൻസ്, ഹൊറർ പശ്ചാത്തലത്തിലാണ് അവതരണം. ‘കാപ്പ’ പ്രദർശനശാലകളിൽ മികച്ച വിജയം നേടിവരുന്ന സാഹചര്യത്തിൽത്തന്നെ അടുത്ത ചിത്രത്തിൻ്റെ ആരംഭം കുറിച്ചത് ഈ ചിത്രത്തിൻ്റെ പ്രസക്തി ഏറെ വർദ്ധിച്ചിരിക്കുന്നു.
കാംബസ്സിലെ പി.ജി. റസിഡൻ്റ് ഡോ. കീർത്തിയുടെ മുന്നിലെത്തുന്ന ഒരു കേസിൻ്റെ ചുരുളുകൾ നിവർത്തുന്നതിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാവികസനം. തുടക്കം മുതൽ അവസാനവരെയും പ്രേഷകനെ ഉദ്വേഗത്തിൻ്റെ മുൾ മുനയിൽ നിർത്തിക്കൊണ്ടാണ് ഷാജി കൈലാസ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.
ഭവനയാണ് ഡോ.കീർത്തിയെ അവതരിപ്പിക്കുന്നത്. സ്ത്രീ കഥാപാത്രത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ഡോ.കീർത്തി എന്ന കഥാപാത്രത്തെ ഭാവന ഉജ്വലമാക്കുന്നു. അതിഥി രവിയുടെ ഡോ.സാറ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്. അജ്മൽ അമീർ ,രാഹുൽ മാധവ്, അനുമോഹൻ, രൺജി പണിക്കർ ,ചന്തു നാഥ്, ജി.സുരേഷ് കുമാർ നന്ദു ലാൽ, ഡെയ്ൻ ഡേവിഡ്, വിജയകുമാർ, ബിജു പപ്പൻകോട്ടയം നസീർ, ദിവ്യാ നായർ, സോനു എന്നിവരും പ്രധാന താരങ്ങളാണ്.
രചന – നിഖിൽ. എസ്. ആനന്ദ്. ഹരി നാരായണൻ, സന്തോഷ് വർമ്മ എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു. ജാക്സൺ ജോൺസൺ ഛായാഗ്രഹണവും അജാസ് മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം – ബോബൻ, മേക്കപ്പ് – പി.വി.ശങ്കർ, കോസ്റ്റ്യം – ഡിസൈൻ – ലിജി പ്രേമൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – മനു സുധാകർ, ഓഫീസ് നിർവ്വഹണം – ദില്ലി ഗോപൻ.
Read Also:- ‘കാപ്പ’യിൽ അഭിനയിക്കുമ്പോള്‍ ഒരു കാര്യം മാത്രമേ പൃഥ്വിരാജ് എന്നോട് ആവശ്യപ്പെട്ടുള്ളൂ: ഷാജി കൈലാസ്
പ്രൊഡക്ഷൻ എക്സ്‌ക്യൂട്ടീവ്സ് – പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ കൺട്രോളർ – സഞ്ജു.ജെ. പാലക്കാടും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാകുന്ന ഈ ചിത്രം ഉർവ്വശി തീയേറ്റേഴ്സ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
ഫോട്ടോ – ഹരി തിരുമല.
Post Your Comments