മുംബൈ: ‘ദ കേരള സ്റ്റോറി’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തില്‍ പ്രതികരിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാവ് വിപുല്‍ അമൃതലാല്‍ ഷാ. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയ്ക്ക് വേണ്ടി കേരളത്തില്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റുന്നുവെന്നും തന്നെപ്പോലെ 32000 സ്ത്രീകള്‍ കേരളത്തില്‍ ഇത്തരത്തില്‍ തീവ്രവാദത്തിലേക്ക് എത്തിചേര്‍ന്നിട്ടുണ്ടെന്നും ചിത്രത്തിന്റെ ടീസറില്‍ പറയുന്നു. ടീസര്‍ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
‘ദ കേരള സ്റ്റോറി’ എന്ന ചിത്രം കേരളത്തെ മോശമാക്കി ചിത്രീകരിക്കുകയാണ് എന്നായിരുന്നു ഉയർന്ന പ്രധാന വിമർശനം. 32000 എന്ന കണക്ക് എവിടെ നിന്ന് ലഭിച്ചുവെന്നും വിമര്‍ശകര്‍ ചോദിച്ചു. ഇപ്പോൾ വിവാദങ്ങൾക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. തെളിവില്ലാതെ ഒന്നും പറയാറില്ലെന്ന് മിഡ് ഡേയ്ക്ക് നല്കിയ അഭിമുഖത്തിൽ വിപുല്‍ അമൃതലാല്‍ ഷാ പ്രതികരിച്ചു.
‘സമയമാവുമ്പോള്‍ ഞങ്ങള്‍ ആരോപണങ്ങളെ അഭിസംബോധന ചെയ്യും. തെളിവില്ലാതെ ഒന്നും പറയാറില്ല. ഞങ്ങള്‍ കണക്കുകള്‍ നിരത്തുമ്പോള്‍ ആളുകള്‍ക്ക് സത്യം മനസിലാകും. സംവിധായകന് സുദീപോ സെന്‍ നാല് വര്‍ഷമാണ് സിനിമയ്ക്ക് വേണ്ടി ഗവേഷണം ചെയ്തത്. ഒരു വലിയ ദുരന്തത്തെക്കുറിച്ചാണ് സിനിമ ചെയ്യുന്നത്,’ വിപുല്‍ അമൃതലാല്‍ ഷാ വ്യക്തമാക്കി.
Post Your Comments