’90-കളിൽ എനിക്കൊരു എതിരാളി ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ വിജയങ്ങൾ ഞാൻ ഭയന്നിരുന്നു’: അജിത്തിനെ ഉദ്ദേശിച്ച് വിജയ്

ആരാധകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് വാരിസ്. കഴിഞ്ഞ ദിവസം നടന്ന വാരിസിന്റെ ഓഡിയോ ലോഞ്ചിൽ വെച്ച് നടൻ വിജയ് പങ്കുവെച്ച സ്വന്തം കഥയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. രണ്ട് ചോദ്യങ്ങളാണ് വാരിസ് ഓഡിയോ ലോഞ്ച് വേദിയിൽ വിജയ്ക്ക് നേരിടേണ്ടി വന്നത്. വിജയം വരുമ്പോഴും പ്രശ്നങ്ങൾ വരുമ്പോഴും ഒരുചിരിയോടെ എങ്ങനെ നേരിടുന്നു എന്നായിരുന്നു അവതാരകയുടെ ആദ്യ ചോദ്യം. ശീലമായിപ്പോയെന്നും ആവശ്യമുള്ള വിമർശനവും ആവശ്യമില്ലാത്ത എതിർപ്പും നമ്മളെ മുന്നോട്ട് നയിക്കും എന്നുമായിരുന്നു ഇതിനുള്ള ഉത്തരം.

എന്തുവന്നാലും കണ്ണുകളിൽ ഭയം കാണാറില്ലല്ലോ എന്നതായിരുന്നു അടുത്ത ചോദ്യം. അതിന് ഒരു കുട്ടിക്കഥ പറയാം എന്ന് പറഞ്ഞ് അദ്ദേഹം പങ്കുവെച്ചത് സ്വന്തം അനുഭവമായിരുന്നു. തന്റെ ജീവിതത്തിൽ ഉണ്ടായ ഒരു എതിരാളിയെ കുറിച്ചായിരുന്നു വിജയ്ക്ക് പറയാനുണ്ടായിരുന്നത്. ‘1990-കളിൽ എനിക്ക് എതിരാളിയായി ഒരു നടൻ രൂപപ്പെട്ടു. ആദ്യം ഒരു എതിരാളിയായിരുന്നു. ആദ്യമൊക്കെ ഞങ്ങൾ തമാശയ്ക്ക് മത്സരിച്ചു. പിന്നെപ്പിന്നെ അയാളോടുള്ള മത്സരം ​ഗൗരവമുള്ളതായി. അദ്ദേഹത്തിനേയും അദ്ദേഹത്തിന്റെ വിജയങ്ങളേയും ഞാൻ ഭയന്നു. ഞാൻ പോയ ഇടങ്ങളിലെല്ലാം അദ്ദേഹം വന്ന് നിന്നു. ഞാൻ ഇത്രയും വളരുന്നതിന് കാരണമായി നിലകൊണ്ടു. അദ്ദേഹത്തെ മറികടക്കണമെന്ന ചിന്തയും, അദ്ദേഹത്തേക്കാൾ മികച്ചതാകണം എന്ന ചിന്തയോടെയുമാണ് ഓരോ സിനിമയും ചെയ്യുന്നത്. അതുപോലെ മത്സരിക്കാൻ പറ്റിയ ഒരാൾ നിങ്ങളുടെ ജീവിതത്തിലും ഉണ്ടാകണം. ആ മത്സരാർത്ഥി ഉണ്ടായ വർഷം 1992. ‌അയാളുടെ പേര് ജോസഫ് വിജയ്’, വിജയ് പറഞ്ഞു.

അജിത്തിന്റെ പേര് പരാമർശിക്കാതെയായിരുന്നു വിജയ് ഈ കഥ പറഞ്ഞത്. എന്നാൽ, പേര് പറയാതെ തന്നെ താരം ഉദ്ദേശിച്ചത് അജിത്തിനെ ആണെന്ന കണ്ടെത്തലിലാണ് ആരാധകരും സോഷ്യൽ മീഡിയയും. ഓഡിയോ ലോഞ്ചിൽ വിജയ് അഭിനയിച്ച 65 ചിത്രങ്ങളുടെയും പോസ്റ്ററുകൾ പതിച്ചിരുന്നു. കൂട്ടത്തിൽ വിജയിയും അജിത്തും ഒന്നിച്ച് അഭിനയിച്ച ചിത്രത്തിന്റെ പോസ്റ്റർ അൽപം വലുതാക്കി എല്ലാവരും കാണത്തക്ക രീതിയിൽ വെച്ചിരുന്നു. ഇതും ആരാധകർക്കിടയിൽ ആവേശമുണർത്തി.

Share
Leave a Comment