മലയാളത്തിന്റെ പ്രിയ താരങ്ങളാണ് കൊച്ചിന്‍ ഹനീഫയും സലിം കുമാറും. ഒരുപിടി ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ചെത്തിയപ്പോൾ പ്രേക്ഷകരുടെ ഉള്ളിൽ പൊട്ടിച്ചിരി നിറഞ്ഞു. ഇപ്പോഴിതാ അമൃത ടിവിയിലെ ഫണ്‍സ് അപ് ഓണ്‍ എ ടൈം എന്ന പരിപാടിയില്‍ സലിം കുമാര്‍ കൊച്ചിന്‍ ഹനീഫയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു.
read also: വാജ്‌പേയിയായി പങ്കജ് ത്രിപാഠി: ‘മേം അടല്‍ ഹൂ’ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത്
സലിം കുമാറിന്റെ വാക്കുകൾ ഇങ്ങനെ,
‘ഹനീഫിക്കയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പറയാന്‍ ഈ എപ്പിസോഡ് പോര. അത്രയും മാത്രമുണ്ട് ഓര്‍മ്മകള്‍. എന്റെ ജീവിതത്തില്‍ ഇത്രയും നല്ലൊരു മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല. അത്രയും നല്ല മനുഷ്യന്‍. തങ്കപ്പെട്ട സ്വഭാവമെന്നൊക്കെ പറയില്ലേ. അതാണ് കൊച്ചിന്‍ ഹനീഫിക്ക.’
‘കലൂര്‍ സ്റ്റേഡിയത്തില്‍ സിഐഡി മൂസയുടെ ഷൂട്ടിങ് നടക്കുകയാണ്. പാട്ട് സീന്‍ ആണ്. അവര്‍ പൊങ്ങി വരുമ്പോള്‍ ഞാന്‍ ചുറ്റികയ്ക്ക് അടിക്കുന്ന രംഗം. അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു, എടാ ഞാന്‍ അല്‍പം മോശം അവസ്ഥയിലാണ്. അല്‍പം ദുഖകരമായ അവസ്ഥയിലാണ് എന്ന്. ഞാന്‍ എന്താണെന്ന് ചോദിച്ചു. പിന്നെ പറയാം എന്ന് പറഞ്ഞു.’
‘അങ്ങനെ ആ സീനൊക്കെ എടുത്ത് കഴിഞ്ഞ് എല്ലാവരും കൂടി നില്‍ക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു, എന്റെ ഉമ്മ മരിച്ചുപോയെന്ന്. ഞാന്‍ പറയാതിരുന്നതാണ്. എനിക്ക് അറിയാമായിരുന്നു ഉമ്മ മരിക്കുമെന്ന്. അങ്ങനെ അത്രയും ആത്മാര്‍ത്ഥതയുള്ള കലാകാരനാണ് അദ്ദേഹം. മരിച്ചയിടത്ത് ഞങ്ങള്‍ എല്ലാം ചെന്നിരുന്നു. മയ്യത്ത് ചുമന്ന് പള്ളിയിലേക്ക് പോകുമ്പോള്‍ മുന്നില്‍ പിടിച്ചിരുന്നത് ഞാന്‍ തന്നെയാണ്. ഞാന്‍ ആണ് ലാ ഇലാഹ ഇല്ലള്ളാ എന്നൊക്കെ ചൊല്ലി പോകുന്നത്. അങ്ങനെ ഞങ്ങള്‍ പള്ളിയിലെത്തി,’
‘ഞാന്‍ പള്ളിയുടെ ഒരു സൈഡില്‍ നില്‍ക്കുകയാണ്. ആ സമയത്ത് എല്ലാവരും മുഖമൊക്കെ കഴുകുന്നുണ്ട്. വുളുഹ് എടുക്കുകയാണ്. ഫാസില്‍ സാറൊക്കെ ഉണ്ട്. അവരെല്ലാം പള്ളിയിലേക്ക് കയറി. ഞാന്‍ അങ്ങനെ നില്‍ക്കുമ്പോള്‍ ഒരാള്‍ വന്ന് എന്നോട് വുളുഹ് എടുക്കുന്നില്ലെന്ന് ചോദിച്ചു. ഞാന്‍ കരുതി എനിക്കും ചെയ്യാമെന്ന്. അങ്ങനെ മുഖമൊക്കെ കഴുകി. പള്ളിയിൽ നിസ്‌കാരം നടക്കാന്‍ പോവുകയാണ്, ഞാന്‍ ഒന്നും നോക്കിയില്ല പള്ളിയിലേക്ക് കയറാന്‍ ഒരുങ്ങി. അപ്പോഴതാ, മുന്നില്‍ നിന്ന് ഹനീഫിക്ക കൈ കൊണ്ട് കയറല്ലേ കയറല്ലേ എന്ന് കാണിക്കുന്നു. കാരണം ഞാന്‍ ഹിന്ദുവാണ്. ഞാന്‍ പള്ളിയില്‍ കയറിയാല്‍ അതവിടെ പ്രശ്‌നമാകും.’
‘അതെല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ നിന്നോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്ന് ഹനീഫിക്ക പറഞ്ഞു. ഞാന്‍ ചോദിച്ചു, എന്തിനാണ് ഹനീഫിക്ക. ഞാന്‍ ചുമന്ന പോലെ എന്നെ ആരെങ്കിലുമൊക്കെ ചുമക്കേണ്ടതാണെന്ന്. പക്ഷെ എന്നെക്കാള്‍ മുന്നേ ഹനീഫിക്ക പോയി.’
‘ഞാന്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണ്, ഹനീഫിക്ക മരിച്ചിട്ട് ഞാന്‍ കാണാന്‍ പോയില്ല. ടിവി പോലും വെച്ചില്ല. മരിച്ചു കിടക്കുന്നത് കാണാന്‍ എനിക്ക് പറ്റില്ലായിരുന്നു. ഹനീഫിക്ക ഇപ്പോഴും എന്റെ മനസില്‍ മരിച്ചിട്ടില്ല. ഹനീഫിക്കയുടെ എന്ത് കോമഡി കണ്ടാലും എനിക്ക് ചിരി വരും. അദ്ദേഹം മരിച്ച് കിടക്കുന്നത് ഞാന്‍ കണ്ടിരുന്നെങ്കില്‍ ഇന്ന് അദ്ദേഹത്തിന്റെ മുഖം കാണുമ്പോള്‍ ഒരുപക്ഷെ എനിക്ക് ആ മുഖമാകും മനസിലേക്ക് വരിക. ഒരിക്കലും മരിക്കാത്ത ഒരാളായി ഹനീഫിക്ക ഇന്നും എന്റെ മനസിലുണ്ട്.’ സലിം കുമാര്‍ പറഞ്ഞു.
Post Your Comments