CinemaGeneralLatest NewsNEWS

ആഗോള ബോക്‌സോഫീസില്‍ തെന്നിന്ത്യന്‍ ചിത്രങ്ങളുടെ രാജവാഴ്ച: 2022ല്‍ ഏറ്റവും കൂടുതല്‍ പണം വാരിയ 5 സിനിമകള്‍

സിനിമാലോകം ഇന്ത്യയിലൊട്ടാകെ പണം വാരിയ വര്‍ഷമായിരുന്നു 2022. എന്നാൽ, ബോളിവുഡിനും അവിടുത്തെ സൂപ്പര്‍താരങ്ങള്‍ക്കും വമ്പന്‍ പരാജയങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്ന വർഷം കൂടിയായിരുന്നു 2022. ആഗോള തലത്തില്‍ 1000 കോടിയും കടന്ന് ഇന്ത്യന്‍ ബോക്‌സോഫീസിനെ പിടിച്ചുകുലുക്കിയ രണ്ട് വമ്പന്‍ ഹിറ്റുകള്‍ പിറന്നത് കന്നട, തെലുങ്ക് ഇന്‍ഡസ്ട്രികളില്‍ നിന്നാണ്.

അതിലൊന്ന് കെജിഎഫ് ചാപ്റ്റര്‍ 2 ആയിരുന്നു. സംവിധായകന്‍ പ്രശാന്ത് നീലും നായകന്‍ യഷും ഒന്നിച്ചപ്പോള്‍ കന്നട സിനിമയില്‍ നിന്നും വീണ്ടുമൊരു ചരിത്രം പിറന്നു. 100 കോടി മുടക്കി ഹോംബാലെ ഫിലിംസ് നിര്‍മ്മിച്ച സിനിമ 1,250 കോടിയാണ് ആഗോള തലത്തില്‍ നിന്നും വാരിക്കൂട്ടിയത്. 2022ലെ നമ്പര്‍ വണ്‍ ബോക്സോഫീസ് ഹിറ്റും യഷ് ചിത്രമാണ്.

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലാഭം നേടിയ സിനിമകളില്‍ മുന്‍പന്തിയിലാകും കെജിഎഫ് ചാപ്റ്റര്‍ 2ന്റെ സ്ഥാനം. കണക്കുകളിലും ക്വാളിറ്റിയിലും രാജ്യത്ത് ഏറ്റവും താഴെയായിരുന്ന ഒരു ഇന്‍ഡസ്ട്രിയെ കെജിഎഫ് 2022ല്‍ ഏറ്റവും മുകളിലെത്തിച്ചു. കേരളത്തില്‍ നിന്ന് മാത്രം 78 കോടി രൂപയോളമാണ് സിനിമ നേടിയത്.

ബാഹുബലിയുടെ ബ്രഹ്‌മാണ്ഡ വിജയത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്ത സിനിമയാണ് ആർആർആര്‍. 550 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച സിനിമ 1,200 കോടി രൂപയാണ് ആഗോള കളക്ഷന്‍ നേടിയത്. ഏറെക്കാലത്തിന് ശേഷം ഒരു ഇന്ത്യന്‍ ചിത്രം വിദേശ രാജ്യങ്ങളില്‍, പ്രത്യേകിച്ചും അമേരിക്കയിലും ജപ്പാനിലും വലിയ വിജയമാകുന്നത് ആർആർആറിലൂടെയാണ്.

ജൂനിയര്‍ എന്‍ടിആറും രാം ചരണുമാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളായത്. അജയ് ദേവ്ഗണും ആലിയ ഭട്ടും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായിരുന്നു. റേയ് സ്റ്റീവന്‍സണ്‍, ആലിസണ്‍ ഡൂഡി, ഒലിവിയ മോറിസ് എന്നീ ഹോളിവുഡ് താരങ്ങള്‍ സിനിമയില്‍ എത്തിയതും സിനിമയ്ക്ക് ആഗോളതലത്തില്‍ വന്‍ സ്വീകരണം നേടിക്കൊടുത്തിരുന്നു.

മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ 500 കോടിയാണ് ആഗോള തലത്തില്‍ നിന്നും നേടിയത്. 250 കോടിയോളം മുടക്കി മണിരത്‌നം, സുബാസ്‌കരന്‍, സുഹാസിനി മണിരത്‌നം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ എത്തിയ കമല്‍ ഹാസന്‍ ചിത്രം വിക്രം ആഗോള ബോക്‌സോഫീസില്‍ തകർപ്പൻ വിജയമാണ് നേടിയത്.

Read Also:- രഞ്ജിത്ത് ശങ്കറിന്റെ ‘4 ഇയേഴ്സ്’ ഒടിടി റിലീസിനൊരുങ്ങുന്നു

ആഗോള ബോക്‌സോഫീസില്‍ നിന്നും 426 കോടി രൂപയാണ് നേടിയത്. ഏറെക്കാലമായി സിനിമയില്‍ സജീവമല്ലാതിരുന്ന ഉലകനായകന് ഗംഭീരമായ തിരിച്ചു വരവാണ് വിക്രം സമ്മാനിച്ചത്. 410 കോടി രൂപ മുടക്കി കരണ്‍ ജോഹറും സംഘവും നിര്‍മ്മിച്ച്, അയന്‍ മുഖര്‍ജി സംവിധാനം ചെയ്ത ബ്രഹ്‌മാസ്ത്രയാണ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളില്‍ അഞ്ചാമത്. രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും പ്രധാന വേഷങ്ങളിലെത്തിയ സിനിമ 430 കോടി രൂപയാണ് ആഗോള തലത്തില്‍ നേടിയത്. 2022ല്‍ ബോളിവുഡില്‍ വിരലില്‍ എണ്ണാവുന്ന സിനിമകള്‍ മാത്രമാണ് വിജയിച്ചിട്ടുള്ളത്. അതിലൊന്നാണ് ബ്രഹ്‌മാസ്ത്ര.

shortlink

Related Articles

Post Your Comments


Back to top button