‘കാന്താര’ ചിത്രത്തിന്റെ സംവിധായകനും പ്രധാന നടനുമായ റിഷഭ് ഷെട്ടിയെ പ്രശംസിച്ച് ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖി. റിഷഭ് ഷെട്ടിയും നവാസുദ്ദീൻ സിദ്ദിഖിയും പങ്കെടുത്ത ഇന്ത്യാ ടുഡേയുമായി അജണ്ട ആജ് തക് 22ൽ സംസാരിക്കുമ്പോഴാണ് നവാസുദ്ദീൻ സിദ്ദിഖി റിഷഭിനെ പുകഴ്ത്തിയത്. റിഷഭിന്‍റെ വര്‍ക്കുകളില്‍ തനിക്ക് അസൂയയുണ്ടെന്ന് നവാസുദ്ദീൻ പറഞ്ഞു.
‘ആരെങ്കിലും നല്ല ജോലി ചെയ്താൽ തീർച്ചയായും അസൂയയും അതേസമയം മത്സര ബുദ്ധിയും തോന്നും. തീർച്ചയായും, അത് സംഭവിക്കുന്നു, കാരണം റിഷഭ് അത്തരം നല്ല ജോലിയാണ് ചെയ്യുന്നത്, അത് നെഗറ്റീവ് തരത്തിലുള്ള അസൂയയല്ല, മറിച്ച് ഞാൻ കൂടുതല്‍ നന്നായി കഠിനാധ്വാനം ചെയ്യേണ്ടിവരുമെന്ന ബോധമാണ്’ നവാസുദ്ദീൻ സിദ്ദിഖി പറഞ്ഞു.
അതേസമയം, നവാസുദ്ദീൻ സിദ്ദിഖിയുടെ പ്രശംസയ്ക്ക് മറുപടി നൽകാനും റിഷഭ് ഷെട്ടി മറന്നില്ല. ‘ഞാൻ നവാസ് ഭായിയുടെ നിരവധി സിനിമകൾ കണ്ടു. കഠിനാധ്വാനവും പ്രയത്നവും നിറഞ്ഞ അദ്ദേഹത്തിന്റെ യാത്രയും ഞാൻ കണ്ടു. അദ്ദേഹം ഞങ്ങളെപ്പോലെയാണ്. ഞങ്ങൾ സിനിമ പാശ്ചത്തലം ഇല്ലാത്ത മധ്യവർഗക്കാരാണ്’.
‘പക്ഷേ ഞങ്ങൾക്ക് സിനിമയിലേക്ക് വരാനും അതില്‍ വളരാനും ആഗ്രഹമുണ്ടായിരുന്നു. അതിനാല്‍ തന്നെ അദ്ദേഹം ഞങ്ങള്‍ക്ക് പ്രചോദനമാണ്. അദ്ദേഹം നാടകവേദിയിൽ നിന്ന് വന്ന് നിരവധി ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. കന്നഡ സിനിമയിൽ വലിയ ബ്രേക്ക് ലഭിക്കുന്നതിന് മുമ്പ് ഞങ്ങൾ പോലും ഇത്തരം ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. അദ്ദേഹം ഞങ്ങളുടെ സീനിയറാണ്. അദ്ദേഹത്തിന്‍റെ വഴിയിലാണ് ഞങ്ങള്‍’ റിഷഭ് ഷെട്ടി പറഞ്ഞു.
Post Your Comments