ഉണ്ണിയും ബാലയും !
രണ്ടാളും രണ്ട് ധ്രുവങ്ങളാണ്. ! ഇരുവരും പ്രതിനിധാനം ചെയ്യുന്ന തട്ടകം മാത്രമേ ഒന്നായിട്ടുള്ളൂ- സിനിമ! വളർന്നു വന്ന സാഹചര്യം തൊട്ട് സിനിമയിലേയ്ക്ക് രംഗപ്രവേശം ചെയ്ത രീതി വരെ വ്യത്യസ്തമാണ് രണ്ടാളുടെയും. !
നെപ്പോട്ടിസം അരങ്ങു വാഴുന്ന, തൊഴുത്തിൽ കുത്ത് കോമൺ ഫാക്ടറായ ഒരു തൊഴിലിടത്തിൽ ഗോഡ്ഫാദറിന്റെ അകമ്പടിയില്ലാതെ ആകാരഭംഗിയും ആത്മവിശ്വാസവും ഹാർഡ് വർക്കും മാത്രം കൊണ്ട് സിനിമയിൽ അരങ്ങേറ്റം കുറിച്ച മറുനാട്ടിൽ ജനിച്ചു വളർന്ന മലയാളിയായ ഒരു കലാകാരൻ – ഉണ്ണി മുകുന്ദൻ ! തമിഴിലാണ് അരങ്ങേറ്റമെങ്കിലും 2012ൽ ബോംബെ മാർച്ചിലൂടെ മലയാളത്തിലെത്തി പിന്നീട് മല്ലൂ സിംഗ് എന്ന ഹിറ്റിലൂടെ മലയാളികളുടെ മസിൽ അളിയനായ സുന്ദരൻ.!
തമിഴകത്തിൻ്റെ പ്രമുഖ സിനിമാ കമ്പനിയായ അരുണാചല സ്റ്റുഡിയോ കുടുംബത്തിൽ ജനിച്ച, സിനിമ മാത്രം കണ്ടും കേട്ടും വളർന്ന, മുന്നൂറ്റമ്പതോളം സിനിമ സംവിധാനം ചെയ്ത ഒരച്ഛൻ്റെ മകനായ നെപ്പോട്ടിക് തമിഴ് സിനിമാനടൻ – ബാലകുമാർ എന്ന ബാല! 2003 ൽ അൻപ് എന്ന തമിഴ് സിനിമയിലെ നായകനായി രംഗത്തെത്തി. തമിഴിൽ മുന്നേറാൻ കഴിഞ്ഞില്ലെങ്കിലും മലയാളത്തിൽ ലഭിച്ച നല്ല റോളുകളിലൂടെ ആ നടൻ മലയാളികളുടെ ഇഷ്ടനടനായി.
ഉണ്ണിയെന്ന പയ്യന് സിനിമയിൽ ചുവടൊന്ന് പിഴച്ചാൽ താങ്ങി നിറുത്താൻ പോലും ആരുമില്ലെന്ന ബോധ്യം ഉള്ളതിനാൽ Slow and steady wins the race എന്ന പഴഞ്ചൊല്ലിൻ്റെ ചുവട് പിടിച്ച് അയാൾ മുന്നേറി. സിനിമയിൽ അരങ്ങേറി പത്തു വർഷം കൊണ്ട് സ്വന്തമായി പ്രൊഡക്ഷൻ കമ്പനി വരെ അയാൾക്കുണ്ടായെങ്കിൽ അയാൾ വന്ന വഴികളിൽ ശരിയും നന്മയും കുറേപ്പേരുടെ പ്രാർത്ഥനകളും അനുഗ്രഹങ്ങളും ഉണ്ടായിരുന്നുവെന്ന് സത്യം.. അയാൾ മികച്ച നടൻ ഒന്നുമല്ല. എങ്കിലും ഓരോ സിനിമകളിലും അയാൾ അഭിനയത്തിൻ്റെ ഗ്രാഫ് മുകളിലേയ്ക്ക് ഉയർത്താൻ ശ്രമിച്ചുക്കൊണ്ടേയിരുന്നു.
ബാലയെന്ന നടന് സിനിമ എന്നത് കുടുംബകാര്യമായതിനാൽ ഒരു റോളിന് വേണ്ടി അയാൾക്ക് കഠിനാധ്വാനം ഒന്നും ചെയ്യേണ്ടി വന്നിട്ടില്ല. അയാൾ നല്ലൊരു നടൻ തന്നെയാണ് എന്നതിൽ തർക്കവുമില്ല. എങ്കിലും 2003 ൽ കരിയർ ആരംഭിച്ച ഒരു നടൻ, നല്ല സിനിമകളുടെ ഭാഗമായ ഒരാൾ, 2023 ൽ ആവുമ്പോൾ എവിടെ എത്തി നില്ക്കുന്നുവെന്നാലോചിക്കുമ്പോൾ തെറ്റും ശരികേടും എവിടൊക്കെയോ സംഭവിച്ചുവെന്ന് വേണം അനുമാനിക്കാൻ.
2003 ൽ സിനിമയിൽ വന്നൊരാളെ, 2007 മുതൽ മലയാളസിനിമയിലെ മികച്ച ചിത്രങ്ങളുടെ ഭാഗമായ ഒരാളെ പിന്നീട് നമ്മൾ ഓർത്തത് ഒരു ട്രോൾ ഡയലോഗിലൂടെയായിരുന്നു എന്നതാണ് ഒരു സത്യം. ആദ്യ വിവാഹബന്ധം ഒഴിഞ്ഞ വേളയിൽ പഴി മൊത്തം അമൃതയ്ക്ക് നല്കിയതിന് ഒരു കാരണം അയാളോട് മലയാളിക്ക് ഉണ്ടായിരുന്ന ഇഷ്ടം കൊണ്ടു തന്നെയായിരുന്നു. ബാല എന്ന നടനെ മികച്ച നടനായി , നല്ല മനിതനായി കണ്ട അതേ നമ്മൾ പിന്നീട് അയാളെ വെറും ഒരു കോമാളിയായി കാണാൻ തുടങ്ങിയത് അയാൾ പൊതു സമൂഹത്തിൽ അയാളെ പ്രസൻ്റ് ചെയ്ത രീതി കൊണ്ടായിരുന്നു. ചാരിറ്റി ചെയ്യുന്നുണ്ടെങ്കിലും അതെല്ലാം വിളിച്ചു പ്പറയുന്ന രീതി, സഹായം കൊടുത്തത് ഫോട്ടോയും വീഡിയോയും ഇട്ട് പരസ്യപ്പെടുത്തുന്ന രീതി, എന്തിന് സ്വന്തം ദാമ്പത്യത്തെ പോലും പ്രസൻ്റ് ചെയ്യുന്ന രീതി ഒക്കെ കാണുമ്പോൾ ആൾ എന്തോ മാനസികപ്രശ്നം നേരിടുന്ന പോലെ തോന്നിയിട്ടുണ്ട്.
ഇത് ആരെയും പിന്തുണക്കാനുള്ള പോസ്റ്റല്ല. ബാല നടത്തിയ എല്ലാ പ്രസ്താവനകളും കേട്ടു. അതിൽ ചിലത് ലോജിക്ക് ഇല്ലാത്തതായി തോന്നി. ചിലതാകട്ടെ വ്യക്തിഹത്യയും ! ഉണ്ണി നടത്തിയ വാർത്താസമ്മേളനവും കണ്ടു. അതിൽ ഏക വിയോജിപ്പ് തോന്നിയ ഒരു പ്രസ്താവന ബാല എന്ന നടന് ദിവസം 10,000 രൂപയുടെ മാർക്കറ്റേ ഉള്ളുവെന്ന് പറഞ്ഞതിനോടാണ്. ഒരു ട്രോൾ കൊണ്ട് മാത്രം പ്രശസ്തനായ നടനാണ് ബാല എന്ന പ്രസ്താവനയോടാണ്.
ഉണ്ണിയും ബാലയും!
സിനിമ സ്വപ്നമായി കൊണ്ടു നടക്കുന്ന ശരാശരി യുവാക്കൾക്ക് റോൾ മോഡലാക്കാൻ കഴിയുന്ന കലാകാരനാണ് ഉണ്ണി മുകുന്ദൻ. കാരണം അയാൾ ഒറ്റയ്ക്ക് പൊരുതി നേടിയെടുത്തതാണ് ഇക്കാണുന്ന ഉയർച്ച. നടനാവുക എന്ന സ്വപ്നം ചേസ് ചെയ്ത് തെന്നിന്ത്യൻ നടൻ വരെയായി ഇപ്പോൾ സ്വന്തം പ്രൊഡക്ഷൻ കമ്പനി കൂടിയുള്ള ഒരു സാധാരണക്കാരനായ അച്ഛൻ്റെ മകൻ! ഏതൊരു സാധാരണ പയ്യനും താൻ സ്വപ്നം കാണുന്ന ലോകത്ത് എത്താൻ , അവിടെ ചുരുങ്ങിയ നാൾ കൊണ്ട് തന്റേതായ ഒരു സ്ഥാനം നേടാൻ നേർവഴിയും കഠിന പ്രയത്നവും പോസിറ്റിവിറ്റിയും കൊണ്ട് കഴിയുമെന്ന് അയാൾ തെളിയിച്ചു!
ബാല- കുടുംബം വഴി സിനിമയും അഭിനയിക്കാനുള്ള ടാലൻറും ലഭിച്ചിട്ടും അത് മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെ പോയ ഒരു കലാകാരൻ. സമ്പത്തും അവസരവും നിർലോഭം ലഭിച്ചതിനാൽ ഈസി വാക്ക് ഓവറായി കരിയറും ജീവിതവും കണ്ട് ഒന്നിലും എത്താനാവാതെ പകച്ചു നില്ക്കുന്ന ഒരാൾ. അയാളെ തല്ക്കാലം ക്രൂശിക്കാൻ മുതിരുന്നില്ല. പക്ഷേ അയാൾക്ക് സമൂഹത്തിനായി നല്കാൻ ഒരു പോസിറ്റീവ് മെസേജ് പോലുമില്ല.
അഞ്ജു പാർവതി
Post Your Comments