നായകനായും നിർമ്മാതാവായും ശ്രദ്ധ നേടിയ താരമാണ് നടൻ ഉണ്ണിമുകുന്ദൻ. താരം നിർമ്മാതാവി എത്തിയ ഷെഫീക്കിന്റെ സന്തോഷം സിനിമയുടെ അണിയറ പ്രവർത്തകർ പ്രതിഫലം നൽകാതെ വഞ്ചിച്ചുവെന്ന നടൻ ബാലയുടെ ആരോപണത്തിൽ മറുപടിയുമായി ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ ആയ വിനോദ് മംഗലത്ത്.
പ്രതിഫലം വേണ്ടെന്നു പറഞ്ഞ് ഈ ചിത്രത്തിൽ അഭിനയിക്കാൻ തയാറായ നടനാണ് ബാലയെന്നും എന്നിട്ടും രണ്ട് ലക്ഷം രൂപ പ്രതിഫലമായി അദ്ദേഹത്തിന് നൽകിയിരുന്നുവെന്നും വിനോദ് പറയുന്നു. സ്വന്തം സഹോദരനെപ്പോലെ കരുതുന്ന ഉണ്ണി മുകുന്ദന്റെ ചിത്രമാണിതെന്നും ഇതിന് താൻ പൈസ മേടിക്കില്ലെന്നുമായിരുന്നു ബാലയുടെ നിലപാട്. . പിന്നീട് ഡബ്ബിങിനു വന്നുപോയ ശേഷം രണ്ട് ലക്ഷം രൂപ അദ്ദേഹത്തിന് അയച്ചുകൊടുത്തിരുന്നു. ഇപ്പോൾ ബാല ഇങ്ങനെ പറയുന്നതെന്ന് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും വിനോദ് മംഗലത്ത് ഒരു മാധ്യമത്തോട് പറഞ്ഞു.
പ്രതിഫലം നൽകാതെ സിനിമയുടെ നിർമാതാവ് കൂടിയായ ഉണ്ണിമുകുന്ദൻ കബളിപ്പിച്ചുവെന്നാണ് ബാലയുടെ ആരോപണം. ‘അമ്മ’യുടെ പ്രതിനിധിയായ ഇടവേള ബാബുവിനോട് ഇക്കാര്യം സൂചിപ്പിച്ചപ്പോൾ പരാതിപ്പെടാനാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ എവിടെയും പരാതിപ്പെടാൻ താൻ തയാറല്ലെന്നും ഇത് സ്വയം മനുഷ്യൻ തിരിച്ചറിയേണ്ട വസ്തുതയാണെന്നും ബാല പറയുന്നു. ഇതിനു വിനോദിന്റെ മറുപടി ഇങ്ങനെ,
‘ഈ ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ച ഒരാൾക്ക് പോലും പ്രതിഫലം കൊടുക്കാതെ ഇരുന്നിട്ടില്ല. ഇപ്പോൾ സിനിമ ലാഭം ആയതുകൊണ്ടാണ് എല്ലാവരും ഇങ്ങനെ സംസാരിക്കുന്നത് എന്നാണ് തോന്നുന്നത്. ഉണ്ണി മുകുന്ദനാണ് ബാലയെ ചിത്രത്തിനുവേണ്ടി സജസ്റ്റ് ചെയ്യുന്നത്. ലൈൻ പ്രൊഡ്യൂസർ എന്ന നിലയിൽ സിനിമയുടെ തുടക്കത്തിൽ തന്നെ ബാലയുമായി ഞാൻ സംസാരിച്ചിരുന്നു. ഇതാണ് ബജറ്റ് എന്നും ഇത്രയാണ് താങ്കളുടെ പ്രതിഫലം എന്നും ഞാൻ വ്യക്തമായി അദ്ദേഹത്തോട് പറയുകയും ചെയ്തിരുന്നു. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത്, ‘ഇത് ഉണ്ണിയുടെ സിനിമയാണ്. ഉണ്ണി എനിക്ക് വേണ്ടി ഒരുപാട് സഹായങ്ങൾ ചെയ്തിട്ടുണ്ട്. ഇത് സൗഹൃദത്തിന്റെ പുറത്ത് ചെയ്യുന്ന ഒരു സിനിമയാണ്. ഉണ്ണിയുടെ സുഹൃത്ത് എന്ന നിലയിൽ എനിക്ക് പ്രതിഫലം പോലും വേണ്ട.’ എന്നാണ്.
20 ദിവസത്തോളം ആ സിനിമയ്ക്ക് വേണ്ടി അദ്ദേഹം വർക്ക് ചെയ്തിരുന്നു. അദ്ദേഹത്തിന് വേണ്ട എല്ലാ കാര്യങ്ങളും ഞങ്ങൾ ചെയ്ത് കൊടുത്തു. ഡബ്ബിങ്ങിനു വന്നപ്പോഴും ഞാൻ അദ്ദേഹത്തോട് പെയ്മെന്റ് എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചിരുന്നു. അപ്പോഴും അദ്ദേഹം സുഹൃത്തിന്റെ സിനിമയാണ്, എന്റെ ബ്രദറിന്റെ സിനിമയാണ്, എനിക്ക് പ്രതിഫലം വേണ്ട. സിനിമ നന്നായി വരട്ടെ എന്നു പറഞ്ഞു അനുഗ്രഹിച്ച് പോയി. എന്നിട്ടും ലൈൻ പ്രൊഡ്യൂസർ എന്ന നിലയിൽ ഡബ്ബിങ് കഴിഞ്ഞ ഉടനെ രണ്ട് ലക്ഷം രൂപ ഞാൻ അദ്ദേഹത്തിന് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. പക്ഷേ ഇപ്പോൾ എന്താണ് അദ്ദേഹം ഇങ്ങനെ പറയുന്നത് എന്ന് അറിയില്ല. അദ്ദേഹത്തിന് വേണമെങ്കിൽ എന്നെ നേരിട്ട് വിളിച്ചു സംസാരിക്കാമായിരുന്നു. അല്ലെങ്കിൽ പ്രൊഡ്യൂസറെ തന്നെ നേരിട്ട് വിളിക്കാമായിരുന്നു. ഇതൊന്നും ചെയ്യാതെയാണ് അദ്ദേഹമിപ്പോൾ ഇങ്ങനെ പ്രതികരിച്ചിരിക്കുന്നത്. ചിലപ്പോൾ സിനിമ നന്നായി പോകുന്നത് കൊണ്ടാവും. പത്ത്–പതിനഞ്ച് വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന ഒരാളാണ് ഞാൻ. അദ്ദേഹം നല്ലൊരു ക്യാരക്ടർ വേഷമാണ് ഈ സിനിമയിൽ ചെയ്തത്. അത് നന്നായി വരികയും ചെയ്തു. അതിലൊക്കെ അദ്ദേഹത്തോട് എനിക്ക് ഒരുപാട് ബഹുമാനവും സന്തോഷവുമുണ്ട്. ഇപ്പോൾ എന്താണ് അദ്ദേഹം ഇങ്ങനെ സംസാരിക്കുന്നത് എന്ന് അറിയില്ല. എന്തായാലും അദ്ദേഹത്തിന് ‘ഓൾ ദ് ബെസ്റ്റ്’ പറയുകയാണ്.
റാം എന്ന സിനിമയുമായി ബന്ധപ്പെട്ട് ഞാൻ മൊറോക്കോയിൽ ആയിരുന്നു. ഇപ്പോൾ നാട്ടിൽ വന്നതേയുള്ളൂ. അപ്പോഴാണ് ഞാനിത് അറിയുന്നത്. അദ്ദേഹത്തെ ഞാൻ നേരിട്ട് വിളിക്കാൻ ഇരിക്കുന്നതേയുള്ളൂ. ഒരു സിനിമ ചെയ്യുമ്പോൾ ഒരിക്കലും അതിന്റെ ലാഭവിഹിതം നോക്കിയല്ല ടെക്നീഷ്യൻസിനെ തിരഞ്ഞെടുക്കുന്നത്. അവർ ആവശ്യപ്പെടുന്ന തുക അവർക്ക് കൊടുക്കുക എന്നതാണ് ചെയ്യുന്നത്. എന്നാൽ തങ്ങൾ ചെയ്യുന്ന സിനിമയിൽ ഒരു നഷ്ടം വന്നു കഴിഞ്ഞാൽ ആരും ആ വിഹിതം എടുക്കാറുമില്ല. ടെക്നീഷ്യന്മാരിൽ ഒരാൾ പോലും പണം തിരിച്ചു തരികയോ ഒന്നും ചെയ്യാറില്ല.
ഇതിൽ വർക്ക് ചെയ്ത ആരെങ്കിലും ഒരാൾ പ്രതിഫലം കിട്ടിയിട്ടില്ല എന്ന് വന്നു പറഞ്ഞാൽ അവർക്ക് ഡബിൾ പെയ്മെന്റ് കൊടുക്കാൻ ഞാൻ തയാറാണ്. ആരെങ്കിലും ഒരാൾ എനിക്ക് പേയ്മെന്റ് കിട്ടിയിട്ടില്ല എന്ന് പറഞ്ഞാൽ അതിന്റെ ഉത്തരവാദിത്വം എനിക്കാണ്. ഇത് ഉറപ്പിച്ചു പറയാൻ കാരണം അവർക്ക് പെയ്മെന്റ് കൊടുത്തതിന്റെ എല്ലാ രേഖകളും എന്റെ കയ്യിൽ ഉണ്ട്. ബാങ്ക് സ്റ്റേറ്റ്മെന്റ് എടുക്കാൻ ഞാൻ തയാറാണ്. അത് പരിശോധിച്ചാൽ മനസ്സിലാവുന്നതേയുള്ളൂ.
എന്നാൽ ചിലരോട്, പറഞ്ഞതിൽ നിന്നും കുറച്ചു തുക കുറച്ചു കൊടുക്കേണ്ടി വന്നിട്ടുണ്ട്. അതും അവരോട് നേരിട്ട് ചോദിച്ചു അനുവാദം മേടിച്ചതിന് ശേഷം മാത്രമാണ് അങ്ങനെ ചെയ്തിട്ടുമുള്ളത്. അവരിൽ പലരും സ്വമനസ്സാലെ പൈസ കുറച്ചു തന്നിട്ടുമുണ്ട്. വർക്ക് കഴിഞ്ഞ് പെയ്മെന്റ് വേണമെന്ന് പറഞ്ഞവർക്ക് അപ്പോൾ തന്നെ പൈസ കൊടുത്തിട്ടുമുണ്ട്.
കടപ്പാട് : മനോരമ
Post Your Comments