മുംബൈ: ബോളിവുഡ് ചിത്രം കശ്മീർ ഫയലുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ പ്രതികരിച്ച് മിഡ്വെസ്റ്റ് ഇന്ത്യയിലേക്കുള്ള ഇസ്രായേൽ കോൺസൽ ജനറൽ കോബി ഷോഷാനി. വിവാദം ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് ചെയ്യുകയെന്ന് കോബി ഷോഷാനി പറഞ്ഞു. മുംബൈയില്‍ നടൻ അനുപം ഖേറിനോടൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് ഷോഷാനി ഇക്കാര്യം വ്യക്തമാക്കിയത്.
‘കശ്മീർ ഫയൽസ്’ എന്ന ചിത്രം ഒരു പ്രൊപ്പഗണ്ടയല്ലെന്നും മറിച്ച് കശ്മീരിലെ ജനങ്ങളുടെ കഷ്ടപ്പാടുകൾക്ക് ഇടം നൽകുന്ന ശക്തമായ സിനിമയാണെന്നും കോബി ഷോഷാനി വ്യക്തമാക്കി. ‘വാര്‍ത്തകള്‍ പുറത്ത് വന്നതിന് ശേഷം ആദ്യം രാവിലെ ഞാൻ വിളിച്ചത് സുഹൃത്തായ അനുപം ഖേറിനെയാണ്, ക്ഷമ ചോദിക്കാൻ വേണ്ടിയായിരുന്നു അത്. വ്യക്തിപരമായ അഭിപ്രായം മാത്രമായ പ്രസംഗത്തെക്കുറിച്ച് ഞാന്‍ മാപ്പ് പറഞ്ഞു,’ കോബി ഷോഷാനി പറഞ്ഞു.
ഐഎഫ്എഫ്ഐ ചടങ്ങില്‍ ജൂറി ചെയര്മാന് ലാപിഡിന്റെ ‘കശ്മീർ ഫയല്‍’ സംബന്ധിച്ച പരാമർശം ഔദ്യോഗികമായോ അനൗദ്യോഗികമായോ ഇസ്രായേലുമായി ഒരു ബന്ധവുമില്ലെന്നും ശോഷാനി വ്യക്തമാക്കി.
ഇസ്രയേലി സംവിധായകനും ഐഎഫ്എഫ്ഐ ജൂറി ചെയര്‍മാനുമായ നാദവ് ലാപിഡിന്റെ പരാമര്‍ശനത്തില്‍ അദ്ദേഹം സ്വയം ലജ്ജിക്കണമെന്ന് ഇസ്രയേല്‍ അംബാസിഡര്‍ നഓർ ഗിലോൺ വിമര്‍ശിച്ചു. രാജ്യാന്തര ചലച്ചിത്രോത്സവ ജൂറി അധ്യക്ഷ പദവിയിലേക്ക് ക്ഷണിച്ചത് ഇന്ത്യക്ക് ഇസ്രയേലിനോടുള്ള സ്നേഹത്തിന്റെ അടിസ്ഥാനത്തിലാണെന്നും എന്നാൽ പദവി നദാവ് ദുരുപയോഗം ചെയ്തുവെന്നും നഓർ ഗിലോണ്‍ പറഞ്ഞു.
ഗോവയില്‍ നടന്ന ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തില്‍ കശ്മിര് ഫയല്‍സ് കണ്ടിട്ട് അസ്വസ്ഥയും നടുക്കവുമുണ്ടായെന്ന് ഇസ്രയേലി സംവിധായകനായ നാദവ് ലാപിഡ് ചലച്ചിത്രോത്സവത്തിന്റെ സമാപന വേദിയില്‍ വച്ച് വിമര്‍ശിച്ചിരുന്നു. ഒരു പ്രൊപ്പഗണ്ട ചിത്രമായാണ് ‘ദ കശ്മിര് ഫയല്‍സ്’ തോന്നിയതെന്നും നാദവ് ലാപിഡ് പറഞ്ഞിരുന്നു.
Post Your Comments