താന്‍ സജീവമായിരുന്ന കാലത്തെ പോലെയല്ല ഇന്നത്തെ സിനിമയിലെ കോമഡികളെന്ന് നടൻ ഹരിശ്രീ അശോകന്‍. മൂന്ന് സിനിമകളുടെ കഥ തന്നോട് പറഞ്ഞിരുന്നുവെന്നും ഇഷ്ടമാവാത്തത് കൊണ്ടാണ് ഒഴിവാക്കിയതെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു.
‘പണ്ട് ഞാന്‍ സജീവമായ കാലത്തെ പോലെ അല്ല ഇന്നത്തെ സിനിമകള്‍. മൂന്ന് സിനിമകളുടെ കഥ എന്നോട് പറഞ്ഞു. പക്ഷേ എനിക്ക് ഇഷ്ടമായില്ല. ഒരു സിനിമ എന്ന നിലയില്‍ അതിലെ കഥാപാത്രങ്ങളും കഥയും ഇഷ്ടപ്പെട്ടില്ല. കോമഡി എനിക്ക് അത്രയും ഇഷ്ടമുള്ളതാണ്. സീരിയസ് വേഷങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നുണ്ടെന്ന് വച്ച് കോമഡി ചെയ്യാതിരിക്കില്ല’.
‘നല്ല കോമഡികള്‍ വന്നാല്‍ ചെയ്യും. എനിക്ക് വന്ന കഥകള്‍ ഇഷ്ടമാവാത്തത് കൊണ്ടാണ് ഒഴിവാക്കിയത്. കോമഡിയില്‍ നിന്നും മനപൂര്‍വ്വം മാറിയതല്ല. പണ്ട് ഞാന്‍ ഓടി നടന്ന് സിനിമകള്‍ ചെയ്യാറുണ്ടായിരുന്നു. ഇന്ന് അങ്ങനെ ചെയ്യുന്നില്ല. ഒരു ദിവസം മൂന്ന് സിനിമയിലൊക്കെ മുമ്പ് അഭിനയിച്ചിട്ടുണ്ട്. ഇന്ന് അതിന് പറ്റുന്നില്ല’.
Read Also:- നസ്‍ലെനൊപ്പം ദിലീഷ് പോത്തനും: പുതിയ ചിത്രം പ്രഖ്യാപിച്ച് ഗിരീഷ് എഡി
‘അടുത്ത കാലത്തായി കുറച്ചെങ്കിലും കോമഡിയുള്ള കഥാപാത്രത്തെ ഞാന്‍ ചെയ്തത് ‘പ്രിയന്‍ ഓട്ടത്തിലാണ്’ എന്ന സിനിമയിലാണ്. പണ്ടത്തെ ബഹളന്‍ കോമഡികള്‍ ഇന്നില്ല. സിമ്പിളായ കോമഡികളാണുള്ളത്. വളരെ നാച്ചുറലായിട്ടാണ് ഇന്നത്തെ കോമഡികളുള്ളത്. കാലഘട്ടത്തിന് അനുസരിച്ച് ഇന്നത്തെ കോമഡികളില്‍ മാറ്റമുണ്ട്. ഒരിക്കല്‍ എന്നോട് ഒരു സംവിധായകന്‍ അശ്ലീല കോമഡി പറയാന്‍ പറഞ്ഞിരുന്നു. അത് വേണോ ഒഴിവാക്കിക്കൂടെയെന്ന് ഞാൻ ചോദിച്ചു. അതിന്റെ ഫലമായി അത് മാറ്റേണ്ടിവന്നു’ ഹരിശ്രീ അശോകന്‍ പറഞ്ഞു.
Post Your Comments