മുംബൈ: സൈന്യത്തിന് എതിരായ ബോളിവുഡ് നടി റിച്ച ഛദ്ദയുടെ പരിഹാസത്തിന് മറുപടിയുമായി നടൻ അക്ഷയ് കുമാർ രംഗത്ത്. റിച്ചയുടെ പരാമർശം കാണുമ്പോൾ വിഷമം തോന്നുന്നുവെന്നും സായുധ സേനയോട് ഒരിക്കലും ഇത്തരത്തിൽ പെരുമാറരുതെന്നും അക്ഷയ് കുമാർ ട്വിറ്ററിൽ കുറിച്ചു. പാക് അധീന കശ്മീർ തിരിച്ചു പിടിക്കുമെന്ന ഉന്നത സൈനിക ഉദ്യോഗസ്ഥന്റെ പ്രസ്താവനയെ പരിഹസിച്ചാണ് റിച്ച ഛദ്ദ പരാമർശഗം നടത്തിയത്. റിച്ചയുടെ പ്രസ്താവന വിവാദമായതോടെ പിൻവലിച്ചിരുന്നു.
പാക് അധീന കശ്മീരിനെ തിരിച്ചു പിടിക്കാൻ ഞങ്ങൾ പൂർണ്ണമായും തയ്യാറാണെന്നും സർക്കാരിന്റെ ഉത്തരവിനായി കാത്തിരിക്കുന്നുവെന്നും കഴിഞ്ഞ ദിവസം നോർത്തേൺ ആർമി കമാൻഡർ ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കിയിരുന്നു. ഇത് പങ്കുവെച്ചു കൊണ്ട് പരിഹാസപൂർവ്വം ‘ഗൽവാൻ സേയ്സ് ഹായ്’ എന്നാണ് റിച്ച ട്വിറ്ററിൽ കുറിച്ചത്. 2020ൽ ചൈനീസ് സൈന്യവുമായി നടന്ന ഗൽവാൻ സംഘർശം പരാമർശിച്ചാണ് റിച്ച പരിഹാസം നടത്തിയത്. ഈ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു.
റിച്ചയുടെ പരിഹാസത്തിന് പിന്നാലെ, പരാമർശം സൈന്യത്തിനെതിരാണെന്ന് ആരോപിച്ച് നിരവധി പേരാണ് എത്തിയത്. ഇതിന് പിന്നാലെ റിച്ച ക്ഷമാപണവുമായി രംഗത്ത് വന്നു. ആരേയും വേദനിപ്പിക്കണമെന്ന ഉദ്ദേശം തനിക്കില്ലെന്നും തന്റെ പരാമർശം സൈന്യത്തിലെ സഹോദരന്മാരെ വേദനിപ്പിച്ചതിൽ ദുഃഖമുണ്ടെന്നും താരം വ്യക്തമാക്കി.
Post Your Comments